വോട്ടര്‍ പട്ടികയിൽ ജനുവരി 15 വരെ പേരുചേര്‍ക്കാം

കോഴിക്കോട്: ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനോടനുബന്ധിച്ച പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറായി നിയമിതനായ സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിൻെറ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക സുതാര്യവും കുറ്റമറ്റതുമാക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ ബൂത്ത് അടിസ്ഥാനത്തില്‍ ബി.എൽ.എമാരെ നിയമിക്കണമെന്ന് ഒബ്‌സര്‍വര്‍ നിര്‍ദേശിച്ചു. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ അപേക്ഷയോടൊപ്പം മൊബൈല്‍ നമ്പറും അടുത്ത ബന്ധുക്കളുടെ ഐ.ഡി കാര്‍ഡ് കോപ്പിയും നല്‍കണം. സമ്മതിദാനാവകാശത്തിൻെറ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ സ്‌കൂള്‍, കോളജ്, കോളനികള്‍, റെസിഡന്‍സ് അസോസിയേഷന്‍ തലത്തില്‍ സ്‌പെഷല്‍ കാമ്പയിനുകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ജനുവരി 15 വരെ കമീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കുന്നതിന് ജനുവരി 27 വരെയും സമയം അനുവദിച്ചു. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സഹായം അഭ്യർഥിക്കുന്നതായും സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വറുടെ 0471-2517011, 0471-2333701, 9447011901 എന്ന നമ്പറിലും smksecy@gmail.com എന്ന മെയില്‍ ഐഡിയിലും അറിയിക്കാം. എ.ഡി.എം റോഷ്‌നി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ ടി. ജനില്‍ കുമാര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.