ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ബന്ധു അറസ്​റ്റില്‍

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കാക്കണഞ്ചേരി കോളനിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കോളനി നിവാസികളായ രാജഗോപാല്‍-ലീല ദമ്പതികളുടെ മകന്‍ രോണു എന്ന വേണുവാണ് (19) കൊല്ലപ്പെട്ടത്. സംഭവത്തിൽ രോണുവിൻെറ ബന്ധുകൂടിയായ രാജനെ (46) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട രോണുവിൻെറ ബന്ധുവായ യുവതിയുമായി കോളനിയിലെ തന്നെ താമസക്കാരനായ രാജനുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. രാജന്‍ തോര്‍ത്തുമുണ്ട് രോണുവിനെ കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രോണുവിനെ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിൽ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് വീടിനു സമീപത്തെ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി സി.ഐ ടി.എ. അഗസ്റ്റിന്‍, എസ്.ഐമാരായ സനല്‍ രാജ്, ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ താമരശ്ശേരി പൊലീസും തണ്ടര്‍ബോള്‍ട്ടിൻെറ ഒരു യൂനിറ്റും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് പൊലീസ് നായ് മണംപിടിച്ച് രാജൻെറ വീട് നില്‍ക്കുന്ന ഇടവഴിയിലേക്കാണ് ചെന്നത്. രാജൻെറ മൊഴിയിൽ പൊരുത്തക്കേട് കണ്ടെത്തിയതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിൻെറ ചുരുളഴിഞ്ഞത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിൽ സംസ്‌കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.