നഗരത്തെ ഇളക്കിമറിച്ച് സൗത്ത് ഇന്ത്യൻ ഡർബി

-കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്.സി മത്സരം ഏറ്റെടുത്ത് ആരാധകക്കൂട്ടം ബംഗളൂരു: ജയിക്കാനായില്ലെങ്കിലും നല്ലൊര ു മത്സരം കണ്ട ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിൻെറ ആരാധകർ കണ്ഠീരവ സ്റ്റേഡിയം വിട്ടത്. ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാനാകാതെയാണ് രണ്ടാം ഹോം ഗ്രൗണ്ടെന്ന വിശേഷണമുള്ള ബംഗളൂരുവിൽനിന്നും ബ്ലാസ്റ്റേഴ്സ് മടങ്ങിയത്. ഒരു ഗോളിന് ബി.എഫ്.സിയോട് പരാജയപ്പെട്ടതിൻെറ നിരാശ മഞ്ഞപ്പട ആരാധകർ പ്രകടിപ്പിച്ചെങ്കിലും കളി നിരാശപ്പെടുത്തിയില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. വള്ളം കളി മത്സരത്തെ അനുസ്മരിച്ച് ആർപ്പുവിളിയും തിത്തിത്താരാ വിളികളുമായാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഗാലറിയിൽ നിറഞ്ഞത്. കണ്ഠീരവയിൽ നിറഞ്ഞ 27,082 കാണികളിൽ 60 ശതമാനത്തിലധികം പേരും മഞ്ഞപ്പടയുടെ ആരാധകരായിരുന്നു. കണ്ഠീരവയെ മഞ്ഞക്കടലാക്കിയ മത്സരത്തിൻെറ ഓരോ നിമിഷത്തിലും ആവേശം നിറഞ്ഞു. രണ്ടാം പകുതിയിൽ ഛേത്രിയുടെ ഗോളിൽ ബംഗളൂരു മുന്നിലെത്തിയതോടെയാണ് മഞ്ഞക്കടൽ നിശ്ശബ്ദമായത്. ശനിയാഴ്ച വൈകീട്ട് മുതൽ ബംഗളൂരു നഗരത്തിലെ കണ്ഠീരവ സ്റ്റേഡിയവും സമീപ പ്രദേശവും മഞ്ഞയിലും നീലയിലും മുങ്ങിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഇടവേളക്കു വിരാമമിട്ടുള്ള ആദ്യ മത്സരമായ സൗത്ത് ഇന്ത്യൻ ഡർബിക്കായി കാത്തിരുന്ന ആരാധക കൂട്ടങ്ങൾ ശരിക്കും ആഘോഷലഹരിയിലായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൻെറ രണ്ടാം ഹോം ഗ്രൗണ്ടെന്ന വിശേഷണമുള്ള ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് വൈകീട്ട് മുതൽ തന്നെ മഞ്ഞപ്പട ആരാധകരെത്തിയിരുന്നു. മഞ്ഞപ്പടക്ക് മറുപടിയുമായി തങ്ങളുടെ സ്വന്തം ടീമിനെ പിന്തുണക്കാൻ ഒരുങ്ങി തന്നെയായിരുന്നു വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ബംഗളൂരു എഫ്.സിയുടെ ആരാധകക്കൂട്ടവും എത്തിയിരുന്നത്. ബംഗളൂരു എഫ്.സിക്കെതിരെ ഒരു മത്സരം പോലും ജയിക്കാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണയും അതിന് കഴിഞ്ഞില്ല. മത്സരത്തിനുമുമ്പ് തന്നെ ട്രോളുകളും ആരാധകർ തമ്മിലുള്ള ട്വിറ്റർ പോരും സജീവമായിരുന്നു. കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്കുമുേമ്പ തന്നെ നോർത്ത് അപ്പർ, നോർത്ത് ലോവർ, ഈസ്റ്റ് ലോവർ ബി തുടങ്ങിയ ഇടങ്ങളിൽ മഞ്ഞപ്പട ആരാധക കൂട്ടം ബ്ലാസ്റ്റേഴ്സിൻെറ ചാൻറുകളുമായി അരങ്ങുതകർത്തപ്പോൾ വെസ്റ്റ് ബ്ലോക്ക് എയിലെ നീലപ്പടയുടെ ആരാധകരും വെറുതെയിരുന്നില്ല. കളിയുടെ ഒരോ നിമിഷങ്ങളിലും തങ്ങളുടെ ടീമിനെ പിന്തുണക്കാൻ ഇരു ആരാധകക്കൂട്ടവും മത്സരിച്ചു. സമൂഹമാധ്യമങ്ങളിലെ വാക്ക്പോരിൻെറ ആവേശത്തിലാണ് മഞ്ഞപ്പടയുടെയും നീലപ്പടയുടെയും ആരാധകർ ഗാലറികളിലേക്കെത്തിയത്. എട്ടുമാസം ഗർഭിണിയായ മേഘ്ന നായരും ഭർത്താവും മലയാളിയുമായ സൂരജ് നായരും ബി.എഫ്.സി മാനേജമൻെറിൻെറ ക്ഷണപ്രകാരം ഓണേഴ്സ് ബോക്സിലിരുന്നാണ് ഇഷ്ട ടീമായ ബംഗളൂരു എഫ്.