'സ്മാർട്ട് പാർക്കിങ്ങുമായി' ബി.ബി.എം.പി; തിങ്കളാഴ്​ച മുതൽ കസ്തൂർബാ റോഡിൽ

-പാർക്കിങ് സ്ഥലം കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷൻ -തുക അടക്കാൻ ഡിജിറ്റൽ പാർക്കിങ് മീറ്റർ ബംഗളൂരു: നഗരത്തിൽ വാഹനങ ്ങൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിന് അധികം വൈകാതെ പരിഹാരമാകും. ഒാൺലൈൻ ആപ്ലിക്കേഷനിലൂടെ പാർക്കിങ് ഏരിയ കണ്ടെത്തി ഡിജിറ്റൽ മീറ്റർ കിയോസ്കുകളിലൂടെ ഡിജിറ്റലായി തന്നെ പണമിടപാട് നടത്താൻ കഴിയുന്ന സ്മാർട്ട് പാർക്കിങ് പദ്ധതി നടപ്പാക്കുകയാണ് ബി.ബി.എം.പി തിങ്കളാഴ്ച മുതൽ. ഡിജിറ്റൽ പാർക്കിങ് മീറ്ററിലൂടെ ഡ്രൈവർമാർക്ക് എത്ര മണിക്കൂർ നേരത്തേക്കാണോ വാഹനം നിർത്തേണ്ടത് അതിൻെറ തുക മുൻകൂറായി അടക്കാനാകും. ഏതൊക്കെ റോഡിലാണ് പാർക്കിങ് സൗകര്യം ഉള്ളതെന്നറിയാനായി മൊബൈൽ ആപ്ലിക്കേഷനും ഉണ്ടാകും. പാർക്കിങ് കുറവുള്ള റോഡുകളിലും മറ്റു സ്ഥലങ്ങളിലും പുതിയ പദ്ധതി ഏറെ സഹായകരമാകും. ആദ്യഘട്ടത്തിൽ ബംഗളൂരുവിലെ കസ്തൂർബാ റോഡിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ നഗരത്തിൽ 3,300 കാറുകൾക്കും 10,000ത്തോളം ഇരുചക്രവാഹനങ്ങൾക്കും പാർക്കിങ്ങിന് ഇടമാകും. പദ്ധതിയുടെ പ്രഖ്യാപനം ബി.ബി.എം.പി മേയർ ഗൗതം കുമാർ നിർവഹിച്ചു. നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കാനും പാർക്കിങ് സൗകര്യമുള്ള സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും പുതിയ പദ്ധതി ഗുണം ചെയ്യുമെന്ന് മേയർ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച മുതൽ കസ്തൂർബാ റോഡിൽ പദ്ധതി ആരംഭിക്കുമെന്നും ഒരുമാസത്തേക്കായിരിക്കും ഇത് തുടരുകയെന്നും ബി.ബി.എം.പി കമീഷണർ ബി.എച്ച്. അനിൽകുമാർ പറഞ്ഞു. കസ്തൂർബ റോഡിൽ ഇതിനായി പാർക്കിങ് ഏരിയ മാർക്ക് െചയ്തുകൊണ്ട് പ്രത്യേകമായി തരംതിരിച്ചിട്ടുണ്ട്. കൂടാതെ, എ.ടി.എം മാതൃകയിൽ പാർക്കിങ് ഡിജിറ്റൽ മീറ്ററും സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡരികിൽ പ്രത്യേകമായി പാർക്കിങ് ഏരിയ ഉണ്ടാകും. ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും പ്രത്യേക ഏരിയ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ മീറ്ററിലൂടെ എത്രമണിക്കൂറാണ് പാർക്ക് ചെയ്യേണ്ടതെന്ന് രേഖപ്പെടുത്താനാകും. തുടർന്ന് ഇതേ ഡിജിറ്റൽ മീറ്ററിലൂടെ തുകയും അടക്കാനാകും. ആദ്യ ഘട്ടത്തിലെ പാളിച്ചകൾ പരിഹരിച്ചശേഷം നഗരത്തിലെ എല്ലായിടത്തും പദ്ധതി വ്യാപിപ്പിക്കും. ഇതിനായി നഗരത്തിലെ പാർക്കിങ് ഏരിയകളെ സോണുകളായി തിരിക്കും. മണിക്കൂറിൽ വാഹനങ്ങൾക്ക് അനുസരിച്ച് പത്തുരൂപ മുതൽ 30 രൂപവരെയായിരിക്കും തുക ഈടാക്കുക. തുക ഈടാക്കുന്നതോടെ വെറുതെ റോഡരികിൽ വാഹനം നിർത്തി‍യിടുന്നത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ മീറ്റർ കിയോസ്കുകളിൽ ഡിജിറ്റൽ ഇടപാടിലൂടെ മാത്രമേ പണം നൽകാനാകൂ. പാർക്കിങ് ഏരിയക്ക് നമ്പറും സെൻസറുകളും ഉണ്ടാകും. 24 മണിക്കൂർ വരെ വാഹനം നിർത്തിയിടാം. സുരക്ഷക്കായി സി.സി.ടി.വി നിരീക്ഷണവും ഉണ്ടാകും. മൊബൈൽ ആപ്ലിക്കേഷ‍ൻെറ വിവരങ്ങൾ ഉൾപ്പെടെ വൈകാതെ ബി.ബി.എം.പി പുറത്തുവിടും. ജോലി വാഗ്ദാനം ചെയ്ത് ഗവേഷകനിൽനിന്നും 3.7 ലക്ഷം തട്ടിയെടുത്തു ബംഗളൂരു: കാനഡയില്‍ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ്, ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഗവേഷകനെ കബളിപ്പിച്ച് 3.7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഗവേഷകനായ എം. വിജയ് ആണ് ഇതുസംബന്ധിച്ച് ബാഗലഗുണ്ടെ പൊലീസില്‍ പരാതി നല്‍കിയത്. ഒരു സംഘം ആളുകൾ ചേർന്നാണ് തട്ടിപ്പുനടത്തിയത്. കാനഡയില്‍ ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു വിജയ് ഒാൺലൈനിൽ അവസരങ്ങൾ തിരഞ്ഞിരുന്നു. ഇതിനിടെ ഡേവിഡ് എന്നയാൾ ഇമെയിൽ വഴി വിജയിക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. വിസക്കായി ഡല്‍ഹിയിലെ കാനഡ ഹൈക്കമീഷനിൽ വില്യംസ് എന്ന ഉദ്യോഗസ്ഥനെ കാണമെന്ന് ഡേവിഡ് ആവശ്യപ്പെട്ടു. എന്നാല്‍, വിജയ് ഇത് നിരസിച്ചു. പിന്നീട് നവംബര്‍ 11-ന് ഡേവിഡ് ഫോണില്‍ വിളിച്ച് വിജയ്ക്ക് കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി. ഡല്‍ഹിയില്‍ കാനഡ ഹൈക്കമീഷനിലെ വില്യംസിനെ കാണാനാണ് അപ്പോഴും ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വില്യംസുമായി പരിചയപ്പെട്ടു. വിസക്കു വേണ്ടി 3.7 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് അക്കൗണ്ടില്‍ പണം അയച്ചുകൊടുത്തു. പിന്നീട് വില്യംസ് മറ്റൊരു ബാങ്ക് അക്കൗണ്ട് നമ്പര്‍ കൊടുത്തിട്ട് ഇതിലേക്ക് ഏഴുലക്ഷം രൂപ അയക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ വിജയ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ ഡേവിഡ്, വില്യംസ്, സഹായികളായ ലീല, തിംഗരീല എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.