കോഴിക്കോട്: മൂന്നു ദിവസങ്ങളിലായി ആയിരത്തിലേറെ പ്രതിനിധികളും നൂറ്റമ്പത് അതിഥികളും പതിനായിരത്തിലധികം സന്ദർശകരും പെങ്കടുത്ത 'ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻഡ് റെസിസ്റ്റൻസി'ന് സമാപനം. എസ്.ഐ.ഒ കേരളയും കാമ്പസ് അലൈവ് മാസികയും സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. നിലനിൽപിന് വേണ്ടിയുള്ള രാജ്യത്തെ മുഴുവൻ സമരസമൂഹങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പരിപാടി സമാപിച്ചത്. പൗരത്വഭേദഗതി വിരുദ്ധ സമരങ്ങളുടെ ദേശീയ മുഖങ്ങളായ കേന്ദ്രസർവകലാശാല വിദ്യാർഥികൾ, കശ്മീരിലെ മാധ്യമപ്രവർത്തകർ, സംഗീതത്തെ പ്രതിരോധ മാധ്യമമായി ഉപയോഗിക്കുന്ന ദലിത്, മുസ്ലിം സംഗീതജ്ഞർ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ, സിനിമാപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്താൽ സജീവമായിരുന്നു മൂന്ന് ഫെസ്റ്റിവൽ ദിനങ്ങൾ. ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധങ്ങളും മുസ്ലിം, ദലിത് ബഹുജൻ സമൂഹങ്ങളുടെ ചെറുത്തുനിൽപുകളും കേന്ദ്രപ്രമേയമായ 'ഹാൽ'എക്സിബിഷൻ ഫെസ്റ്റിവൽ നഗരിയിലെ പ്രധാന ആകർഷണമായിരുന്നു. മൂന്നു ദിനങ്ങളിലായി നടന്ന പ്രദർശനം അയ്യായിരത്തിലധികം പേർ സന്ദർശിച്ചു. സമാപനദിനം നടന്ന സെഷനുകളിൽ കശ്മീരി റാപ്പർമാരായ മുഅസ്സം ഭട്ട്, സയ്യിദ് മുഹ്സിൻ ഹമദാനി, അസിം പ്രേംജി സർവകലാശാല അധ്യാപകനും ഫിലോസഫറുമായ കെ.എൻ. സുനന്ദൻ, എഴുത്തുകാരൻ എ.കെ. വാസു, പരിസ്ഥിതി പ്രവർത്തകൻ ആനന്ദൻ പൊക്കുടൻ, സി.കെ. അബ്ദുൽ അസീസ്, ഹൈദരാബാദ് ഇഫ്ലു അധ്യാപികയും പ്രമുഖ എഴുത്തുകാരിയുമായ സൂസി താരു, കെ.കെ. ബാബുരാജ്, മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, ദലിത് കാമറ സ്ഥാപകൻ ബി. രവിചന്ദ്രൻ, സംവിധായകരായ മുഹ്സിൻ െപരാരി, സകരിയ മുഹമ്മദ്, ലീല സന്തോഷ്, ഹർഷദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാനസമിതിയംഗം ആർ. യൂസുഫ് എന്നിവർ സംസാരിച്ചു. മൂന്നു ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ നടന്ന കലാസായാഹ്നങ്ങൾ വൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു. പ്രമുഖ ഖവാലി സൂഫി ഗായകരായ സമീർ ബിൻസിയും ഇമാം മജ്ബൂറും നയിച്ച 'സോങ്സ് ഓഫ് സോൾ ആൻഡ് സോയിൽ'ആയിരുന്നു സമാപനദിവസത്തിൻെറ ആകർഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.