ലൈഫ് പദ്ധതി: ജനുവരിയോടെ രണ്ടു ലക്ഷം വീടുകളുടെ നിർമാണം പൂര്‍ത്തിയാക്കും

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിൻെറ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 2020 ജനുവരിയോടെ രണ്ടു ലക്ഷം വീടുകളു ടെ നിർമാണം പൂര്‍ത്തിയാക്കുമെന്ന് പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ യു.വി. ജോസ്. ഇതുവരെ 1.51 ലക്ഷം വീടുകളുടെ നിർമാണം പൂര്‍ത്തിയായി. രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി നിർമാണം മുടങ്ങിക്കിടന്നിരുന്ന വീടുകളുടെ പൂര്‍ത്തീകരണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിർവഹിച്ചത്. ഇവയില്‍ 96 ശതമാനം പൂര്‍ത്തിയായി. ജനുവരിയോടെ 98 ശതമാനമാകും. ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അവശേഷിക്കുന്ന രണ്ടു ശതമാനം പൂര്‍ത്തിയാക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. രണ്ടാംഘട്ടത്തില്‍ ആരംഭിച്ച പുതിയ വീടുകളില്‍ 60 ശതമാനത്തിൻെറ നിർമാണം പൂര്‍ത്തിയായി. 20 ശതമാനംകൂടി ഉടനെ പൂർത്തിയാകും. പരിപാടിക്ക് മുന്നോടിയായി ലൈഫ് പദ്ധതിയില്‍ വീട് നിർമാണം പൂര്‍ത്തിയായ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ബ്ലോക്ക്- നഗരസഭാ-കോര്‍പറേഷന്‍ തലങ്ങളിലും ജില്ല തലത്തിലും നടത്തും. ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയാണ് ബ്ലോക്ക്-ജില്ലാതല സംഗമങ്ങള്‍ നടത്തുക. ലൈഫ് ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനാണ് കുടുംബ സംഗമത്തോടൊപ്പം 20ഓളം വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി അദാലത്തുകളും സംഘടിപ്പിക്കുന്നതെന്ന് യു.വി. ജോസ് പറഞ്ഞു. ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ഇതോടനുബന്ധിച്ച് നടത്തും. കുടുംബ സംഗമങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കലക്ടറേറ്റ് കോൺഫറന്‍സ് ഹാളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍നിന്നുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ മേഖലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കലക്ടറേറ്റ് കോൺഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ലൈഫ് മിഷന്‍ ഡെപ്യൂട്ടി സി.ഇ.ഒ സാബു കുട്ടൻ, കോഴിക്കോട് എ.ഡി.എം റോഷ്‌നി നാരായണന്‍, അസിസ്റ്റൻറ് കലക്ടര്‍ മേഘശ്രീ, ലൈഫ് മിഷന്‍ ജില്ല കോഒാഡിനേറ്റര്‍മാരായ ജോർജ് ജോസഫ് (കോഴിക്കോട്), സിബി വര്‍ഗീസ് (വയനാട്), അനില്‍ കെ.എന്‍ (കണ്ണൂർ), വില്‍സണ്‍ (കാസർകോട്), നാല് ജില്ലകളില്‍നിന്നുമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.