കൂടത്തായി: മാരത്തണ്‍ മൊഴിയെടുപ്പുമായി അന്വേഷണസംഘം

വടകര: കൂടത്തായി കൊലപാതക പരമ്പരയുടെ 'കമ്പോടുകമ്പ'റിയാന്‍ മാരത്തണ്‍ മൊഴിയെടുപ്പുമായി അന്വേഷണസംഘം. ഏറെ ഗൗരവത ്തോടെ കൈകാര്യം ചെയ്യേണ്ട കേസാണിതെന്നും വര്‍ഷങ്ങളുടെ പഴക്കവും ശാസ്ത്രീയ തെളിവുകളുടെ അഭാവവും വലിയ വെല്ലുവിളിയാണെന്നും എന്നാല്‍, കേസില്‍ ഒരിടത്തും വീഴ്ച വരാതിരിക്കാനുള്ള ശ്രമമാണിപ്പോഴുള്ളതെന്നും അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നടത്തിപ്പുകള്‍ പൂര്‍ണമായും രഹസ്യമാക്കിവെക്കുന്നതും അതുകൊണ്ടു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വടകര റൂറല്‍ എസ്.പി ഓഫിസിലും പയ്യോളിയിലെ ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലുമായാണ് മൊഴിയെടുപ്പ് നടന്നത്. എസ്.പി ഓഫിസില്‍ ചൊവ്വാഴ്ച രാത്രിവരെ നീണ്ട മൊഴിയെടുപ്പിനുശേഷം റോജോ തോമസും സഹോദരി റഞ്ചിയും ബുധനാഴ്ചയും മൊഴി നല്‍കാനെത്തി. ഒപ്പം, ജോളിയുടെ മക്കളായ റോമോ, റൊണാള്‍ഡ് എന്നിവരുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ പൊലീസ് ശേഖരിച്ച വിവരങ്ങളും ജോളിയില്‍നിന്നുലഭിച്ച മൊഴികളും തമ്മില്‍ ഒത്തുനോക്കുന്നതിനായാണ് റോജോയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്. ജോളിയുടെ പെരുമാറ്റത്തിലും മറ്റും റോജോ കാണിച്ച സംശയങ്ങളാണ് ആറുമരണങ്ങള്‍ക്കുപിന്നിലെ ദുരൂഹത നീക്കാന്‍ സഹായിച്ചത്. ഇതിനുപുറമെ, ജോളിയുള്‍പ്പെടെയുള്ളവരുടെ അറസ്റ്റിനുശേഷം നാട്ടിലുയര്‍ന്നുവരുന്ന ആരോപണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞിരുന്നു. ജോളിയുടെ വിപുലമായ സൗഹൃദം വീട്ടിനുള്ളില്‍ ഏതെങ്കിലും രീതിയിലുള്ള വിമര്‍ശനത്തിനിടയാക്കിയോ എന്നതടക്കമുള്ള വിഷയങ്ങള്‍ തിരക്കി. ഇതിനിടെ, ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ നേരത്തേയെടുത്ത മൊഴിയുടെ വ്യക്തതക്കായാണ് ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ചത്. ഉച്ചക്ക് 12.30ഓടെയെത്തിയ ഷാജുവിനെ ഒരു മണിയോടെ വിട്ടയച്ചു. വ്യക്തതവരുത്താന്‍ മാത്രമാണ് തന്നെ വിളിപ്പിച്ചതെന്ന് ചെറുചിരിയോടെ ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന് ഏലസ് കൊടുത്തെന്ന് പറയുന്ന ഇടുക്കി കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ രാവിലെ രാവിലെ 9.30ഓടെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. വൈകീട്ട് അഞ്ചിനാണ് വിട്ടയച്ചത്. റോയിയെയും ജോളിയെയും അറിയാമോ എന്ന ചോദ്യമാണ് പ്രധാനമായും ഉണ്ടായിരുന്നതെന്നാണ് മൊഴി നല്‍കിയശേഷം കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.