ബംഗളൂരു: നിധി ലഭിക്കുമെന്ന വിശ്വാസത്തിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ബന്ധുക്കളുടെ പരാതി. നെലമംഗല കൂതഘട്ട സ്വദേശിനി ഹീന കൗസറാണ് (28) മരിച്ചത്. ഭർത്താവ് മുനീഫുള്ള ഖാനാണ് (38) ഹീനയെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ സഹോദരൻ അയ്യൂബാണ് െദാബ്ബസ്പേട്ട പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ മൃതദേഹത്തില്‍ പരിക്കുകളുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമാകും തുടർനടപടിയെന്ന് പൊലീസ് അറിയിച്ചു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തെ മരത്തിനു ചുവട്ടില്‍ നിധിയുണ്ടെന്ന് മുനീഫുള്ള ഖാന്‍ വിശ്വസിച്ചിരുന്നുവെന്നും ഇതാണ് കൊലക്ക് കാരണമായതെന്നുമാണ് പരാതിയില്‍ പറയുന്നത്. നിധി കിട്ടാൻ യുവതിയെ ബലി നല്‍കണമെന്നായിരുന്നു ഇയാളുടെ വിശ്വാസം. നേരത്തേയും പലകാരണങ്ങള്‍ പറഞ്ഞ് മുനീഫുള്ള ഖാന്‍, ഹീന കൗസറിനെ ഉപദ്രവിച്ചിരുന്നതായും പരാതിയിലുണ്ട്. എന്നാൽ, ശാരീരിക അവശതകളാണ് യുവതിയുടെ മരണകാരണമെന്നും ചില അസുഖങ്ങൾക്ക് യുവതി ചികിത്സ തേടിയിരുന്നുവെന്നുമാണ് ഭർത്താവ് മുനീഫുള്ള പൊലീസിൽ മൊഴി നൽകിയത്. ഹീനക്ക് മനോവിഭ്രാന്തിയുണ്ടെന്നും കെട്ടിടത്തിനു സമീപത്തെ മരത്തിനു ചുവട്ടില്‍ നിധിയുണ്ടെന്ന് ഇടക്കിടെ പറഞ്ഞിരുന്നതായും ഇയാൾ പറഞ്ഞു. ഇതില്‍ ദേഷ്യപ്പെട്ട് അങ്ങോട്ട് വലിച്ചിഴച്ചതായും ഇങ്ങനെയാണ് മുറിവുണ്ടായതെന്നും മുനീഫുള്ള പറഞ്ഞു. മൈസൂരു-ബംഗളൂരു കലബുറഗി വിമാന സർവിസ് ബംഗളൂരു: മൈസൂരുവിൽനിന്ന് ബംഗളൂരു വഴി കലബുറഗിയിലേക്കുള്ള വിമാന സർവിസ് ആരംഭിച്ചു. എയർ ഇന്ത്യയുടെ ഉപ കമ്പനിയായ അലിയൻസ് എയറാണ് സർവിസ് നടത്തുന്നത്. ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച 8.30ന് പുറപ്പെടേണ്ട വിമാനം ഒമ്പതിനാണ് ടേക്ക് ഒാഫ് ചെയ്തത്. ആദ്യ യാത്രയിൽ 28 യാത്രക്കാരാണ് മൈസൂരുവിൽനിന്ന് കയറിയത്. ശനിയാഴ്ച മുതൽ പതിവ് സർവിസ് ഉണ്ടാകും. ചൊവ്വാഴ്ച ഒഴികെ തിങ്കൾ മുതൽ ഞായറാഴ്ച വരെ രാവിലെ 8.30ന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം 9.10ന് ബംഗളൂരുവിലെത്തും. തുടർന്ന് 9.50ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം 11.25ന് കലബുറഗിയിലെത്തും. തിരിച്ച് 11.50ന് പുറപ്പെട്ട് 1.30ന് ബംഗളൂരുവിലും 2.50ന് മൈസൂരുവിലുമെത്തും. ചൊവ്വാഴ്ച രാവിലെ 10.25ന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം 11.05ന് ബംഗളൂരുവിലെത്തും. 11.40ന് പുറപ്പെടുന്ന വിമാനം 1.20ന് കലബുറഗിയിലെത്തും. തിരിച്ച് 1.45ന് പുറപ്പെട്ട് 3.25ന് ബംഗളൂരുവിലെത്തും. 3.45ന് പുറപ്പെട്ട് 4.40ന് മൈസൂരുവിലെത്തും. 2,645 രൂപയാണ് മൈസൂരുവിൽനിന്ന് കലബുറഗിയിലേക്കും തിരിച്ച് കലബുറഗിയിൽനിന്ന് മൈസൂരുവിലേക്കുമുള്ള അടിസ്ഥാന നിരക്ക്. 70 പേർക്ക് യാത്ര ചെയ്യാവുന്ന എ.ടി.ആർ വിമാനം ആഴ്ചയിൽ ഏഴു ദിവസവും സർവിസ് നടത്തും. കലബുറഗി വിമാനത്താവളം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ ബംഗളൂരുവിലേക്ക് വിമാന സർവിസ് ആരംഭിച്ചിരുന്നു. മൈസൂരുവിൽനിന്ന് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ കൂടാതെയാണ് പുതുതായി കലബുറഗിയിലേക്കും സർവിസ് ആരംഭിച്ചത്. കൊച്ചി വിമാനത്താവളത്തിലെ റൺവേ നവീകരണത്തെ തുടർന്ന് മൈസൂരുവിൽനിന്നുള്ള കൊച്ചി വിമാന സർവിസ് നിർത്തിവെച്ചിരുന്നു. ഈ വിമാനമാണ് മൈസൂരു-കലബുറഗി റൂട്ടിൽ സർവിസ് നടത്തുന്നത്. ബംഗളൂരു-എറണാകുളം എക്സ്പ്രസ് വഴിതിരിച്ചുവിടും ബംഗളൂരു: കോയമ്പത്തൂർ ജങ്ഷൻ റെയിൽേവ സ്റ്റേഷനിലെ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ 6.10ന് ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിൻ ഉൾപ്പെടെ വഴിതിരിച്ചുവിടും. ശനി, ഞായർ ദിവസങ്ങളിൽ കോയമ്പത്തൂർ ജങ്ഷൻ ഒഴിവാക്കി പോത്തന്നൂർ വഴിയാകും ട്രെയിൻ ഒാടുക. കെ.എസ്.ആർ ബംഗളൂരു -എറണാകുളം എക്സ്പ്രസ് (12677) ഇരുഗുർ, പോത്തന്നൂർ വഴിയാകും ഈ രണ്ടുദിവസവും സർവിസ് നടത്തുക. കോയമ്പത്തൂർ-നിസാമുദ്ദീൻ എക്സ്പ്രസ് (12647) ഈ ദിവസങ്ങളിൽ പോത്തന്നൂർ ജങ്ഷനിൽനിന്നാകും ആരംഭിക്കുക. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ (12678), തിരുവനന്തപുരം-മുബൈ എക്സ്പ്രസ് എന്നിവയും പോത്തന്നൂർ വഴിയാകും ഒാടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.