തിരുവമ്പാടി: മുത്തപ്പൻപുഴയിലെ വീട്ടിൽ മാവോവാദികളെത്തി ഭക്ഷണം പാകംചെയ്തു കഴിച്ചു മടങ്ങി. തുറക്കൽ ജോജോയുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി എട്ടരയോടെ മാവോവാദികളെന്ന് അവകാശപ്പെട്ട് ആയുധധാരികളായ മൂന്നു പേർ എത്തിയത്. മാവോവാദികളായ സോമൻ, സന്തോഷ്, നന്ദകുമാർ എന്നിവരാണ് വീട്ടിലെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. വയനാട്ടിലേക്കുള്ള ബദൽ പാതക്കെതിരെ നിലപാട് സ്വീകരിക്കണമെന്ന് മാവോവാദികൾ ആവശ്യപ്പെട്ടെന്ന് ജോജോ പറഞ്ഞു. മലയാളത്തിൽ സംസാരിച്ച ഇവർ സി.പി.എമ്മിനെ നിശിതമായി വിമർശിക്കുന്ന 'കനൽപാത' എന്ന തലക്കെട്ടിലുള്ള ലഘുലേഖ വീട്ടുകാർക്ക് നൽകി. പ്രളയ പുനർനിർമാണത്തിനായി എ.ഡി.ബി, ഐ.എം.എഫ് എന്നിവയെ ആശ്രയിക്കുന്ന സി.പി.എം നേതാക്കൾ പാർട്ടി പരിപാടി വായിക്കണമെന്ന് സി.പി.ഐ മാവോയിസ്റ്റിൻെറ പേരിലുള്ള ലഘുലേഖ ആവശ്യപ്പെടുന്നുണ്ട്. ഭൂമിക്കും മനുഷ്യനുമെതിരായ കോർപറേറ്റ്-മൂലധന-വികസന ഭീകരതയെ ചെറുക്കണമെന്നും ആഹ്വാനമുണ്ട്. വീട്ടിൽനിന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ച് പത്തരയോടെയാണ് ഇവർ മടങ്ങിയത്. ജോജോയുടെ ഭാര്യ, അമ്മ, രണ്ടു മക്കൾ എന്നിവർ വീട്ടിലുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ തിരുവമ്പാടി പൊലീസ് വീടും പരിസരവും പരിശോധിക്കാനെത്തി. നേരത്തേ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മേലെ പൊന്നാങ്കയത്തും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറംതോട്ടിലും മാവോവാദികളെന്ന് സംശയിക്കുന്നവരെത്തിയിരുന്നു. സമീപ ഗ്രാമപഞ്ചായത്തുകളായ കോടഞ്ചേരിയും പുതുപ്പാടിയും മാവോവാദി സാന്നിധ്യമുണ്ടെന്ന് പൊലീസ് സംശയിക്കുന്ന പ്രദേശങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.