-തള്ളാതെയും കൊള്ളാതെയും എച്ച്.ഡി. ദേവഗൗഡ ബംഗളൂരു: കർണാടകയിലെ ഉപതെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി സർക്കാറിനെ അധികാരത്തിൽനിന്നു താഴെയിറക്കാൻ ജെ.ഡി.എസുമായുള്ള സഖ്യസാധ്യതകൾ സജീവമാക്കി കോൺഗ്രസ്. സംശയങ്ങൾക്ക് ബലംപകർന്നുകൊണ്ട് തിങ്കളാഴ്ച കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ഹുബ്ബള്ളി വിമാനത്താവളത്തിൽ കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ജെ.ഡി.എസുമായുള്ള സഖ്യം ചേരുന്നത് സംബന്ധിച്ച് കർണാടകയിലെ നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെതുടർന്ന് കുമാരസ്വാമി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ താത്കാലികമായി ഹുബ്ബള്ളി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ബെളഗാവിയിൽനിന്നും ചിക്കബെല്ലാപുരിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുകയായിരുന്നു കുമാരസ്വാമി. ഇതിനിടയിലാണ് ഹുബ്ബള്ളിയിൽനിന്നും ബംഗളൂരുവിലേക്ക് വരുകയായിരുന്ന ശിവകുമാറുമായി എയർപോർട്ടിലെ വി.ഐ.പി ലോഞ്ചിൽ 20 മിനിറ്റിലധികം കൂടിക്കാഴ്ച നടത്തിയത്. സഖ്യസാധ്യത സമ്മതിച്ച് പ്രതികരിക്കാത്ത കുമാരസ്വാമി, തെരഞ്ഞെടുപ്പ് ഫലം വരുന്ന ഡിസംബർ ഒമ്പതിനുശേഷം വ്യക്തമാകുമെന്നാണ് പ്രതികരിച്ചത്. സഖ്യസാധ്യതകൾ കോൺഗ്രസ് തുറന്നിടുമ്പോഴും ഇക്കാര്യത്തിൽ കൃത്യമായ മറുപടി ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ ദേവഗൗഡ നൽകിയിട്ടില്ല. ബി.ജെ.പിയുമായും കോൺഗ്രസുമായും ഭരണം നടത്തി ജെ.ഡി.എസിന് പരിചയമുണ്ടെന്നും ഇപ്പോൾ രണ്ടുകൂട്ടരെയും അകലത്തിൽ നിർത്തുകയാണെന്നും പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമമെന്നും ദേവഗൗഡ തിങ്കളാഴ്ച പ്രതികരിച്ചു. കോൺഗ്രസിനും ബി.ജെ.പിക്കും 'നമസ്കാരം' എന്നുപറഞ്ഞായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം. കൃത്യമായ നിലപാട് പറയാതെ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം കാര്യങ്ങൾ തീരുമാനിക്കാമെന്ന നിലപാടാണ് ജെ.ഡി.എസിൻെറതെന്ന സൂചനയാണ് കുമാരസ്വാമിയും ദേവഗൗഡയും നൽകുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡോ. ജി. പരമേശ്വര, വീരപ്പ മൊയ്ലി ജെ.ഡി.എസുമായി വീണ്ടും സഖ്യം ചേരാനുള്ള സാധ്യതയുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളിൽ ആറു സീറ്റെങ്കിലും നേടിയാലെ ബി.ജെ.പിക്ക് ഭരണത്തിൽ തുടരാനാകു. ഒമ്പതു സീറ്റിൽ കൂടുതൽ കോൺഗ്രസിന് വിജയിക്കാനായാൽ ജെ.ഡി.എസുമായും ബി.എസ്.പിയുടെ ഒരംഗവുമായും ചേർന്നുകൊണ്ട് ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് കോൺഗ്രസ് നേതാവ് വി.എസ്. ഉഗ്രപ്പ തിങ്കളാഴ്ച അവകാശപ്പെട്ടു. സഖ്യസാധ്യത സംബന്ധിച്ച് കോൺഗ്രസ് ഹൈകമാൻഡ് ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി ചർച്ച നടത്തുമെന്നും പിന്തുണ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.