മദ്യത്തിൻെറ പിടിയില്‍പ്പെട്ട് കേരളം ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു -വി.എം. സുധീരൻ കോഴിക്കോട്: മദ്യത്തിൻെറ പിടിയില്‍പ്പെട്ട് കേരളം സ്വയം ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. തിരുവനന്തപുരം കൈതമുക്കിലെ കുടുംബത്തെ കൊടുംപട്ടിണിയിലേക്ക് തള്ളിവിട്ടതിൻെറ പ്രധാന കാരണം ഗൃഹനാഥൻെറ മദ്യപാനമാണ്. സര്‍ക്കാര്‍ വ്യാപകമായി മദ്യമൊഴുക്കുകയാണെന്നും ഇതിനെതിരെ സജീവ ഇടപെടലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച് വിചാര്‍വേദി സംഘടിപ്പിച്ച ചടങ്ങില്‍ ഇ. അഹമ്മദ് അവാര്‍ഡ് സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്കും കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനിക്കും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിത്വമാണ് സി.എച്ച്. മുഹമ്മദ് കോയ. രാജ്യത്തിൻെറ അനൗപചാരിക അംബാസഡറായി ലോകം മുഴുവന്‍ ഇന്ത്യയുടെ നയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച വ്യക്തിയാണ് ഇ. അഹമ്മദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാണക്കാട് മുഈന്‍അലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുന്‍ പ്രസിഡൻറ് എം.എം. ഹസന്‍ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വിചാര്‍വേദി ട്രഷറര്‍ എം.വി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. മാധ്യമം -മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാന്‍, നവാസ് പൂനൂര്‍, അഡ്വ. പി.എം. സുരേഷ്ബാബു, മലയില്‍ അബ്ദുല്ലകോയ, ഡോ. ഹുസൈന്‍ മടവൂര്‍, നാസർ ഫൈസി കൂടത്തായ്, ഡോ. ഹുസൈന്‍ രണ്ടത്താണി, കമാല്‍ വരദൂര്‍, സി. മോയിന്‍കുട്ടി, ഉമര്‍ പാണ്ടികശാല, എന്‍.സി. അബൂബക്കര്‍, അഡ്വ. പി.എം. ഹനീഫ, കെ. മൊയ്തീന്‍കോയ, എം.എ. മജീദ്, ടി.പി.എം. ജിഷാന്‍ തുടങ്ങിയവർ സംസാരിച്ചു. പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.പി. അബ്ദുല്ലകോയ മദനി എന്നിവർ മറുപടി പ്രസംഗം നടത്തി. വിചാർ വേദി ജനറൽ സെക്രട്ടറി പി. ഇസ്മായില്‍ സ്വാഗതവും വൈസ് പ്രസിഡൻറ് ഇ.വി. ഉസ്മാന്‍കോയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.