വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് കുട്ടിയെയാണ് ആദരിച്ചത് ബംഗളൂരു: ട്രാക്കിലേക്ക് വീഴാൻപോയ മൂന്നുവയസ്സുകാരി യെ സാഹസികമായി രക്ഷപ്പെടുത്തിയ ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിളും മലയാളിയുമായ മുഹമ്മദ് കുട്ടിക്ക് റെയിൽവേ മന്ത്രാലയത്തിൻെറ ആദരം. ദക്ഷിണ പശ്ചിമ റെയിൽവേയുടെ ബംഗളൂരു കെ.ആർ. പുരം റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിളായ വയനാട് മേപ്പാടി പൊന്നച്ചൻ വീട്ടിൽ മുഹമ്മദ് കുട്ടി (47) വീൽചെയറിലെത്തിയാണ് കഴിഞ്ഞദിവസം റെയിൽവേ മന്ത്രാലയത്തിൻെറ ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത്. മുഹമ്മദ് കുട്ടി ഉൾപ്പെടെ 35 പേരെയാണ് ചൊവ്വാഴ്ച പുരസ്കാരം നൽകി ആദരിച്ചത്. റെയിൽവേ സഹമന്ത്രി സുരേഷ് അങ്ങാടിയിൽനിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. സെപ്റ്റംബർ 12ന് കൃഷ്ണരാജപുരം (കെ.ആർ. പുരം) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം രണ്ടിൽനിന്നാണ് റെയിൽവേ ട്രാക്കിലേക്ക് വീഴാൻപോയ മൂന്നുവയസ്സുകാരിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഹമ്മദ് കുട്ടി രക്ഷപ്പെടുത്തിയത്. ഹൗറ എക്സ്പ്രസിൻെറ ജനറൽ കമ്പാർട്ട്മൻെറിലേക്ക് തിരക്കിട്ട് മാതാവും കുട്ടിയും കയറാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി താഴെ വീഴാൻ പോയത്. സമീപമുണ്ടായിരുന്ന മുഹമ്മദ് കുട്ടി കുട്ടിയെ പിടിക്കുകയായിരുന്നു. ഇതിനിടയിൽ മുട്ടു മടങ്ങിയാണ് മുഹമ്മദ് കുട്ടിക്ക് പരിക്കേറ്റത്. മുട്ടിനേറ്റ ഗുരുതര പരിക്കിനെ തുടർന്ന് കഴിഞ്ഞ മാസമാണ് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് റെയിൽവേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് കുട്ടി വീൽചെയറിൻെറയും ക്രച്ചസിൻെറയും സഹായത്തോടെയാണ് പുരസ്കാരം വാങ്ങാനെത്തിയത്. മേപ്പാടിയിൽനിന്ന് ഫുട്ബാൾ താരമായി വളർന്ന മുഹമ്മദ്കുട്ടി സ്പോർട്സ് േക്വാട്ടയിലൂടെയാണ് ആർ.പി.എഫിലെത്തുന്നത്. പ്രതിരോധ താരമായി ഇൻറർ യൂനിവേഴ്സിറ്റി, പൊലീസ്, ഇന്ത്യൻ റെയിൽവേ തുടങ്ങിയ ടീമുകളിൽ കളിച്ചിട്ടുണ്ട്. 24 വർഷമായി ആർ.പി.എഫിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ആറുമാസം മുമ്പാണ് മൈസൂരു ഡിവിഷനിൽനിന്ന് ബംഗളൂരുവിലെത്തുന്നത്. ഈ വർഷം അവസാനത്തോടെ ക്രച്ചസിൻെറ സഹായമില്ലാതെ നടക്കാനാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. തൻെറ ജോലിക്കിടെ ലഭിച്ച അംഗീകാരത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിതെന്നും പ്രചോദനമാണെന്നും മുഹമ്മദ് കുട്ടി പറഞ്ഞു. ജലീലയാണ് ഭാര്യ. മകൻ ജസീൽ മൈസൂരുവിൽ ഡയാലിസിസ് ടെക്നോളജി പഠിക്കുകയാണ്. മകൾ ജസ്ല മേപ്പാടി സൻെറ് ജോസഫ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. muhammadekutty: റെയിൽവേ സഹമന്ത്രി സുരേഷ് അങ്ങാടിയിൽനിന്ന് മുഹമ്മദ് കുട്ടി പുരസ്കാരം ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.