ബംഗളൂരു: ബംഗളൂരുവിലെ ബെലന്തൂരിലെ കാസവനഹള്ളിയിലെ അമൃത സ്കൂൾ ഒാഫ് എൻജിനീയറിങ് കോളജിലെ വിദ്യാർഥി ആത്മഹത്യ ചെയ ്ത സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം കനക്കുന്നു. സമൂഹ മാധ്യമങ്ങളിലും ഹർഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാർത്തകൾ സജീവമാണ്. നവമാധ്യമങ്ങളിൽ ജസ്റ്റിസ് ഫോർ ഹർഷ എന്ന ഹാഷ് ടാഗിൽ കാമ്പയിനും ശക്തമായിട്ടുണ്ട്. ബുധനാഴ്ചയും കോളജിന് മുന്നിൽ നടന്ന സമരത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. 'ലോകത്തിൻെറ അമ്മേ സ്വന്തം മക്കളെ മറക്കല്ലെ' എന്നപേരിൽ മലയാളത്തിൽ ഉൾപ്പെടെയുള്ള പ്ലക്കാർഡുകളുമേന്തിയാണ് സമരം. ജലക്ഷാമവും ഭക്ഷണത്തിലെ ഗുണനിലവാരക്കുറവും സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബർ അവസാനവാരം വിദ്യാർഥികൾ കോളജിൽ സമരം നടത്തിയിരുന്നെങ്കിലും അർധരാത്രിയായിട്ടും മാനേജ്മൻെറ് പ്രശ്നം പരിഹരിച്ചിരുന്നില്ല. വെള്ളം തരില്ലെന്നും ഭക്ഷണം ഇപ്പോൾ ഉള്ളതുപോലെത്തന്നെയായിരിക്കുമെന്നുമുള്ള നിഷേധാത്മക നിലപാടാണ് മാനേജ്മൻെറ് സ്വീകരിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു. തുടർന്ന് പ്രകോപിതരായ വിദ്യാർഥികളിൽ ചിലർ കോളജിലെ ബസുകളുടെ ചില്ല് തകർത്തിരുന്നു. എന്നാൽ, അക്രമ സംഭവത്തിൽ പങ്കെടുക്കാത്ത സമരത്തിൽ പങ്കെടുത്തിരുന്ന ഹർഷക്കും മറ്റു 19 പേർക്കുമെതിരെ അച്ചടക്ക സമിതി സസ്പെൻഷൻ നടപടിയെടുക്കുകയായിരുന്നു. 25,000 രൂപ പിഴയും 50,000 രൂപ മുൻകരുതൽ തുകയും അടക്കാനും നടപടി നേരിട്ടവരോട് ആവശ്യപ്പെട്ടിരുന്നു. കാമ്പസ് റീക്രൂട്ട്മൻെറിലൂടെ വാർഷിക വരുമാനം 16 ലക്ഷവും 20 ലക്ഷവും ലഭിക്കുന്ന ഹർഷക്ക് ലഭിച്ച രണ്ടു ജോലി ഒാഫറും തടഞ്ഞുവെക്കുമെന്ന് മാനേജ്മൻെറ് ഭീഷണിപ്പെടുത്തി. സസ്പെൻഷൻ നടപടി നേരിട്ട ഹർഷയുടെ പിതാവ് വിജയ് ഭാസ്കർ ഉൾപ്പെടെ തിങ്കളാഴ്ച കോളജിലെത്തിയെങ്കിലും മാനേജ്മൻെറിനെ കാണാൻ അനുവദിച്ചില്ല. സസ്പെൻഷൻ നടപടിയിൽ അവസാന നിമിഷം വരെ ഹർഷ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ജോലി ഒാഫർ ഉൾപ്പെടെ തടയുമെന്ന ഭീഷണി അധികൃതർ ആവർത്തിച്ചതോടെയാണ് കെട്ടിടത്തിൽനിന്നു ചാടിയതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഹർഷ ഒന്നാം നിലയിൽനിന്ന് കാലു തെന്നി വീഴുകയായിരുന്നുവെന്നാണ് അധികൃതർ പൊലീസിനോട് പറഞ്ഞിരുന്നതെന്നും അപകടം നടന്ന സ്ഥലത്തെ രക്തക്കറ ഉൾപ്പെടെ ഉടൻതന്നെ നീക്കം ചെയ്തതായും ആരോപണമുണ്ട്. അക്രമ സംഭവങ്ങളിൽ ഒരു തെളിവുമില്ലാതെയാണ് ഹർഷക്കെതിരെ നടപടിയെടുത്തതെന്നാണ് ആരോപണം. എന്നാൽ, സംഭവത്തിൽ മാനേജ്മൻെറിൽ നിന്ന് ഇതുവരെ ഒൗദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. -ജിനു നാരായണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.