പ്രവാസിസംരംഭക അവാർഡ് കെ.പി. മുഹമ്മദിന്

നാദാപുരം: മികച്ച പ്രവാസി സംരംഭകന് പ്രവാസിലീഗ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ജെം ഓഫ് നാദാപുരം അച്ചീവ്മൻെറ് അവാർഡിന് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അർഹനായി. ഗൾഫിലും നാട്ടിലും നിരവധി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന അദ്ദേഹം ബിസിനസ് മേഖലയിലും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലും നടത്തിവരുന്ന സേവനം പരിഗണിച്ചാണ് അവാർഡ്‌ നൽകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബിരുദധാരിയും ഐ.ടി വിദഗ്ധനുമായ മുഹമ്മദ് രണ്ടുവർഷം പേരോട് ഹൈസ്കൂളിൽ ഐ.ടി അധ്യാപകനായിരുന്നു. 2006ൽ ദുബൈയിൽ പാർക്കോ സൂപർ മാർക്കറ്റിൽ സെയിൽസ്മാനായി പ്രവാസജീവിതം ആരംഭിച്ച മുഹമ്മദ് 2008ൽ ദുബൈയിൽ കെ.പി സൂപ്പർ മാർക്കറ്റ് എന്ന സംരംഭം തുടങ്ങി. ഇപ്പോൾ പത്ത് ബ്രാഞ്ചുകളുള്ള ബിസിനസ് ഗ്രൂപ്പാണിത്. ഇതിന് പുറമെ ഗ്രീൻ സോഫ്റ്റ് ടെക്നോളജി ഐ.ടി ബിസിനസ് ശൃംഖലയും ഇൻറർനാഷനൽ ജനറൽ ട്രേഡിങും ആരംഭിച്ചു. ജന്മനാടായ പേരോട് പ്രദേശത്തെ രണ്ടു മഹല്ലുകൾ കേന്ദ്രീകരിച്ച് സഹായ പദ്ധതിയായി ആരംഭിച്ച പെക്സയുടെ ജനറൽ സെക്രട്ടറി കൂടിയാണ് മുഹമ്മദ്. ഏഴിന് വ്യാഴാഴ്ച രാവിലെ 10ന് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജൂറി അംഗങ്ങളായ മുഹമ്മദ് ബംഗ്ലത്ത്, കെ. ഹേമചന്ദ്രൻ, ഹമീദ് വാണിമേൽ, പ്രവാസി ലീഗ് ഭാരവാഹികളായ സി.പി. സലാം, സിദ്ദിഖ് വെള്ളിയോട് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.