നിയമസഭ ഉപതെരഞ്ഞെടുപ്പ്; സമ്മർദവുമായി ബി.ജെ.പി നേതാക്കൾ

ബംഗളൂരു: ഡിസംബറിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കി ടയിൽ വിയോജിപ്പ് തുടരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 നിയമസഭ മണ്ഡലങ്ങളിലെയും പാർട്ടി ടിക്കറ്റ് മോഹികളെ സമവായത്തിനായി ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ നിയമിക്കാനുള്ള നീക്കത്തിന് നേതാക്കളിൽനിന്ന് ഇതുവരെ അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല. ഇവരിൽ മൂന്നുപേരെയെങ്കിലും മന്ത്രിസ്ഥാനത്തേക്കും ബാക്കിയുള്ളവരെ ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലും നിയമിക്കാമെന്ന ഫോർമുലയാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മുന്നോട്ടുവെച്ചത്. സുപ്രീംകോടതി വിധി വിമത എം.എൽ.എമാർക്ക് അനുകൂലമായാൽ വരുന്ന ഉപതെരഞ്ഞെടുപ്പിൽ അവരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിക്കാനാണ് തീരുമാനം. എന്നാൽ, ഇതേ മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥികൾ എതിർപ്പുമായെത്തിയതാണ് പാർട്ടിയെ കുഴക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റ എട്ടു ബി.ജെ.പി സ്ഥാനാർഥികൾക്ക് ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകിയെങ്കിലും വി.എസ്. പാട്ടീൽ മാത്രമാണ് ചുമതലയേറ്റത്. യെല്ലാപുരയിൽ കോൺഗ്രസിൻെറ ശിവറാം ഹെബ്ബാറിനോട് പരാജയപ്പെട്ട വി.എസ്. പാട്ടീലിന് നൽകിയ നോർത്ത്വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ചെയർമാൻ സ്ഥാനമാണ് അദ്ദേഹത്തിന് നൽകിയത്. കഗ്വാദ് മുൻ ബി.ജെ.പി എം.എൽ.എ ബ്രഹ്മഗൗഡ അലഗൗഡ കാഗെ (രാജു കാഗെ)യെ മാലപ്രഭ ഘട്ടപ്രഭ കമാൻഡ് ഏരിയ വികസന അതോറിറ്റി ചെയർമാനായും ഗോഖകിലെ ബി.ജെ.പി നേതാവ് അശോക് നംഗയ്യ പൂജാരിയെ കർണാടക സ്റ്റേറ്റ് ബോർഡർ ഏരിയ വികസന അതോറിറ്റി ചെയർമാനായും നിയമിച്ചിരുെന്നങ്കിലും നേതൃത്വത്തോടുള്ള അഭിപ്രായ വ്യത്യാസം കാരണം ഇരുവരും ഇതുവരെ ചുമതലയേറ്റിട്ടില്ല. ചുമതല ഏൽക്കില്ലെന്ന് രാജു കാഗെ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. പാർട്ടി ടിക്കറ്റ് നൽകിയില്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ സ്വതന്ത്രനായി മത്സരിക്കുകയോ ചെയ്യുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്. സഖ്യസർക്കാറിൽ വിമത നീക്കത്തിന് നേതൃത്വം നൽകിയ രമേശ് ജാർക്കിഹോളിയെ ഗോഖകിൽ മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം. എന്നാൽ, രമേശിൻെറ മുഖ്യ എതിരാളിയായിരുന്ന അശോക് പൂജാരിയുടെ എതിർപ്പ് മണ്ഡലത്തിൽ ഇതുവരെ പാർട്ടിക്ക് മറികടക്കാനായിട്ടില്ല. പാർട്ടി തനിക്ക് ടിക്കറ്റ് നൽകുമെന്നാണ് വിശ്വസിക്കുന്നതെന്നും അല്ലാത്തപക്ഷം തൻെറ അനുയായികളുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പൂജാരിയും നയം വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹിരെകരുർ മണ്ഡലത്തിൽ കോൺഗ്രസിൻെറ ബി.സി. പാട്ടീലിനോട് 555 വോട്ടിന് പരാജയപ്പെട്ട മുൻ എം.എൽ.എ യു.ബി. ബനാകറും സ്ഥാനാർഥിത്വത്തെ ചൊല്ലി പാർട്ടിയുമായി ഉടക്കിലാണ്. ബനാകറിന് സംസ്ഥാന കാർഷിക ഉൽപാദന സംസ്കരണ കയറ്റുമതി കോർപറേഷൻെറ ചെയർമാൻ സ്ഥാനമാണ് നൽകിയിരിക്കുന്നത്. എന്നാൽ, അദ്ദേഹവും ഇതുവരെ ചുമതലയേറ്റിട്ടില്ല. ഹിരെകരൂരിൽ പാർട്ടി ടിക്കറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിൻെറ അനുയായികൾ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു. മസ്കിയിൽ കോൺഗ്രസിൻെറ പ്രതാപ്ഗൗഡ പാട്ടീലിനോട് നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട ബസനഗൗഡ തുർവിഹാലും പ്രതിഷേധത്തിൻെറ ഭാഗമായി ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തിട്ടില്ല. കമാൻഡ് ഏരിയ വികസന അതോറിറ്റി ചെയർമാനായാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലേക്കും അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക് സീറ്റ് നൽകാമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ അറിയിച്ചിട്ടുണ്ടെന്നും അത് ഉറപ്പാക്കുമെന്നും ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു. വിമതർക്ക് ടിക്കറ്റ് നൽകുക എന്നത് ബി.ജെ.പിയുടെ ഉത്തരവാദിത്തമാണെന്നും മത്സരിക്കാൻ അവർ താൽപര്യം പ്രകടിപ്പിച്ചാൽ പ്രഥമ പരിഗണന അവർക്കായിരിക്കുമെന്നുമാണ് അമിത് ഷാ പറഞ്ഞത്. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തനായ ബി.ജെ.പി എം.എൽ.എ ഉമേഷ് കാട്ടി വിമത എം.എൽ.എമാർക്ക് സീറ്റ് നൽകുന്നതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.