മോദിക്കാലത്ത്​ ജനാധിപത്യം അപകടത്തിൽ -കനയ്യ കുമാർ

ബംഗളൂരു: നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ജനാധിപത്യം അപകടത്തിലാണെന്ന് ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് കനയ്യ കുമാർ പറഞ്ഞു. ഗുൽബർഗ സർവകലാശാലയിലെ തൻെറ പ്രഭാഷണം അവസാന നിമിഷം അധികൃതർ വിലക്കിയതിനു പിന്നാലെ കലബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസ്ഥാപനങ്ങളെയും സ്വതന്ത്ര സംവിധാനങ്ങളെയും ബി.ജെ.പി ഭരണകാലത്ത് ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തെ അടിച്ചമർത്താൻ പൊതു, സ്വയംഭരണാധികാര, ഭരണഘടനാ സംവിധാനങ്ങളെയാണ് മോദി ഭരണകൂടം ഉപയോഗിക്കുന്നത്. അധികാരത്തിലിരിക്കുന്നവരെ വിമർശിക്കുന്നവർക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളുന്നയിക്കുകയും വ്യാജ കേസെടുക്കുകയും ജയിലിൽ തള്ളുകയും ചെയ്യുന്നു. ആരോപണങ്ങൾക്കുമേൽ നീതിപൂർവമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുന്നതിനു പകരം, ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്താനാണ് ശ്രമം. സർക്കാറിനെ വിമർശിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുകയാണ്. ദലിതുകളും ന്യൂനപക്ഷവും ബുദ്ധിജീവികളുമാണ് ഇൗ ആക്രമണം ഏറെയും നേരിടുന്നത്. പൊലീസ് വാഴ്ചയെ ജനാധിപത്യത്തിന് പകരംവെക്കുകയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടേത് ഇരട്ടത്താപ്പ് നയമാണെന്നും കനയ്യ കുമാർ കുറ്റപ്പെടുത്തി. മോദി വിദേശപര്യടനങ്ങളിൽ ബുദ്ധൻെറ പേര് ഉപയോഗിച്ച് സമാധാനത്തെ കുറിച്ച് സുദീർഘ പ്രഭാഷണങ്ങൾ നടത്തുന്നു. എന്നാൽ, ഇന്ത്യയിലെത്തിയാൽ യുദ്ധോത്സാഹിയായി മാറുന്നു. അദ്ദേഹം പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഏറെ പൊരുത്തക്കേടുകളാണുള്ളത്. ദേശസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ, ദേശരക്ഷയുടെ പേരിലുള്ള യുദ്ധമുറവിളി എതിർക്കപ്പെടേണ്ടതാണ്- അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.