ബംഗളൂരു: തങ്ങളെ അയോഗ്യരാക്കിയ കർണാടക മുൻ സ്പീക്കർ കെ.ആർ. രമേശിൻെറ നടപടിക്കെതിരെ 17 വിമത എം.എൽ.എമാർ സമർപ്പിച്ച ഹര ജിയിൽ ഇന്ന് സുപ്രീംകോടതിയിൽ വിധിനിർണായകം. ഹരജിക്കാരുടെയും എതിർകക്ഷിക്കാരായ സ്പീക്കർ കെ.ആർ. രമേശ്കുമാർ, കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.കെ. കുമാരസ്വാമി, സഖ്യ കോഒാഡിനേഷൻ സമിതി ചെയർമാനായിരുന്ന സിദ്ധരാമയ്യ എന്നിവരുടെയും വാദം കഴിഞ്ഞ മാസം കേട്ട സുപ്രീംകോടതി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 17 മണ്ഡലങ്ങളിൽ രണ്ടെണ്ണമൊഴികെ മറ്റു മണ്ഡലങ്ങളിൽ ഉപതെരെഞ്ഞടുപ്പ് ഡിസംബർ അഞ്ചിന് നടക്കാനിരിക്കെ സുപ്രീംകോടതി വിധി ഇരു കക്ഷികൾക്കും നിർണായകമാവും. സ്പീക്കറുടെ ഭരണഘടനാപരമായ അധികാരം സംബന്ധിച്ച കേസായതിനാൽ വിശദമായ പഠനം ആവശ്യമായതിനാലാണ് കേസ് വിധി കോടതി നീട്ടിയത്. നേരത്തേ ഒക്ടോബർ 21ന് ഉപതെരഞ്ഞെടുപ്പും 24ന് ഫലപ്രഖ്യാപനവും തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും എം.എൽ.എമാരുടെ ഹരജിയെ തുടർന്ന് സുപ്രീംകോടതി ഇടപെടലിൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു. തങ്ങൾക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുകയോ ഉപതെരഞ്ഞെടുപ്പ് മരവിപ്പിക്കുകയോ വേണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. തുടർന്ന് തെരഞ്ഞെടുപ്പ് കമീഷനോട് അഭിപ്രായമാരാഞ്ഞ കോടതി, ഇൗ കേസുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഒറ്റയടിക്ക് ൈവകാതെ തീർപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സന്നദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമീഷനു വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീംേകാടതിയെ അറിയിക്കുകയായിരുന്നു. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിൻെറ വീഴ്ചയിലേക്ക് നയിച്ച കൂട്ടരാജിയുമായി ബന്ധപ്പെട്ട് ജെ.ഡി.എസ് എം.എൽ.എമാരായ എ.എച്ച്. വിശ്വനാഥ് (ഹുൻസൂർ), കെ. ഗോപാലയ്യ (മഹാലക്ഷ്മി ലേഒൗട്ട്), നാരായണ ഗൗഡ (കെ.ആർ പേട്ട്), കോൺഗ്രസ് എം.എൽ.എമാരായ പ്രതാപ് ഗൗഡ പാട്ടീൽ (മസ്കി), ബി.സി. പാട്ടീൽ (ഹിരെകരൂർ), ശിവറാം ഹെബ്ബാർ (യെല്ലാപുര), എസ്.ടി. സോമശേഖർ (യശ്വന്ത്പുര), ബൈരതി ബസവരാജ് (കെ.ആർ പുരം), ആനന്ദ് സിങ് (ഹൊസപേട്ട്), റോഷൻ ബെയ്ഗ് (ശിവാജി നഗർ), മുനി രത്ന (ആർ.ആർ നഗർ), കെ. സുധാകർ (ചിക്കബല്ലാപുര), എം.ടി.ബി. നാഗരാജ് (ഹൊസക്കോെട്ട), ശ്രീമന്ത്പാട്ടീൽ (കഗ്വാദ്), രമേശ് ജാർക്കിഹോളി (ഗോഖക്), മഹേഷ് കുമത്തള്ളി (അതാനി), കെ.