-നമ്മുടെ ഒാർബിറ്റർ നേരത്തെതന്നെ ലാൻഡറിനെ കണ്ടെത്തിയിരുന്നുവെന്ന് ചെയർമാൻ ഡോ. കെ. ശിവൻ ബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യത്തിൽ ചന്ദ്രൻെറ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ശ്രമത്തിനിടെ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിൻെറ അവശിഷ്ടങ്ങൾ കണ്ടെത്തിയ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അവകാശവാദത്തെ തള്ളി ഐ.എസ്.ആർ.ഒ. 100 കിലോമീറ്റർ പരിധിയിലെ ഭ്രമണപഥത്തിൽ ചുറ്റുന്ന ചന്ദ്രയാൻ-2 ദൗത്യത്തിലെ ഒാർബിറ്റർ, നേരത്തെതന്നെ വിക്രം ലാൻഡറിനെ കണ്ടെത്തിയിരുന്നുവെന്ന്് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ ബുധനാഴ്ച വ്യക്തമാക്കി. 'നമ്മുടെ സ്വന്തം ഒാർബിറ്റർ നേരത്തെതന്നെ വിക്രം ലാൻഡറിൻെറ സ്ഥലം കണ്ടെത്തിയിരുന്നു. സെപ്റ്റംബർ പത്തിനുതന്നെ ഇക്കാര്യം ഐ.എസ്.ആർ.ഒ ട്വീറ്റ് ചെയ്തിരുന്നു. വെബ്സൈറ്റിലൂടെയും ഇക്കാര്യം അറിയിച്ചിരുന്നു. ആവശ്യമുള്ളവർക്ക് അവ പരിശോധിക്കാം' എന്നായിരുന്നു ചെയർമാൻ കെ. ശിവൻെറ പ്രതികരണം. ചന്ദ്രയാൻ-2ലെ ഒാർബിറ്റർ വിക്രം ലാൻഡറിനെ കണ്ടെത്തിയെന്നും എന്നാൽ, ലാൻഡറുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു സെപ്റ്റംബർ പത്തിന് ട്വിറ്ററിലൂടെയും വെബ്സൈറ്റിലൂടെയും ഐ.എസ്.ആർ.ഒ ഒൗദ്യോഗികമായി അറിയിച്ചിരുന്നത്. ചന്ദ്രനെ വലയം ചെയ്യുന്ന നാസയുടെ ലൂനാർ നിരീക്ഷണ ഒാർബിറ്റർ പകർത്തിയ ചിത്രങ്ങളിൽനിന്നും തമിഴ്നാട്ടിലെ മധുര സ്വദേശിയായ എൻജീനിയർ ഷൺമുഖ സുബ്രഹ്മണ്യനാണ് ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇടിച്ചിറങ്ങിയതിൻെറ 700 മീറ്റർ വടക്കുപടിഞ്ഞാറ് ഭാഗത്ത് അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്. നാസ പുറത്തുവിട്ട ചിത്രങ്ങൾ താരതമ്യം ചെയ്തുള്ള ഷൺമുഖ സുബ്രഹ്മണ്യത്തിൻെറ നിഗമനം അവലോകനം ചെയ്ത നാസ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ, നാസയുടെ ഈ അവകാശവാദമാണിപ്പോൾ ഐ.എസ്.ആർ.ഒ തള്ളിക്കളഞ്ഞിരിക്കുന്നത്. സെപ്റ്റംബർ ഏഴിന് പുലർച്ചെ നടന്ന സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടശേഷം സെപ്റ്റംബർ പത്തിന് തന്നെ ലാൻഡർ കണ്ടെത്തിയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിടാൻ തയാറായിരുന്നില്ല. ഇതിനിടയിൽ നാസ അവരുടെ ലൂനാർ നിരീക്ഷണ ഒാർബിറ്റർ പകർത്തിയ പുറത്തുവിടുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബർ 21നാണ് ചന്ദ്രോപരിതലത്തിൽനിന്നും 7.4 കിലോമീറ്റർ അകലെവെച്ച് നിയന്ത്രണം നഷ്ടമായ വിക്രം ലാൻഡറിൻെറ വേഗം കുറക്കാനാകാതെ 500 മീറ്റർ ഉയരത്തിൽനിന്നും ഇടിച്ചിറങ്ങുന്നതെന്ന് കേന്ദ്ര സർക്കാർ ഒൗദ്യോഗികമായി അറിയിച്ചത്. സോഫ്റ്റ് ലാൻഡിങ് ദൗത്യം പരാജയപ്പെട്ടതിനുശേഷം കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നതിലുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ വാദങ്ങൾക്കിടയായതെന്ന അഭിപ്രായവും ശക്തമാണ്. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.