-ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിൻെറ ഇരട്ടി നൽകേണ്ടിവരും ബംഗളൂരു: ദേശീയപാതകളിലെ ടോൾ പ്ലാസകൾ കടക്കണമെങ്കിൽ ഇനി മുതൽ 'ഫാസ്ടാഗ്' നിർബന്ധം. ഡിസംബർ ഒന്ന് മുതൽ ഫാസ്ടാഗ് എടുത്തില്ലെങ്കിൽ ടോൾ പ്ലാസ കടക്കുമ്പോൾ ടോൾ തുകയുടെ ഇരട്ടി ഈടാക്കുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. രാജ്യവ്യാപകമായാണ് ഇത് നടപ്പാക്കുന്നത്. അതിനാൽത്തന്നെ കർണാടകയിലെ ടോൾ പ്ലാസകളിലും ഫാസ്ടാഗ് നിർബന്ധമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ദേശീയപാത അതോറിറ്റിയുടെ ബംഗളൂരുവിലെ റീജനൽ ഒാഫിസർ ആർ.കെ. സുര്യവാൻഷി പറഞ്ഞു. ടോൾ തുക മുൻകൂറായി അടച്ച പ്രീപെയ്ഡ് സിംകാർഡ് പോലുള്ള റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ കാർഡാണ് ഫാസ്ടാഗ്. മാഗ്നറ്റിക് ചിപ്പുള്ള ഈ കാർഡ് വാഹനങ്ങളുടെ വിൻഡ്ഷീൾഡിലാണ് പതിപ്പിക്കുക. ഒാരോ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോഴും അവിടത്തെ റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ സംവിധാനം ചിപ്പിലെ വിവരങ്ങൾ വായിച്ചെടുത്ത് കാർഡിൽനിന്നും ഒാൺലൈനായി പണം തത്സമയം ഈടാക്കും. ടോൾ പ്ലാസകളിലെ ഫാസ്ടാഗ് പാതയിൽ ഫാസ്ടാഗ് ഇല്ലാതെ കയറുന്ന ഏതുവാഹനത്തിൽനിന്നും പിഴ ഈടാക്കാനാണ് തീരുമാനം. നിലവിൽ മിക്ക ടോൾപ്ലാസകളിലും ഒരു ഫാസ്ടാഗ് കൗണ്ടർ മാത്രമാണുള്ളത്. ഡിസംബർ ഒന്നു മുതൽ ഒരു കാഷ് കൗണ്ടർ ഒഴികെ ബാക്കിയെല്ലാം ഫാസ്ടാഗ് കൗണ്ടറുകളാക്കും. ഫാസ്ടാഗ് ഇല്ലാത്തവർ ഒേരയൊരു കാഷ് കൗണ്ടറിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിയുംവരും. നിലവിൽ സംസ്ഥാനത്തെ എല്ലാ ടോൾ പ്ലാസകളിലും ഫാസ്ടാഗ് സേവനകേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിൽനിന്ന് ഫാസ്ടാഗ് സംവിധാനവുമായി സഹകരിക്കുന്ന ബാങ്കുകളിൽനിന്നും മുൻകൂർ പണമടച്ച് ഫാസ്ടാഗ് വാങ്ങാവുന്നതാണ്. ചെറുവാഹനങ്ങളുടെ ഫാസ്ടാഗിന് 500 രൂപയും വലിയ വാഹനങ്ങളുടേതിന് 600 രൂപയുമാണ് വില. ഇതിൽ 200 രൂപ ടോൾ തുകയായി അവശേഷിക്കും. ഇത് കാർഡിലുണ്ടാകേണ്ട ഏറ്റവും കുറഞ്ഞ തുകയാണ്. ഒാൺലൈൻ ആയി ഫാസ്ടാഗ് റീച്ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫാസ്ടാഗിലൂടെ ടോൾ പ്ലാസകളിൽ കാത്തുനിൽക്കാതെ വേഗത്തിൽ പോകാനാകും. എന്നാൽ, ഫാസ്ടാഗിൻെറ മറവിൽ വൻകൊള്ള നടത്താനാണ് അധികൃതർ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഫാസ്ടാഗ് വാങ്ങുന്നതിനായി ഈടാക്കുന്ന തുക കൂടുതലാണെന്ന ആക്ഷേപവും ഉണ്ട്. സംസ്ഥാനത്തെ ദേശീയപാത അതോറ്റിറ്റിയുടെ കീഴിലുള്ള ടോൾ പ്ലാസകൾ, ആർ.ടി.