പി.ജെ.പി അംഗം ആർ. ശങ്കർ (റാണിബെന്നൂർ) എന്നിവർക്കെതിരെയാണ് സ്പീക്കർ അയോഗ്യത നടപടി സ്വീകരിച്ചത്. എം.എൽ.എമാരെ രണ്ടു ഘട്ടങ്ങളിലായി അയോഗ്യരാക്കിയ ശേഷം തിങ്കളാഴ്ച സ്പീക്കർ കെ.ആർ. രമേശ്കുമാർ പദവി രാജിവെച്ചൊഴിഞ്ഞിരുന്നു. വിശ്വാസ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്ന വിമത എം.എൽ.എമാരെ കോൺഗ്രസും ജെ.ഡി.എസും പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. രാജിക്കാര്യത്തിലും അയോഗ്യതയിലും സ്പീക്കർ സ്വീകരിച്ച നടപടിയുടെ റെക്കോഡുകൾ പരിശോധിക്കണമെന്നും രാജി തള്ളിയും അേയാഗ്യത നടപടി സ്വീകരിച്ചും സ്പീക്കർ നൽകിയ ഉത്തരവ് ഒഴിവാക്കണമെന്നുമാണ് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജികളിലെ പ്രധാന ആവശ്യം. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ 2023 വരെ തെരെഞ്ഞടുപ്പിൽ മത്സരിക്കുന്നതും സ്പീക്കർ വിലക്കിയതിനാൽ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായതോടെ എം.എൽ.എമാർ വീണ്ടും ഹരജിയുമായി സുപ്രീം കോടതിെയ സമീപിക്കുകയായിരുന്നു. -സ്വന്തം ലേഖകൻ അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ മുന്നിലുള്ള വഴികൾ ബംഗളൂരു: സുപ്രീംകോടതി വിധി എന്തായാലും അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരെ സംബന്ധിച്ച് വിധി അതിപ്രധാനമാണ്. തങ്ങളുടെ ഹരജിയിൽ അനുകൂല നടപടിയുണ്ടായാൽ എം.എൽ.എമാരുടെ രാജി അംഗീകരിക്കപ്പെടുകയും സ്പീക്കറുടെ അയോഗ്യത ഉത്തരവ് കോടതി റദ്ദാവുകയും ചെയ്യും. ഇങ്ങനെ വന്നാൽ വിമത എം.എൽ.എമാരെ കർണാടകയിലെ ബി.ജെ.പി സർക്കാറിന് മന്ത്രിസഭയിലുൾപ്പെടുത്താം. ആറു മാസത്തിനകം ജനവിധി തെളിയിച്ചാൽ മതിയെന്നതിനാൽ ഡിസംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുകയോ ലെജിസ്ലേറ്റിവ് കൗൺസിൽ വഴി ജയിച്ചുവരുകയോ ചെയ്താൽ മതിയാവും. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അല്ലാതിരുന്നിട്ടും യെദിയൂരപ്പ മന്ത്രിസഭയിൽ ലക്ഷ്മൺ സവാദി ഉപമുഖ്യമന്ത്രിയായി തുടരുന്നുണ്ട്. അദ്ദേഹവും പിന്നീട് ജനവിധി തെളിയിക്കണം. എന്നാൽ, സുപ്രീംകോടതി ഉത്തരവ് പ്രതികൂലമായാൽ വിമതരുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാവും. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് മാത്രമല്ല; 2023 വരെ തെരെഞ്ഞടുപ്പ് പ്രക്രിയയിൽനിന്ന് വിട്ടുനിൽക്കേണ്ടിയും വരും. ചുരുക്കത്തിൽ, ഇൗ സർക്കാറിൻെറ കാലാവധി കഴിയുന്നതുവരെ പുറത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.