നാലാമത്തെ കുഞ്ഞും പെണ്ണായതിനാൽ ഭർത്താവ്​ ഉപേക്ഷിച്ചു; പരാതിയുമായി യുവതി വനിത കമീഷനിൽ

കോഴിക്കോട്: ജനിച്ച നാലു മക്കളും പെൺകുട്ടികളായതിൻെറ പേരിൽ ഭർതൃവീട്ടിൽ നിന്നനുഭവിക്കുന്ന പീഡനങ്ങൾ തുറന്നുപറ ഞ്ഞ് മുപ്പത്താറുകാരി വനിത കമീഷന് മുമ്പിലെത്തി. നാലാമത്തെ കുഞ്ഞിന് രണ്ടുമാസം മാത്രമാണ് പ്രായം. പതിനെട്ടാം വയസ്സിൽ വിവാഹം കഴിഞ്ഞു. പൊലീസ് അന്വേഷണത്തിനിടെ മാതാവിന് അനുകൂലമായി സംസാരിച്ചതിന് മൂത്തമകളെ ഭർത്താവ് ഉപദ്രവിച്ചിരുന്നു. കേസ് കൊടുത്ത് ഭർതൃഗൃഹത്തിൽ താമസിക്കാനുള്ള വിധി നേടിയെങ്കിലും വീട്ടിൽ താമസിക്കാൻ തുടങ്ങിയപ്പോൾ സമ്മർദം ചെലുത്തി കേസ് പിൻവലിപ്പിച്ചു. പിന്നീട് ദിവസങ്ങൾക്കുള്ളിൽ വീട്ടിൽനിന്ന് പുറത്താക്കിയെന്നും യുവതി ആരോപിക്കുന്നു. യുവതിയെ മാനസിക രോഗിയായി ചിത്രീകരിച്ച് വിവാഹമോചനം നേടാനുള്ള ശ്രമമാണ് ഭർതൃവീട്ടുകാർ നടത്തുന്നത്. അതിനിടെ യുവതിയെയും മക്കളെയും അറിയിക്കാതെ ഒരുമാസം മുമ്പ് ഭർത്താവ് വിദേശത്തേക്ക് കടന്നുവെന്നും യുവതി പറയുന്നു. കേസിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ വനിത കമീഷൻ തീരുമാനിച്ചു. ഇത്തരം കാര്യങ്ങളിൽ പുരുഷന്മാരുടെ സമീപനത്തിൽ മാറ്റം ഉണ്ടായാൽ മാത്രേമ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരം കാണാൻ കഴിയൂവെന്ന് വനിത കമീഷൻ അംഗം അഡ്വ. എം.എസ്. താര പറഞ്ഞു. പ്രേമാഭ്യർഥന നിരസിച്ചതിൻെറ പേരിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച യുവാവിനെ 48 മണിക്കൂറിനുള്ളിൽ അറസ്റ്റുചെയ്യാൻ വനിത കമീഷൻ പൊലീസിനോട് നിർദേശിച്ചു. തന്നെ ഉപദ്രവിച്ച ബസ് ജീവനക്കാരനായ യുവാവിനെ പൊലീസ് പിടികൂടുന്നില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് അത്തോളി സ്വദേശിനി വനിത കമീഷന് മുന്നിലെത്തിയത്. ചൊവ്വാഴ്ച പൊലീസിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. പ്രതി ഒളിവിലാണെന്നും കണ്ടെത്താനുള്ള നടപടികൾ നടക്കുകയാണെന്നുമായിരുന്നു പൊലീസ് ഇന്ന് അദാലത്തിന് ഹാജരായി അറിയിച്ചത്. എന്നാൽ, യുവാവ് പല നമ്പറുകളിൽനിന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്ന കാര്യം പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ യുവാവിനെ അറസ്റ്റുചെയ്യണമെന്നും കമീഷൻ അംഗം അഡ്വ. എം.എസ്. താരയും ഇ.എം. രാധയുമടങ്ങിയ ബെഞ്ച് എസ്.ഐക്ക് നിർദേശം നൽകി. നാലു മക്കൾ ഉപേക്ഷിച്ച വൃദ്ധയായ മാതാവും കമീഷന് മുന്നിലെത്തി. ഇവരുടെ ചെറുപ്പത്തിലേ ഭർത്താവ് മരിച്ചു. തുടർന്ന് വളരെ പ്രയാസപ്പെട്ടാണ് നാലു മക്കളെയും വളർത്തി വലുതാക്കിയത്. എന്നാൽ, ക്രൂരമായാണ് മക്കൾ ഇവരെ ഉപദ്രവിച്ചിരുന്നത്. അനാഥാലയത്തിൽ കഴിയുന്ന ഇവർക്ക് മരുന്നിനുപോലും പണം നൽകാൻ മക്കൾ തയാറാകുന്നില്ല. ഒരു മകൻ നേരേത്ത മരിച്ചു. അദ്ദേഹത്തിൻെറ കുടുംബം വിദേശത്താണ്. മറ്റു മക്കളാകട്ടെ അമ്മയെ പൂർണമായി ഉപേക്ഷിച്ചനിലയിലാണ്. കമീഷൻ നിർദേശപ്രകാരം ഒരു മകൻ അദാലത്തിൽ ഹാജരായി. എന്നാൽ, നടപടികളിലേക്ക് പോകാൻ അമ്മക്ക് താൽപര്യമില്ലെന്ന് എം.എസ്. താര പറഞ്ഞു. മക്കളെ കേസിൽ പെടുത്താനും കോടതി കയറ്റാനും അമ്മ ആഗ്രഹിക്കുന്നില്ല. വീട്ടിലെ ആദായം പൊലീസ് സഹായത്തോടെ അമ്മക്ക് എടുക്കാനുള്ള നടപടിക്രമങ്ങൾ താൽക്കാലികമായി സ്വീകരിക്കുമെന്ന് കമീഷൻ വ്യക്തമാക്കി. മറ്റൊരു കേസ് മെഡിക്കൽ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രസവ ചികിത്സക്കിടെ പിഴവുപറ്റിയെന്ന് ആരോപിച്ചുള്ളതായിരുന്നു. ചികിത്സപ്പിഴവുമൂലം ആരോഗ്യപ്രശ്നം ഉണ്ടാവുകയും യുവതിയുടെ ഒരു വൃക്ക മാറ്റിവെക്കേണ്ടിവരുകയുംചെയ്തുവെന്നും യുവതിയും കുടുംബവും ആരോപിക്കുന്നു. ചികിത്സക്കായി 15 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തത് ജപ്തിയുടെ വക്കിലാണ്. ആശുപത്രി നഷ്ടപരിഹാരം തരണമെന്നാണ് യുവതിയുടെ ആവശ്യം. െഎ.എം.സി.എച്ച് സൂപ്രണ്ട് കേസിൽ കമീഷൻ മുമ്പാകെ ഹാജരായി. ആശുപത്രിയുടെ ചികിത്സപ്പിഴവാണോ യുവതിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് പഠിക്കാൻ കമ്മിറ്റിെയ നിയോഗിക്കുമെന്നും കമ്മിറ്റിയുടെ കണ്ടെത്തൽ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 55 കേസുകളാണ് ഇന്ന് പരിഗണിച്ചത്. 11 കേസുകൾ തീർപ്പാക്കി. 22 കേസുകൾ ഡിസംബർ നാലിന് നടക്കുന്ന അദാലത്തിലേക്ക് മാറ്റി. 22 കേസുകളിൽ ഇരു കക്ഷികളും ഹാജരായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.