ഉപതെരഞ്ഞെടുപ്പ്​ നീട്ടിവെക്കണമെന്ന്​​ ആവശ്യപ്പെട്ട്​ വിമത എം.എൽ.എമാർ സുപ്രീംകോടതിയിൽ

ബംഗളൂരു: കർണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്ക് ഡിസംബർ അഞ്ചിന് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ, അടിയന്തര ഇടപെടൽ നടത്താൻ വിസമ്മതിച്ച സുപ്രീംകോടതി ഹരജിയിൽ ബുധനാഴ്ച വാദം കേൾക്കും. സ്പീക്കറുടെ അയോഗ്യത നടപടിക്കെതിരെ 17 എം.എൽ.എമാർ നൽകിയ ഹരജിയിൽ വിധി വൈകുന്നത് അവരെ ആശങ്കയിലാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടപടികൾ അടുത്തിരിക്കെ വിധി വൈകിയാൽ മത്സരിക്കാനുള്ള സാധ്യത അടയുമെന്നതാണ് പുതിയ ഹരജിയുമായി കോടതിയെ സമീപിക്കാൻ വിമത എം.എൽ.എമാരെ പ്രേരിപ്പിച്ചത്. അയോഗ്യത കേസിൽ വിധിവരുന്നതുവരെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകാൻ സുപ്രീംകോടതി കൂട്ടാക്കിയില്ല. പകരം, വാദം കേൾക്കാൻ ഹരജി മാറ്റിവെക്കുകയായിരുന്നു. ചൊവ്വാഴ്ച വരെ സുപ്രീംകോടതി അവധിയായതിനാൽ ബുധനാഴ്ചയാണ് ഹരജി പരിഗണിക്കുക. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ സ്പീക്കർക്കെതിരായി നൽകിയ കേസിൽ ഒക്ടോബർ 25ന് തന്നെ വാദം പൂർത്തിയായിരുന്നു. തുടർന്ന് വൈകാതെ വിധി പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചെങ്കിലും അയോധ്യ കേസടക്കമുള്ള സുപ്രധാന വിധികൾക്കായി കോടതി ഒരുങ്ങുന്നതിനാൽ അയോഗ്യത കേസിൽ വിധി നീളുകയാണ്. ഉപതെരഞ്ഞെടുപ്പിന് ഒരു മാസം പോലും ബാക്കിയില്ലെന്നിരിക്കെ വിധി അനിശ്ചിതമായി നീളുന്നത് വിമത എം.എൽ.എമാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സഖ്യസർക്കാറിൻെറ അട്ടിമറിയിലേക്ക് നയിച്ച എം.എൽ.എമാരുടെ കൂട്ടരാജിക്ക് പിന്നിൽ ബി.ജെ.പിയാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പാർട്ടിയോഗത്തിൽ പരാമർശം നടത്തിയതിൻെറ വിഡിയോ, ഒാഡിയോ, മാധ്യമവാർത്തകളുടെ തെളിവ് കോൺഗ്രസ് കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹാജരാക്കിയിരുന്നു. അയോഗ്യത കേസിൽ ഇത് സുപ്രധാന തെളിവായി സ്വീകരിക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും കേസ് പരിഗണിക്കുന്ന ജസ്റ്റിസ് വി.എൻ. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതുസംബന്ധിച്ച് വാദം പിന്നീടാകാമെന്നും ഇപ്പോൾ നിലവിലെ കേസിൽ വിധി പൂർത്തിയാക്കെട്ട എന്നുമായിരുന്നു ജസ്റ്റിസ് വി.എൻ. രമണയുടെ നിലപാട്. നേരത്തേ, ഒക്ടോബർ 21ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് വിമതരുടെ ഹരജിയിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ ഡിസംബർ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരും. ബുധനാഴ്ച വിധി വരുമെന്ന പ്രതീക്ഷയിൽ വിമതർ ബംഗളൂരു: സ്പീക്കറുടെ അയോഗ്യതാ നടപടി റദ്ദാക്കണമെന്നും രാജി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തങ്ങൾ നൽകിയ ഹരജിയിൽ ബുധനാഴ്ച വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായി വിമത എം.എൽ.എമാരായ മുനിരാജുവും എസ്.ടി. സോമശേഖറും പറഞ്ഞു. വിധി പുറപ്പെടുവിക്കുന്നതുവരെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ഹരജി സുപ്രീംകോടതിയിൽ സമർപ്പിച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. പുതിയ ഹരജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. അന്നുതന്നെ അയോഗ്യത കേസിലും വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷ. അല്ലാത്ത പക്ഷം ഉപതെരഞ്ഞെടുപ്പ് നടപടികൾ നീട്ടിയേക്കും. മുമ്പ് ഉപെതരെഞ്ഞടുപ്പ് നീട്ടിവെക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി തെരെഞ്ഞടുപ്പ് കമീഷനോട് അഭിപ്രായമാരാഞ്ഞപ്പോൾ തീയതി നിശ്ചയിക്കാൻ പറഞ്ഞിരുന്നില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ പുതിയ തീയതി നിശ്ചയിച്ചാണ് കോടതിക്ക് മറുപടി നൽകിയത്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവരും. തങ്ങളുടെ ഹരജിയിൽ വിധി വന്നശേഷം തെരഞ്ഞെടുപ്പ് കമീഷന് ഉപതെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചാൽ മതിയായിരുന്നെന്നും വിമതർ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.