ഒക്ടോബർ 22ന് കേസ് വീണ്ടും പരിഗണിക്കും ബംഗളൂരു: അയോഗ്യരാക്കപ്പെട്ട 17 എം.എൽ.എമാർ സുപ്രീംകോടതിയിൽ നൽകിയ കേസിൽ ഉ ത്തരവ് വന്നശേഷം കർണാടക ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികളെ നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ഡിസംബർ അഞ്ചിന് 15 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സുപ്രീംകോടതി വിധി അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക് അനുകൂലമായാൽ അവരെ ബി.ജെ.പി ടിക്കറ്റിൽ അതത് മണ്ഡലങ്ങളിൽ മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം. ഒന്നോ രണ്ടോ പേരൊഴികെ ബാക്കി എം.എൽ.എമാർ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാനുള്ള സന്നദ്ധത യെദിയൂരപ്പയെ അറിയിച്ചുകഴിഞ്ഞു. കോൺഗ്രസിൻെറ 13ഉം ജെ.ഡി-എസിൻെറ മൂന്നും കെ.പി.ജെ.പിയുടെ ഒരു എം.എൽ.എയുമാണ് സ്പീക്കറുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഇൗ കേസിൽ ൈവകാതെ വിധി വരാനിരിക്കുകയാണ്. ഇൗമാസം 22നാണ് കേസ് വീണ്ടും പരിഗണിക്കുക. അതിനിടെ തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു. എന്നാൽ, സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റി. ഉപതെരഞ്ഞെടുപ്പ് തങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്ന് യെദിയൂരപ്പ പറഞ്ഞു. 15 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനായി ഒരു മന്ത്രിയെത്തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർഥികളെ ലിസ്റ്റ് ചെയ്യുന്ന നടപടി ആരംഭിച്ചു. ഇൗമാസം അവസാനത്തോടെ പ്രചാരണം ആരംഭിക്കും. സുപ്രീംകോടതി വിധിക്ക് ശേഷം ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15ൽ 11 മണ്ഡലങ്ങൾ കോൺഗ്രസിൻെറയും മൂന്നെണ്ണം ജെ.ഡി-എസിൻെറയും ഒരെണ്ണം കെ.പി.ജെ.പിയുടെയും കൈയിലാണ്. എതിർപക്ഷത്തുനിന്ന് രാജിവെച്ച എം.എൽ.എമാരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിക്കുന്നതിനോട് പ്രാദേശിക തലത്തിൽ ഉയർന്ന എതിർപ്പുകളെ തൽക്കാലം ബി.ജെ.പി നേതൃത്വം പരിഹരിച്ചിട്ടുണ്ട്. ഇൗ മണ്ഡലങ്ങളിൽ മുമ്പ് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് തോറ്റവരായിരുന്നു ഏറെയും എതിർപ്പുമായി വന്നത്. ഇവരിൽ എട്ടുപേർക്ക് വിവിധ ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങൾ നൽകി ആശ്വസിപ്പിക്കുകയായിരുന്നു. ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് 105 അംഗങ്ങളാണുള്ളത്. സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷിൻെറ പിന്തുണയടക്കം നിയമസഭയിൽ 106 പേരുടെ പിന്തുണയാണുള്ളത്. 17 പേരെ സ്പീക്കർ അയോഗ്യരാക്കിയതോടെ നിയമസഭയിലെ മൊത്തം അംഗബലം 208 ആയി കുറഞ്ഞതോടെയാണ് 106 പേരുടെ പിന്തുണയുള്ള ബി.ജെ.പി കേവല ഭൂരിപക്ഷവുമായി അധികാരത്തിലേറിയത്. ഭരണത്തിൽനിന്ന് പടിയിറങ്ങിയ കോൺഗ്രസിൻെറയും ജെ.ഡി-എസിൻെറയും മണഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ് അവർക്ക് നിലനിർത്താനായാൽ ഇരുപാർട്ടികളുടെയും അംഗങ്ങളുടെ എണ്ണം കേവല ഭൂരിപക്ഷം തികക്കും. 224 ആണ് കർണാടക നിയമസഭയിലെ ആകെ അംഗബലം. അതോടെ സഭ വീണ്ടും വിശ്വാസവോെട്ടടുപ്പിലേക്ക് നീങ്ങിയേക്കും. കോൺഗ്രസും ജെ.ഡി-എസും സഖ്യമില്ലാതെ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതിനാൽ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷമുള്ള പ്രതികൂല സാഹചര്യത്തെ മറികടന്ന് മുഴുവൻ സീറ്റുകളും നിലനിർത്താനാവുമോ എന്നതും സംശയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.