കോഴിക്കോട്: പൗരത്വം മാത്രമല്ല എല്ലാ സംസ്കാരവും സമ്മിശ്രമാണെന്നും എല്ലാവരും ഒന്നിച്ച് കെട്ടിപ്പടുക്കുന്നതാണ് രാജ്യവും സംസ്കാരവുമെന്നും ഓർക്കണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി. ടൗൺഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിൽ മാപ്പിളപ്പാട്ട് ഗായകൻ പീർമുഹമ്മദിന് കേരള സ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷൻെറ 'ഇശൽ രത്ന' പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ചേർന്നതാണ് ഇന്ത്യ. അതിനായി ഒന്നിച്ചു നിൽക്കണം. മാപ്പിളപ്പാട്ട് ചരിത്രത്തിലെ വസന്ത പൂർണിമയാണ് പീർമുഹമ്മദ്. കാലഘട്ടത്തിൻെറ ആത്മീയ സംഗീത സ്വാധീനമാണ് അേദ്ദഹം. അനശ്വരനായ പി.ടി. അബ്ദുറഹിമാൻ ചിട്ടപ്പെടുത്തിയ വരികളാണ് അദ്ദേഹം ഏറെ ആലപിച്ചതെന്നും സമദാനി പറഞ്ഞു. മുൻ മന്ത്രി ടി.കെ. ഹംസ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇ.വി. ഉസ്മാൻ കോയ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുസ്സലാം പരിചയപ്പെടുത്തി. കെ. മുഹമ്മദ് ഈസ പൊന്നാടയണിയിച്ചു. കെ. സലീം, എം.വി. കുഞ്ഞാമു എന്നിവർ പ്രശസ്തി പത്രം വായിച്ചു. സി.പി. കുഞ്ഞിമുഹമ്മദ് സ്ഥാപക നേതാക്കളെ ആദരിച്ചു. സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് കിട്ടിയവരെ കെ.കെ. അബ്ദുറഹിമാൻ ആദരിച്ചു. എൻ.സി. അബൂബക്കർ, പി.എം. ഹനീഫ, പി. ഇസ്മയിൽ, ആർ. ജയന്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. വിളയിൽ ഫസീല, സിബല്ല തുടങ്ങി പീർമുഹമ്മദിനൊപ്പം പാടിയ ഗായകരടക്കം നിരവധിപേർ ടൗൺഹാളിൽ എത്തിയിരുന്നു. ഫൈസൽ എളേറ്റിലിൻെറ അവതരണത്തോടെ ഇശൽ രാവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.