വ്യാജ ഒസ്യത്ത്: ജോളിക്ക് സഹായം ചെയ്ത ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു

കോഴിക്കോട്: വ്യാജ ഒസ്യത്ത് നിർമിക്കാനും നികുതിയടക്കാനും കൂടത്തായി കേസിലെ പ്രതിജോളിയെ സഹായിച്ചെന്ന് കരുതുന് ന ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു. ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ പരിശോധനയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതി‍ൻെറ ഭാഗമായാണ് രണ്ട് പേരോട് വീണ്ടും മൊഴിയെടുപ്പിന് എത്താൻ നിർദേശിച്ചതും ഒരുമിച്ച് മൊഴിയെടുത്തതും. ആദ്യമൊഴികളിൽ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് തഹസിൽദാർ ജയശ്രീയെയും മുൻ കൂടത്തായി വില്ലേജ് ഓഫിസർ കിഷോർഖാനെയും ബുധനാഴ്ച വീണ്ടും വിളിപ്പിച്ചതും ഒരുമിച്ച് മൊഴിയെടുപ്പിച്ചതും. അതിനുശേഷം കലക്ടർ എസ്. സാംബശിവ റാവു ഇരുവരെയും ഒരുമിച്ചു കണ്ടു. ആദ്യം നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് തഹസിൽദാർ ജയശ്രീയെയും കിഷേർഖാനെയും വീണ്ടും വിളിച്ചുവരുത്തിയതെന്ന് ഡെപ്യൂട്ടി കലക്ടർ സി. ബിജു പറഞ്ഞു. ഉച്ചക്കു ശേഷം മുൻ പഞ്ചായത്ത് സെക്രട്ടറി ലാലു, സെക്ഷൻ ക്ലർക്ക് ഷറഫുദ്ദീൻ എന്നിവരിൽനിന്നാണ് മൊഴിയെടുത്തത്. ഇതോടെ വ്യാജഒസ്യത്ത് നിർമിച്ചതും നികുതി അടച്ചതും സംബന്ധിച്ച് നടക്കുന്ന വകുപ്പു തല അന്വേഷണങ്ങളുടെ ഭാഗമായുള്ള മൊഴിയെടുക്കൽ പൂർത്തിയായി. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും തുടർകാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കേണ്ടത് കലക്ടറാണെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ 14 ദിവസത്തെ സമയപരിധിയാണ് നൽകിയിരുന്നത്. രാവിലെ ആരംഭിച്ച മൊഴിയെടുക്കൽ രണ്ടുഘട്ടങ്ങളായി വൈകീട്ടുവരെ തുടർന്നു. വ്യാജ ഒസ്യത്ത് ഉപയോഗിച്ച് പൊന്നാമറ്റം വീടും 38.5 സൻെറ് സ്ഥലവും ജോളി സ്വന്തം പേരിലാക്കിയിരുന്നു. റോയി തോമസി‍ൻെറ സഹോദരൻ റോജോ നൽകിയ പരാതിയിലാണ് വ്യാജഒസ്യത്താണെന്ന് ബോധ്യപ്പെട്ടത്. ഭൂമിയുടെ ഉടമസ്ഥരല്ലാത്തവർ നികുതി അടച്ചത് സംബന്ധിച്ച് കൂടത്തായി വില്ലേജ് ഓഫിസർ പരിശോധിച്ച് കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് വിശദമായ റിപ്പോർട്ട് നൽകാൻ ലാൻഡ് റവന്യൂ ഡെപ്യൂട്ടി കലക്ടർ സി. ബിജുവിനെ കലക്ടർ ചുമതലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.