നാദാപുരം: വിലങ്ങാട് ഇന്ദിര നഗറിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. രണ്ട് ദിവസത്തേക്കാണ് പൊലീസ് വളയംതൊട്ടി ലിബിൻ മാത്യുവിനെ (33) കസ്റ്റഡിയിൽ വാങ്ങിയത്. കുറ്റ്യാടി സി.ഐ എൻ.സുനിൽകുമാറിൻെറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സുഹൃത്തും അയൽവാസിയുമായ ഇന്ദിര നഗറിൽ മണ്ടെപ്പുറം ഡി. റഷീദ് (33) ആണ് വെടിയേറ്റ് മരിച്ചത്. തോക്ക് ഉണ്ടാക്കിയ സ്ഥലം ലിബിൻ മാത്യു പൊലീസിന് കാണിച്ചു കൊടുത്തു. തോക്കിൻെറ കുഴൽ വാങ്ങിയത് തലശ്ശേരിയിൽനിന്നാണ്. പഴയ സാധനങ്ങൾ വാങ്ങുന്ന ആക്രിക്കടയിലും പൊലീസെത്തി തെളിവെടുപ്പ് നടത്തി. കടക്കാരൻ പ്രതിയെ തിരിച്ചറിഞ്ഞു. ആദ്യമായിട്ടാണ് തോക്ക് നിർമിച്ചതെന്നും വീട്ടിൽവെച്ചാണ് നിർമിച്ചതെന്നും ലിബിൻ മാത്യു പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി. യു ട്യൂബ് നോക്കിയാണ് നിർമാണം പഠിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. നായാട്ടിനിടെ കാട്ടാടിനെ വെടിവെക്കാനുള്ള ശ്രമത്തിനിടെ വെളിച്ചം കണ്ട ഭാഗത്തേക്ക് വെടിവെച്ചതിനെ തുടർന്നാണ് റഷീദിന് വെടിയേറ്റതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഒപ്പം നടക്കുന്നതിനിടെ റഷീദ് പിന്നിൽനിന്നും വഴിമാറി സഞ്ചരിച്ചതായും പിന്നീട് ഹെഡ്ലൈറ്റിൻെറ ചെറിയ പ്രകാശം കണ്ട് വെടിയുതിർക്കുകയായിരുന്നു എന്നാണ് ലിബിൻെറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.