ദുരന്തങ്ങളെ നേരിടാൻ കൊയിലാണ്ടിയിൽ സേഫ്റ്റി ബീറ്റ് പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി: ദുരന്തങ്ങളെ കാര്യക്ഷമമായി നേരിടാൻ സേഫ്റ്റി ബീറ്റ്പദ്ധതി തുടങ്ങി. ഫയർസ്റ്റേഷനു കീഴിലെ കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, അത്തോളി, ഉള്ള്യേരി, അരിക്കുളം, കീഴരിയൂർ, മൂടാടി, തിക്കോടി പഞ്ചായത്ത് എന്നിവടങ്ങളിൽ ഓരോ സേഫ്റ്റി ബീറ്റ് ഓഫിസർമാരെ വീതം ചുമതലപ്പെടുത്തിയാണ് പദ്ധതി തുടങ്ങിയത്. ഓരോ പ്രദേശങ്ങളും നേരിടുന്ന സുരക്ഷാ ഭീഷണികൾ വ്യത്യസ്തമാണ്. ഇത് മനസ്സിലാക്കി മുൻകരുതൽ നടപടി സ്വീകരിക്കുന്നത് ദുരന്തങ്ങളെ കാര്യക്ഷമമായി നേരിടുന്നതിനും രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനും സഹായിക്കും. പ്രദേശത്തെ ഭൂപ്രകൃതി, അപകടസാധ്യതയുള്ള സ്ഥലങ്ങൾ, കുളങ്ങൾ, ക്വാറികൾ തുടങ്ങിയ ജലാശയങ്ങൾ, റെയിൽ-റോഡ് അപകടങ്ങൾ നിരന്തരം നടക്കുന്ന സ്ഥലങ്ങൾ, സുരക്ഷ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ, വെള്ളപ്പൊക്കം, മലയിടിച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങൾ, അപകടകരമായ മറ്റു സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കി റിപ്പോർട്ട് ചെയ്യൽ, ദുരന്തങ്ങളെ നേരിടുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുകയും ദുരന്ത ലഘൂകരണം സാധ്യമാക്കുകയും ചെയ്യുക എന്നിവ പദ്ധതി വഴി ലക്ഷ്യമിടുന്നു. സുരക്ഷ സ്ക്വാഡുകൾ ഉണ്ടാക്കി ബോധവത്കരണവും പരിശീലനവും നടത്താനും ദുരന്തമുന്നറിയിപ്പുകൾ നൽകുന്നതിനും ഏകോപനം നടത്താനും ഇതുവഴി സാധിക്കും. ഓരോ സേഫ്റ്റി ബീറ്റ് ഓഫിസർമാരും തങ്ങളുടെ ബീറ്റ് പ്രദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സിവിൽ ഡിഫൻസ്, കമ്യൂണിറ്റി റെസ്ക്യു, ആപത് മിത്ര വളൻറിയർമാർ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സേവനം ഉപയോഗിക്കും. ഫയർ ആൻഡ് റെസ്ക്യൂ സർവിസിൻെറ സേവനം കൂടുതൽ ഫലപ്രദമാക്കുന്നതിനും ജനങ്ങക്ക് സുരക്ഷാ ബോധം വർധിക്കുന്നതിനും ഇത് സഹായിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.