സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽനിന്ന് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ മരിച്ചതിൻെറ ഞെട് ടലിൽനിന്നു കരകയറും മുമ്പാണ് ബത്തേരിയിലെ തന്നെ സ്കൂൾ വളപ്പിൽ രണ്ടാം ക്ലാസുകാരന് പാമ്പുകടിയേൽക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് 12.30ഓടെ പുറത്തിറങ്ങിയ മുഹമ്മദ് റിയാൻ സഹോദരിയും നാലാം ക്ലാസ് വിദ്യാർഥിനിയുമായ ആമിന വരുന്നതിനായി സ്‌കൂൾ മുറ്റത്തുതന്നെ കാത്തുനിന്നു. ഇതിനിടെയാണ് പാമ്പുകടിയേൽക്കുന്നത്. സഹോദരി വന്നതോടെ ഇരുവരും ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് പോയി. വീട്ടിലെത്തി കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും തന്നെ എന്തോ സ്‌കൂൾ വളപ്പിൽനിന്ന് കടിച്ചതായി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ വീട്ടുകാർ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടുകയും കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഛർദിച്ചു. തുടർന്ന് പ്രഥമശുശ്രൂഷ നൽകിയശേഷം ഒന്നരയോടെ മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടരയോടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിയെ ഉടൻ തന്നെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ പാമ്പുകടി ഏറ്റതിൻെറ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പ്രതിവിഷം നൽകുകയായിരുന്നു. ഷഹല ഷെറിൻ പഠിച്ച സർവജന ഹൈസ്കൂളും ബീനാച്ചി ഹൈസ്കൂളും തമ്മിൽ അഞ്ചു കിലോമീറ്ററിൻെറ ദൂരം മാത്രമാണുള്ളത്. ഷഹല ഷെറിൻ സംഭവത്തിനു പിന്നാലെ ജില്ലയിലെ സ്കൂളും പരിസരവും വൃത്തിയാക്കാനും മറ്റും കർശന നിർദേശം നൽകിയിരുന്നു. വീട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും കൃത്യമായ ഇടപെടലാണ് ഫലം ചെയ്തത്. ആവശ്യത്തിനുള്ള ആൻറി വെനം ആശുപത്രിയിലുണ്ടെന്നും പീഡിയാട്രിക് വൻെറിലേറ്റർ, ഐ.സി.യു സംവിധാനങ്ങൾ, ഡയാലിസിസ് തുടങ്ങിയവ പൂർണ സജ്ജമാണെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും വിംസ് അധികൃതർ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. 'സ്കൂൾ നടത്തിപ്പ്: മുനിസിപ്പാലിറ്റി പരാജയം' സുൽത്താൻ ബത്തേരി: വയനാട്ടിലെ സർക്കാർ വിദ്യഭ്യാസ സ്ഥാപനങ്ങൾ സി.പി.എം നേതാക്കളുടെ കറവപ്പശുക്കളായി മാറിയെന്ന് കോൺഗ്രസ് ബത്തേരി ടൗൺ കമ്മിറ്റി ആരോപിച്ചു. പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് ചെലവഴിക്കുന്ന കോടികൾ കട്ടുമുടിക്കുകയാണ് സി.പി.എമ്മിൻെറ നേതൃത്വത്തിലുള്ള മുനിസിപ്പാലിറ്റി ഭരണസമിതി. മുനിസിപ്പാലിറ്റിക്കു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ചും അവിടെ നടക്കുന്ന അഴിമതിയെക്കുറിച്ചും വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് തയാറാവണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് നൗഫൽ കൈപ്പഞ്ചേരി, ബാബു പഴുപ്പത്തൂർ, സക്കരിയ മണ്ണിൽ, റ്റിജി ചെറുതോട്ടിൽ, അമൽ ജോയി, ജിനു ജോസഫ്, ലയണൽ മാത്യു, യൂനസ് അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.