കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ചില രാഷ്ട്രീയ അജണ്ടയുടെ ഭാഗമാെണന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഭാരതീയ അധ്യാപക പരിഷത്ത് സംഘടിപ്പിച്ച 'പൗരത്വ ഭേദഗതി നിയമം: പ്രതിഷേധവും യാഥാർഥ്യവും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില താൽപര്യങ്ങളുടെ പേരിൽ കേരളത്തിൽ പ്രതിഷേധിക്കുന്നത് സംഘടിത പ്രസ്ഥാനങ്ങളാണ്. 25 ശതമാനം വരുന്ന ഒരുസമൂഹത്തെ തങ്ങളുടെ കൂടെ നിർത്താനാണ് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ദേശീയ പൗരത്വ പട്ടിക വരുന്നതോടെ നിങ്ങളുടെ പൗരത്വം റദ്ദാക്കപ്പെടുമെന്നെല്ലാമാണ് ഇവർ പറയുന്നത്. പൗരത്വ പട്ടിക സംബന്ധിച്ച് കേന്ദ്ര സർക്കാർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. രാജ്യത്തെ അറുന്നൂറിലധികം വരുന്ന സർവകലാശാലകളിൽ 22 ഇടത്തുമാത്രമാണ് സമരമുണ്ടായത്. കേരളത്തിൽ നിയമം നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി സംയുക്ത സമരത്തിന് ആഹ്വാനം ചെയ്യുകയാണ്. ഒാരോ സംസ്ഥാനത്തും ഇതുമായി ബന്ധപ്പെട്ട സമരം നടക്കുന്നത് വ്യത്യസ്ത മുദ്രാവാക്യങ്ങളിലൂന്നിയാണ്. ഇത് എല്ലാവരും തിരിച്ചറിയണം. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നടപടിക്രമങ്ങളിലൂടെയാണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അഡ്വ. ജി. മനോഹർലാൽ അധ്യക്ഷത വഹിച്ചു. കെ.പി. രാധാകൃഷ്ണൻ, കെ.പി. സോമരാജൻ, പി. ജിജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.