നഗരത്തിലെ 75,000 അനധികൃത കെട്ടിടങ്ങൾ ഇനി 'അധികൃതം'

ബി.ഡി.എ ലേഒൗട്ടുകളിലെ കെട്ടിടങ്ങളാണ് ക്രമവത്കരിക്കുന്നത് ബംഗളൂരു: ബംഗളൂരുവിലെ ബി.ഡി.എ ലേഒൗട്ടുകളിലെ 75,000ത്തിലധികം വരുന്ന അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിച്ച് നിയമപരമാക്കാനുള്ള നടപടിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. മുമ്പുണ്ടായിരുന്ന അക്രമ-സക്രമ പദ്ധതിയുടെ പുതിയ രൂപമായാണ് ഈ കെട്ടിടങ്ങൾ നിയമപരമാക്കുന്നതിന് നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം. ഇത്തവണ നഗരത്തിലെ ബംഗളൂരു ഡെവലപ്മൻെറ് അതോറിറ്റിയുടെ കീഴലുള്ള (ബി.ഡി.എ) ലേഒൗട്ടുകളിലെയും ബി.ഡി.എ അംഗീകൃത ലേഒൗട്ടുകളിലെയും അനധികൃത ഫ്ലാറ്റുകൾക്കും അപ്പാർട്മൻെറുകൾക്കും കെട്ടിടങ്ങൾക്കുമായിരിക്കും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മന്ത്രിസഭ നിയമസാധുത നൽകുക. ബംഗളൂരുവിൽ വിവിധയിടങ്ങളിലായി 5,000ത്തിലധികം ഏക്കറിലായുള്ള 75,000ത്തിലധികം കെട്ടിടങ്ങളാണ് ഇത്തരത്തിൽ ക്രമവത്കരിക്കുന്നത്. വിശദമായ റിപ്പോർട്ട് തയാറാക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിനും ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായണൻ ചെയർമാനായുള്ള ഉപസമിതിക്കും രൂപം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. നേരത്തേയുള്ള പദ്ധതി പ്രകാരം ബംഗളൂരുവിലെ എല്ലാ അനധികൃത കെട്ടിടങ്ങളും ക്രമവത്കരിക്കാനാകുമായിരുന്നു. കെട്ടിട നിർമാണ ചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾ നിശ്ചിത തുക പിഴ അടച്ചശേഷമാണ് ക്രമവത്കരിച്ചുനൽകാൻ തീരുമാനിച്ചിരുന്നത്. മുൻ സർക്കാറുകൾ കൊണ്ടുവന്ന ഈ അക്രമ-സക്രമ പദ്ധതി നിയമപ്രശ്നങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കാനുള്ള നീക്കത്തിനെതിരെ കോടതിയിൽ കേസ് വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതിയാണിപ്പോൾ ബി.ഡി.എക്ക് മാത്രമായി ചുരുക്കി പുതിയ പദ്ധതിയായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഉപസമിതിയിൽ അശ്വത് നാരായണിന് പുറമെ റവന്യൂ മന്ത്രി ആർ. അശോക, വിദ്യാഭ്യാസ മന്ത്രി സുരേഷ്കുമാർ, ഹൗസിങ് മന്ത്രി വി. സോമണ്ണ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. കെട്ടിട നിർമാണ ചട്ട ലംഘനം, പ്ലാനിന് അനുമതി ലഭിക്കാതെ കെട്ടിടം നിർമിക്കുക തുടങ്ങിയ നിയമലംഘനങ്ങളെ തുടർന്നാണ് ഭൂരിഭാഗം കെട്ടിടങ്ങളും അനധികൃതമായത്. ഈ കെട്ടിടങ്ങളിൽനിന്നും നികുതിയോ ബി.ബി.എം.പിക്ക് നൽകേണ്ട ഫീസോ ലഭിച്ചിരുന്നില്ല. ഇതേതുടർന്നാണ് അനുമതിയില്ലാതെ കിടക്കുന്ന ബി.ഡി.എ ലേഒൗട്ടുകളിലെ കെട്ടിടങ്ങൾ നിയമപരമാക്കാൻ തീരുമാനിച്ചത്. ബി.ഡി.എ നിയമത്തിലെ സെക്ഷൻ 38 സി പ്രകാരമായിരിക്കും ഇവ ക്രമവത്കരിക്കുക. ഇതിനായി 1976ലെ ബി.ഡി.എ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് നിയമമന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു. ചിക്കബെല്ലാപുരയിൽ ആരംഭിക്കുന്ന പുതിയ മെഡിക്കൽ കോളജിൻെറ കെട്ടിട നിർമാണത്തിനും 525 കോടി അനുവദിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ബാഗൽകോട്ടിലെ പട്ടഡക്കലിൽ വിനോദ സഞ്ചാര േകന്ദ്രം നിർമിക്കുന്നതിന് 125.24 കോടി അനുവദിക്കുമെന്നും സംസ്ഥാനത്തെ ഐ.ടി.ഐകളിലെ സംവരണ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകുമെന്നും ഇതിനായി 16.98 കോടി അനുവദിച്ചതായും മന്ത്രിസഭ തീരുമാനം വിശദീകരിച്ചുകൊണ്ട് മധുസ്വാമി പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളിൽ പുതുതായി 2000 നഴ്സുമാരെ നിയമിക്കാനും തീരുമാനമായി. അധോലോക സംഘവുമായി ബന്ധമുള്ള ഗുണ്ടാനേതാവ് പിടിയിൽ ബംഗളൂരു: അധോലോക സംഘവുമായി ബന്ധമുള്ള ഗുണ്ടാനേതാവിനെ ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് വെടിവെച്ചു പിടികൂടി. ഖലീൽ എന്ന ഡൈനമിക് ഖലീൽ (38) ആണ് അറസ്റ്റിലായത്. ഷാർപ് ഷൂട്ടറായി അറിയപ്പെടുന്ന ഇയാൾ കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, മോഷണം തുടങ്ങിയ 16ഒാളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മംഗളൂരു അധോലോക നേതാവ് റഷീദ് മലബാറിയുടെ സഹായിയാണ്. കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ അഞ്ചുവർഷമായി പൊലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു. കഴിഞ്ഞദിവസം ഖലീൽ കെ.ജി ഹള്ളിയിലെ പാർക്കിൽ എത്തിയതായി പൊലീസിന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലാണ് വലവിരിച്ചത്. പൊലീസെത്തി കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസിനുനേരെ നിറയൊഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഇയാളുടെ ഇരുകാലിലും വെടിവെച്ചാണ് പൊലീസ് കീഴ്പ്പെടുത്തിയത്. തുടർന്ന് ഖലീലിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരിക്കില്ല. ആശുപത്രിയിൽനിന്നു പരിക്ക് ഭേദമായശേഷം കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻെറ തീരുമാനം. ഇയാളുടെ അധോലോക ബന്ധങ്ങള്‍, ക്വട്ടേഷന്‍ കൊലപാതകം, രാഷ്ട്രീയ ബന്ധങ്ങള്‍ എന്നിവയെ കുറിച്ച് അന്വേഷിക്കുമെന്ന് ഈസ്റ്റ് ഡി.സി.പി ഡോ. ശരണപ്പ പറഞ്ഞു. പ്രതിയെ പിടികൂടിയ ഇന്‍സ്‌പെക്ടര്‍ അജയ്‌സാരഥിയെയും പൊലീസുകാരെയും ഡി.സി.പി അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.