മല്ലുവല്ല, ഗൾഫിലെ മലയാളിയുടെ പേര് മൽബു

പ്രവാസികളുടെ കയ്പും മധുരവും നിറഞ്ഞ ജീവിതത്തിന്‍െറ നര്‍മത്തില്‍ പൊതിഞ്ഞ ആലേഖനമാണ് എം. അഷ്റഫിന്‍െറ മല്‍ബു കഥകള്‍. ഈ കഥകള്‍ വായിക്കുന്ന ഓരോ മലയാളിക്കും താനാണോ ഈ ‘മല്‍ബു’ എന്നൊരു തോന്നല്‍ ചില കഥകളിലെങ്കിലും തോന്നാതിരിക്കില്ല. കടല്‍കടന്ന മലയാളികളെ ഗള്‍ഫ് നാടുകളില്‍ പൊതുവെ മലബാരികളെന്ന് വിളിക്കാറുണ്ടെങ്കിലും മല്‍ബു എന്ന പ്രയോഗത്തിലൂടെ പുതിയൊരു കഥാവഴിതന്നെ തുറന്നിരിക്കയാണ് പ്രവാസികളുടെ ജീവിതം വരച്ചുവെക്കുന്ന ഈ എഴുത്തുകാരന്‍. ഒരു ശരാശരി പ്രവാസിയുടെ വ്യക്തിജീവിതത്തിലും ആവര്‍ത്തന വിരസതയോടെ കടന്നുപോകുന്ന ഒൗദ്യോഗിക ജീവിതത്തിലും നിരവധി തവണ കണ്ടുമുട്ടാറുണ്ട് ഇത്തരം മല്‍ബുകളെയും മല്‍ബികളെയും. കഥകളുടെ തലക്കെട്ടില്‍ തന്നെ വൈവിധ്യം സൃഷ്ടിച്ച് വായനക്കാരില്‍ ആകാംക്ഷ ഉണ്ടാക്കാന്‍ എഴുത്തുകാരന് കഴിഞ്ഞു. വായിച്ചു ചിരിയടക്കാന്‍ പറ്റാത്ത ‘പാസ്പോര്‍ട്ട് ടു ടോയ്ലറ്റും’ ‘നോര്‍ക്ക സൂപ്പര്‍മാര്‍ക്കറ്റും’ ‘ടോര്‍ച്ചില്ലാത്ത ബാച്ചി’യുമൊക്കെ നര്‍മം പകരുന്നുവെങ്കില്‍ ചില ജീവിതസത്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ‘വലിയ നില’, ‘കുടുംബ ജീവിതം ഗൂഗിളില്‍’ തുടങ്ങിയ കഥകള്‍. ഓരോ കഥയും നര്‍മംകൊണ്ടും  ചിന്തകൊണ്ടും വ്യത്യസ്തമാണ്.

‘പാസ്പോര്‍ട്ട് ടു ടോയ്ലറ്റ്’ എന്ന ഒരു കഥയുടെ തലക്കെട്ടില്‍നിന്നാണ് പുസ്തകത്തിന്‍െറ കവര്‍ വിരിഞ്ഞത്. ജിജ്ഞാസ ജനിപ്പിക്കുന്ന പാസ്പോര്‍ട്ടിന്‍െറ ഈ ചിത്രത്തിനു പിന്നില്‍. ഇക്കാലത്തും ഗള്‍ഫ് നാടുകളിലെ ഫ്ളാറ്റുകളില്‍ അനുഭവപ്പെടുന്ന വെള്ളക്ഷാമവും അതിനെ പ്രവാസികള്‍ നേരിടുന്ന രീതിയുമാണ്.  പുതുതായി എത്തിയ മല്‍ബുവിന് താമസപെര്‍മിറ്റും പാസ്പോര്‍ട്ടുമില്ലാത്തതിനാല്‍ ബാച്ലേഴ്സ് ഫ്ളാറ്റിലെ മറ്റു അന്തേവാസികളോടൊപ്പം പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സമീപത്തെ ഷോപ്പിങ് മാളിലേക്ക് പോകാന്‍ കഴിയുന്നില്ല. നിങ്ങള്‍ എന്തുകൊണ്ട് പോയില്ളെന്ന് അന്വേഷിക്കുന്ന നാട്ടിലെ മല്‍ബിയോട് നിഷ്കളങ്കനായ മല്‍ബു പറയുന്നു, എനിക്ക് പാസ്പോര്‍ട്ടില്ല. അതുകേട്ട മല്‍ബിയാണ് ഗള്‍ഫില്‍ ടോയ്ലറ്റില്‍ പോകാന്‍ പാസ്പോര്‍ട്ട് വേണമെന്ന കഥ മെനയുന്നത്. ഓരോ പ്രവാസിക്കുമുണ്ടാകും ഇതുപോലെ സങ്കടത്തിന്‍െറയും ചിരിയുടെയും കഥകള്‍. ആ കഥകള്‍ തേടിയുള്ള എഴുത്തുകാരന്‍െറ യാത്രയാണ് പ്രവാസികളുടെ മനസ്സില്‍ കാത്തു സൂക്ഷിക്കാനുള്ള മല്‍ബുകഥകള്‍ സമ്മാനിച്ചത്.