ഒാഫിസുകൾ, ബാങ്കുകൾ, ട്രാൻസ്പോർട്ട് ഹബുകൾ, തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ തുടങ്ങിയ വിവിധയിടങ്ങളിൽ ഫാസ്ടാഗ് ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കാർ, ജീപ്പ് തുടങ്ങിയ ചെറു വാഹനങ്ങളുടെ ഫാസ്ടാഗ് ആമസോൺ വഴിയോ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, ആക്സിസ്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളുടെ വെബ്സൈറ്റ്, പേടിഎം എന്നിവ വഴി ഒാൺലൈൻ വഴിയും വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് www.ihmcl.com സന്ദർശിക്കുക. ബട്ടർഫ്രൂട്ട് വില കുതിച്ചുയരുന്നു -ഒരു കിലോക്ക് 80 രൂപയിൽനിന്നാണ് 300 രൂപയായി ഉയർന്നത് ബംഗളൂരു: പഴവർഗങ്ങളിൽ ഏറെ ജനപ്രിയമായ ബട്ടർഫ്രൂട്ടിൻെറ വില കേട്ടാൽ ആരും മൂക്കത്തു വിരൽ വെച്ചുപോകും. ബട്ടർഫ്രൂട്ട് എന്ന് പൊതുവേ അറിയപ്പെടുന്ന 'അവോകാഡോ' ഒരു കിലോ ലഭിക്കണമെങ്കിൽ ബംഗളൂരുവിൽ 300 രൂപ വരെ നൽകണം. നേരേത്ത 80 രൂപയായിരുന്നു ബട്ടർഫ്രൂട്ടിൻെറ വിലയെങ്കിൽ ആവശ്യക്കാർ ഏറിയതോടെയാണ് വില വർധിച്ചത്. ബട്ടർഫ്രൂട്ട് ജ്യൂസ് ഏറെ പോഷക ഗുണമുള്ളതാണ്. അതിനാൽത്തന്നെ ഇതിന് ആവശ്യക്കാരും ഏറെയാണ്. ശരീരത്തിലെ കൊഴുപ്പ് ഉൾപ്പെടെ നിയന്ത്രിക്കാൻ കഴിയുന്ന ബട്ടർഫ്രൂട്ട് ചർമ സംരക്ഷണത്തിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം ബംഗളൂരുവിൽ ഉൾപ്പെടെ 60 രൂപമുതൽ 80 രൂപവരെ നൽകിയാൽ ഒരു കിലോ ബട്ടർ ഫ്രൂട്ട് ലഭിക്കുമായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ 180 രൂപയായിരുന്നു വില. അതാണിപ്പോൾ 260 രൂപമുതൽ 300 രൂപവരെ എത്തിനിൽക്കുന്നത്. ഒാരോ ഘട്ടമായാണ് ബട്ടർ ഫ്രൂട്ടിൻെറ വില വർധിച്ചിരിക്കുന്നത്. ആവശ്യക്കാർ ഏറിയതും ബട്ടർ ഫ്രൂട്ടിൻെറ ലഭ്യതക്കുറവും വിലവർധിക്കാൻ കാരണമായി. തമിഴ്നാട്, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂൺ, സെപ്റ്റംബർ മാസങ്ങളിലാണ് ബട്ടർഫ്രൂട്ട് വളരുന്നത്. പല ഡയറ്റീഷ്യന്മാരും ബട്ടർഫ്രൂട്ടിൻെറ ഉപയോഗം വർധിപ്പിക്കണമെന്ന് നിർദേശിക്കുന്നതിനെതുടർന്ന് ഇതിൻെറ ഉപയോഗവും ഇപ്പോൾ വർധിച്ചിട്ടുണ്ടെന്നും ഹോൾസെയിൽ വ്യാപാരികൾ പറയുന്നു. അതേസമയം, ബട്ടർ ഫ്രൂട്ടിന് മൊത്തക്കച്ചവടക്കാർതന്നെ വൻവില ഈടാക്കുന്നതിനാൽ ലാഭം കുറവാണെന്നാണ് റീട്ടെയിൽ വ്യാപാരികൾ പറയുന്നത്. കേരളത്തിൽ വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലും തമിഴ്നാട്ടിൽ നീലഗിരി, തേനി എന്നിവിടങ്ങളിലും കർണാടകയിലെ കുടകിലുമാണ് ബട്ടർഫ്രൂട്ട് പ്രധാനമായും ഉൽപാദിപ്പിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലെ കനത്ത മഴ തമിഴ്നാട്ടിലെയും കർണാടകയിലെ കുടകിലെയും ബട്ടർ ഫ്രൂട്ട് ഉൽപാദനത്തെയും ബാധിച്ചിരുന്നു. വയനാട്ടിലും കഴിഞ്ഞ ആഗസ്റ്റിൽ ഉൾപ്പെടെയുണ്ടായ ശക്തമായ മഴ ബട്ടർ ഫ്രൂട്ട് വിളവെടുപ്പിനെ ബാധിച്ചിരുന്നു. ഇതും വിലവർധിക്കാൻ കാരണമായിട്ടുണ്ട്. പല ജ്യൂസ് ഷോപ്പുകളും വിലവർധിച്ചതോടെ ബട്ടർ ഫ്രൂട്ട് വാങ്ങുന്നത് നിർത്തിയിട്ടുമുണ്ട്. ജ്യൂസിന് വിലകൂട്ടിയാണ് ചിലർ പിടിച്ചുനിൽക്കുന്നത്. അതുപോലെത്തന്നെ പച്ചക്കറികളിൽ ഏറെ ഡിമാൻഡും പോഷകഗുണവുമുള്ള മുരിങ്ങക്കോലിൻെറ വിലയും കുത്തനെ വർധിച്ചിട്ടുണ്ട്. ഒരു കിലോക്ക് 350 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.