കോഴിക്കോട്: തലക്കുളത്തൂരിലെ എലിയറമലയിൽ പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെ ചെങ്കൽ ഖനനത്തിന് അനുമതി നൽകിയ മൈനിങ് ആൻഡ് ജിയോളജിക്കൽ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിക്ഷിപ്ത താൽപര്യമുണ്ടെന്ന് വി.എം. സുധീരൻ. പ്രദേശത്തിൻെറ കുടിവെള്ളം മുട്ടിച്ചുകൊണ്ട് എലിയറ മലയിൽ വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ചെങ്കൽ ഖനനത്തിനെതിരെ എലിയറമല സംരക്ഷണ സമിതിയുടെ ജനകീയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖനനത്തിന് അനുമതി നൽകുകയും അത് വർഷാവർഷം പുതുക്കുകയും ചെയ്യുന്നത് ഉദ്യോഗസ്ഥർക്കും മുകളിലുള്ളവർക്കും നല്ല സാമ്പത്തിക സഹായം ലഭിച്ചതുകൊണ്ടാണ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. സമരസമിതി വൈസ് ചെയർമാൻ കെ.കെ. ഷാജിക്കെതിരായ വധശ്രമം നടന്നിട്ട് 53 ദിവസങ്ങൾ പിന്നിട്ടു. ഒരാളെപ്പോലും പിടികൂടിയിട്ടില്ല. പൊലീസ് സംവിധാനത്തിലെ നിഷ്ക്രിയത പൊറുക്കാനാവില്ല. ഷാജിയെ ആക്രമിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സുധീരൻ പറഞ്ഞു. എലിയറമല സംരക്ഷണ സമിതി ചെയർമാൻ കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തലക്കുളത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രകാശൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻറ് കെ. പ്രകാശൻ, മാസ് മൂവ്മൻെറ് സെക്രട്ടറി പി.ടി. ഹരിദാസ്, കുറ്റ്യാടി മലയോര സംരക്ഷണ സമിതി ചെയർമാൻ ടി. നാരായണൻ വട്ടോളി, സംസ്കൃതി കോഴിക്കോട് പ്രതിനിധി ബിജു ആൻറണി, ഷൗക്കത്തലി ഇറോത്ത്, തണൽ പ്രതിനിധി ബി.എസ്. സനാഥ് എന്നിവർ സന്നിഹിതരായിരുന്നു. എലിയറമല സംരക്ഷണ സമിതി രക്ഷാധികാരി കെ.പി. രാജശേഖരൻ സ്വാഗതവും മുഖ്യരക്ഷാധികാരി ഇ.പി. രത്നാകരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.