കോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതി വിധി കോടതിതന്നെ കണ്ടെത്തിയ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന ് എസ്.ഐ.ഒയും സോളിഡാരിറ്റിയും സംഘടിപ്പിച്ച ബഹുജന സംഗമം 'ബാബരി: നീതിയാണ് പരിഹാരം' അഭിപ്രായപ്പെട്ടു. ഇത്തരം നീതി നിഷേധങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും നിലനിൽക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം നീതിക്കായുള്ള ഈ പോരാട്ടത്തിൽ അണിനിരക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സന്തുലിതമാണെന്നത് വാസ്തവമല്ലെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കേസിൽ മുഖ്യകക്ഷിയായ മുസ്ലിംകളോടുള്ള വ്യക്തമായ അനീതിയാണ് വിധിയിലെ പരാമർശങ്ങൾ. വിധി പൂർണമായും നീതിപൂർവമാണെന്ന് പറയുന്നവർതന്നെ പ്രതികരണങ്ങൾ തടയുന്നത് വൈരുധ്യമാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ധീരമായി ഉപയോഗിക്കണമെന്നും അതു ജനാധിപത്യവും ഭരണകൂടവും നമുക്കു നൽകുന്ന അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയെ മാനിക്കുമ്പോൾതന്നെ അതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള അവകാശം വിനിയോഗിക്കുകയാണെന്നും ഇത്തരം വിധികൾ സമുദായത്തിൻെറ മാത്രമല്ല എല്ലാ ജനങ്ങളുടെയും പ്രശ്നമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. ഭരണഘടനയെയും അതിൻെറ മൂല്യങ്ങളെയും പ്രതിസന്ധിയിലാക്കുന്നതാണ് ഇൗ വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ നിയമ വ്യവസ്ഥയിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം നിലനിർത്താൻ നീതിനിഷേധങ്ങൾക്കെതിരായ പോരാട്ടം അനിവാര്യമാണെന്ന് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ അധ്യക്ഷതവഹിച്ചു. എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് ലബീദ് ഷാഫി, അബ്ദുശുക്കൂർ അൽ ഖാസിമി, എൻ.പി. ചെക്കുട്ടി, അഡ്വ. പി.എ. പൗരൻ, എ. സജീവൻ, ഗോപാൽ മേനോൻ, കടയ്ക്കൽ ജുനൈദ്, വി.ആർ. അനൂപ്, കെ.എ. ഷാജി, അംബിക, ശിഹാബ് പൂക്കോട്ടൂർ, സി.വി. ജമീല, കെ.എസ്. നിസാർ, അഫീദ അഹമ്മദ് എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി സ്വാഗതവും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എ. നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.