മേഖല സാമ്പത്തിക പങ്കാളിത്ത കരാര്‍; വയനാട്ടിൽ കർഷക രോഷം

നവംബർ ഒന്നിന് ബേത്തരിയിൽ റാലി സ്വന്തം ലേഖകൻ കൽപറ്റ: രാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍.സി.ഇ.പി) നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ നവംബര്‍ ഒന്നിന് പ്രതിഷേധ റാലി നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക പുരോഗമന സമിതി, കേരള കര്‍ഷക മുന്നണി, രാഷ്ട്രീയ കിസാന്‍ മഹാസംഘ്, കിസാന്‍ മിത്ര, വയനാടൻ ചെട്ടി സർവിസ് സൊസൈറ്റി തുടങ്ങിയ സംഘടനകൾ ചേര്‍ന്നാണ് കര്‍ഷക പ്രതിഷേധ സംഗമം നടത്തുന്നത്. ഉച്ചക്ക് രണ്ടിന് കോട്ടക്കുന്നില്‍നിന്ന് പ്രതിഷേധ റാലി ആരംഭിക്കും. സ്വതന്ത്ര മൈതാനിയില്‍ പ്രതിഷേധ സമ്മേളനം നടക്കും. ആസിയാന്‍ കരാര്‍മൂലം കഷ്ടത അനുഭവിക്കുന്ന കര്‍ഷകര്‍ക്കുള്ള ഇരുട്ടടിയാണ് നടപ്പാക്കാന്‍ പോകുന്ന ആര്‍.സി.ഇ.പി കരാര്‍. ക്ഷീരമേഖലയെ കരാർ പൂർണമായും തകർക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് അഖിലേന്ത്യ ജനറല്‍ കണ്‍വീനര്‍ ശിവകുമാര്‍ കാക്കാജി ഉദ്ഘാടനം ചെയ്യും. കാർഷിക പുരോഗമന സമിതി രക്ഷാധികാരി ബിഷപ് ഡോ. ജോസഫ് മാർ തോമസ്, തമിഴ്നാട് കർഷക നേതാവ് അയ്യാകണ്ണ്, മുനിസിപ്പൽ ചെയർമാൻ ടി.എൽ. സാബു, ഇൻഫാം ദേശീയ സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ, കിസാൻ മിത്ര സംസ്ഥാന ചെയർമാൻ ഡിജോ കാപ്പൻ, മഹാസംഘ് ദേശീയ കൺവീനർ കെ.വി. ബിജു, കർണാടകയിലെ കർഷക നേതാവ് ബസവ് രാജ് പട്ടീൽ തടങ്ങിയവർ പങ്കെടുക്കുമെന്ന് കാർഷിക പുരോഗമന സമിതി ചെയർമാൻ പി.എം. ജോയി അറിയിച്ചു. ഡോ. പി. ലക്ഷ്മണന്‍, കണ്ണിവെട്ടം കേശവന്‍ ചെട്ടി, ജോസ് കോട്ടത്തറ, വി.എസ്. ബെന്നി എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.