അടിച്ചേൽപിക്കുന്ന വിശ്വാസത്തിൽ രാജ്യങ്ങൾ നിലനിൽക്കില്ല -മന്ത്രി കെ.ടി. ജലീൽ

കോഴിക്കോട്: വിശ്വാസം ഒരു ജനതയെയും രാഷ്ട്രമായി ഒന്നിപ്പിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഒ.പി. അബ്ദുസ്സലാം മൗലവി രചിച്ച 'നങ്കൂരം നഷ്ടപ്പെട്ടവർ' എന്ന നോവൽ മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹിമാന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വചനം ബുക്സ് ഡയറക്ടർ കെ. അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. ലോകത്താകമാനം ആളുകൾ തമ്മിലുള്ള അകലം വർധിച്ചുവരുകയാണ്. മതങ്ങൾ ജനങ്ങളെ അടുപ്പിക്കാൻ ശ്രമിക്കണം. അടിച്ചേൽപിക്കുന്ന വിശ്വാസത്താൽ ഒരു രാജ്യവും ശാശ്വതമായി നിലനിൽക്കില്ല. ഇക്കാര്യങ്ങൾ ഭരണത്തലവന്മാർ മനസ്സിലാക്കണം -മന്ത്രി പറഞ്ഞു. നന്മ നിറഞ്ഞ കഥാപാത്രങ്ങൾ മാത്രമുള്ള നോവലാണിതെന്ന് ഒ. അബ്ദുറഹ്മാൻ പറഞ്ഞു. ഒരു ദുഷ്ട കഥാപാത്രംപോലും ഈ നോവലിൽ ഇല്ല. നന്മയെയും മാനുഷിക മൂല്യങ്ങളെയും വീണ്ടെടുക്കേണ്ട കാലമാണിത്. സാമൂഹിക സാഹചര്യങ്ങളാണ് മോശം ആളുകളെ സൃഷ്ടിക്കുന്നത്. ആരും മോശക്കാരായി ജനിക്കുന്നില്ല. ദുരിതത്തിൽ അനുഭാവം കിട്ടാതെ വളരുന്നവരിൽ പൈശാചിക ചിന്തകൾ രൂപംകൊള്ളും. തെലങ്കാന സംഭവത്തെ സൂചിപ്പിച്ച് ഒ. അബ്ദുറഹ്മാൻ പറഞ്ഞു. സിംബാബ്വെ എന്നറിയപ്പെടുന്ന തെക്കൻ റൊഡേഷ്യയിലെ സ്വാതന്ത്ര്യ പോരാളികളുടെ ജീവിതത്തെപ്പറ്റിയുള്ള ചരിത്ര നോവലാണ് നങ്കൂരം നഷ്ടപ്പെട്ടവരെന്ന് പുസ്തക പരിചയം നടത്തിയ എ.പി. കുഞ്ഞാമു പറഞ്ഞു. താൻ കണ്ടറിഞ്ഞ ജീവിതത്തെ അതിൻെറ തനിമയോടെയുള്ള ആവിഷ്കാരമാണ് ഇൗ നോവലിലൂടെ ഗ്രന്ഥകാരൻ നടത്തിയിട്ടുള്ളെതന്ന് അദ്ദേഹം പറഞ്ഞു. യു.കെ. കുമാരൻ, ഡോ. കൂട്ടിൽ മുഹമ്മദലി, എ.കെ. അബ്ദുൽ മജീദ്, ഒ.പി. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. സിദ്ദീഖ് കുറ്റിക്കാട്ടൂർ സ്വാഗതവും ഇബ്രാഹിം കുട്ടി മാസ്റ്റർ പുത്തൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.