സിയുടെ കളി കണ്ടത്. കരുത്തുതെളിയിച്ച് ആരാധക റാലി മത്സരഫലമെന്തായാലും ടീമിനൊപ്പം ഞങ്ങളുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് നഗരത്തെ ആവേശത്തിലാഴ്ത്തി മഞ്ഞപ്പട ബംഗളൂരു വിങ്ങിൻെറ നേതൃത്വത്തിൽ കബൻ പാർക്കിൽനിന്നും സ്റ്റേഡിയം റൗണ്ടിലേക്ക് റാലി നടത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിനുശേഷം കബൻ പാർക്കിൽനിന്നും റാലിയായി മഞ്ഞപ്പടയുടെ സ്വന്തം ആരാധകർ സ്റ്റേഡിയം റൗണ്ടിലെത്തി. അതിനുശേഷമാണ് ആർപ്പുവിളികളോടെ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. ബംഗളൂരുവിൻെറ ആദ്യ സീസണിൽ നടന്ന മത്സരത്തിൽ 90 മിനിറ്റു കടന്നശേഷമാണ് മഞ്ഞപ്പടയുടെ ആരാധകരെ കണ്ണീരാഴ്ത്തി ബംഗളൂരുവിൻെറ മിക്കുവും ഉദാന്ത സിങ്ങും ഗോളടിക്കുന്നത്. കഴിഞ്ഞവർഷം നടന്ന മത്സരത്തിൽ ആവേശ സമനിലയിലാണ് (2-2) കലാശിച്ചത്. അതിനാൽ തന്നെ ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, വിജയം സമ്മാനിക്കാൻ ടീമിനായില്ല. ബി.എഫ്.സിയുടെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും റാലിയായാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇരു ടീമുകളുടെ ആരാധകരും തങ്ങളുടെ താരങ്ങളെ പിന്തുണക്കുന്നതിനായി പ്രത്യേക ചാൻറുകൾ ചൊല്ലിയാണ് ടീമുകളെ സ്വീകരിച്ചത്. കളിയാവേശത്തിൽ ആറാടി കണ്ഠീരവ കനത്ത സുരക്ഷാവലയത്തിലാണ് മത്സരം നടന്നത്. രാവിലെമുതൽതന്നെ സ്റ്റേഡിയത്തിന് ചുറ്റുമായി പ്രത്യേക പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. വൈകീട്ട് 5.30നുശേഷം കൃത്യമായ പരിശോധനയിലൂടെയാണ് ആരാധകരെ സ്റ്റേഡിയത്തിലേക്ക് കടത്തിവിട്ടത്. സ്റ്റേഡിയത്തിന് സമീപം പാർക്കിങ്ങും അനുവദിച്ചിരുന്നില്ല. വൈകീട്ട് ആറിനുശേഷം തന്നെ കണ്ഠീരവ സ്റ്റേഡിയത്തിൻെറ ഭാഗത്തുള്ള റോഡുകളിലെല്ലാം ഗതാഗതക്കുരുക്കും രൂക്ഷമായിരിരുന്നു. സ്റ്റേഡിയത്തിൻെറ ഭൂരിഭാഗം സ്റ്റാൻഡുകളും 6.30ഒാടെ തന്നെ നിറഞ്ഞിരുന്നു. 7.30ന് മത്സരം തുടങ്ങിയതോടെ ആവേശം മുറുകി. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സ്റ്റേഡിയം നിറഞ്ഞിരുന്നു. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ഏറ്റവും കൂടുതൽ ആരാധകർ എത്തിയതും ഇത്തവണയാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള മഞ്ഞപ്പടയുടെ ആരാധകരും ബംഗളൂരുവിലെ മഞ്ഞപ്പടയുടെ ആരാധകരും ചേർന്നപ്പോൾ മഞ്ഞക്കടലായി കണ്ഠീരവ മാറി. കളികാണാൻ കേരളത്തിൽനിന്നു മാത്രം 4000ത്തിലധികം പേരാണ് എത്തിയത്. ബംഗളൂരുവിലെ മലയാളികൾ ഉൾപ്പെടെ ആരാധകരായുള്ള ബംഗളൂരു എഫ്.സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും മോശമാക്കിയില്ല. ഗാലറിയുടെ ഒരു വശം നീലപ്പടയുടെ ആരാധകരാലും മറുതലക്കൽ മഞ്ഞപ്പടയുടെ ആരാധകരാലും നിറഞ്ഞിരുന്നു. യുവർ ഫോർട്രസ് അവർ ഹോം യുവർ ഫോർട്രസ് അവർ ഹോം (നിങ്ങളുടെ കോട്ട ഞങ്ങൾക്ക് സ്വന്തം വീട്) എന്ന കൂറ്റൻ ബാനറാണ് മഞ്ഞപ്പട നോർത്ത് അപ്പർ സ്റ്റാൻഡിൽ പ്രദർശിപ്പിച്ചത്. മഞ്ഞപ്പടയുടെ രണ്ടാം ഹോം ഗ്രൗണ്ട്, മഞ്ഞപ്പട തുടങ്ങിയ ബാനറുകളും നിറഞ്ഞുനിന്നു. ബ്ലു ഫയർ എന്ന പടുകൂറ്റൻ ബാനറുമായാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എത്തിയത്. കളിയുടെ ഇടയിൽ മൊബൈൽ ഫ്ലാഷ് ലൈറ്റിട്ടും കൈയടിച്ചും ടീമുകൾക്ക് പിന്തുണ നൽകി. രണ്ടാം പകുതിയിൽ സഹലിനെ ഇറക്കണമെന്ന് ഉറക്കെ പറയാനും മഞ്ഞപ്പട ആരാധകർ മറന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.