വലിയ നില എന്ന കഥ കെട്ടിടത്തിന്‍െറ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ഒരാളുടെ സങ്കടജീവിതമാണ് വരച്ചുകാണിക്കുന്നത്. ഒളിച്ചോടിയെന്ന് സ്പോണ്‍സര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് താമസരേഖയില്ലാത്തതിനാല്‍ ഫ്ളാറ്റിന്‍െറ പരിസരം വിടാന്‍പോലും സാധിക്കാതെ ഈ പാവത്തെ കുറിച്ച് നാട്ടില്‍ കുടുംബിനി ടെലിവിഷന്‍ ചാനലില്‍ പരാതിപ്പെടുന്നു. ഇയാള്‍ ഗള്‍ഫില്‍ വലിയ നിലയിലാണെന്ന് ചാനലിലെ അവതാരകന്‍ പറഞ്ഞത് ശരിയായിരുന്നു, കാരണം കെട്ടിടത്തിന്‍െറ ഏറ്റവും മുകളിലത്തെ ചായ്പ്പിലാണ് അയാള്‍ അന്തിയുറങ്ങിയിരുന്നത്.

ജോലിക്കിടയില്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് അലോപ്പതിയെ പേടിച്ച് നാട്ടില്‍പോകുന്ന മല്‍ബു ആയുര്‍വേദ ചികിത്സ നടത്തുന്ന പ്രശസ്തനായ വൈദ്യരെ കണ്ട് ഞെട്ടുന്നതാണ് ‘പൊറോട്ട ലേപനം’ എന്ന കഥ. മല്‍ബു താമസിച്ചിരുന്ന സ്ഥലത്തെ ഹോട്ടലില്‍ പൊറോട്ടയടിച്ചിരുന്നയാളാണ് നാട്ടില്‍ പേരുകേട്ട വൈദ്യനായി ചികിത്സിക്കുന്നത്. പലരും അങ്ങനെ തന്നെയാണ്. നാട്ടില്‍ ചെയ്ത ജോലിയോ യോഗ്യതക്കനുസരിച്ച തൊഴിലോ അല്ല ഗള്‍ഫില്‍ പലര്‍ക്കും ലഭിക്കാറുള്ളത്.

തൊഴില്‍ കിട്ടാന്‍ വ്യാജസര്‍ട്ടിഫിക്കറ്റ് തയാറാക്കുന്ന പ്രവാസിയുടെ കഥയും ഇതിലുണ്ട്, ‘പൊടിക്കാറ്റും ബി.കോമും’ എന്ന പേരില്‍. സര്‍ട്ടിഫിക്കറ്റിനു പഴക്കം തോന്നിക്കാന്‍ ടെറസിനു മുകളില്‍ വെയിലത്തു വെച്ച ബി.കോം സര്‍ട്ടിഫിക്കറ്റ് പൊടിക്കാറ്റ് കൊണ്ടുപോകുന്നതാണ് കഥ. നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കില്‍ ഗള്‍ഫില്‍ ലൈസന്‍സ് കിട്ടാന്‍ എളുപ്പമുള്ളതിനാല്‍ ഇതുപോലെ പലരും പഴക്കം തോന്നിക്കാന്‍ ലൈസന്‍സ് വെയിലത്തു വെക്കാറുണ്ട്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതായാല്‍ നമ്മുടെയൊക്കെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലുമുണ്ടാകുന്ന അസ്വസ്ഥതകളും കുഴപ്പങ്ങളും വരച്ചുകാണിക്കുന്നു ‘കുടുംബജീവിതം ഗൂഗിളില്‍’ എന്ന കഥ. ഇക്കാലത്ത് വാട്സ്ആപ്പും ഫേസ്ബുക്കും മുതിര്‍ന്നവരുടെയും ധാരാളം സമയം കവരുന്നുണ്ട്. നെറ്റില്ലാതായതോടെ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഒരു മല്‍ബി മറ്റു കാരണങ്ങള്‍ക്ക് മല്‍ബുവിനോട് തട്ടിക്കയറുന്നതാണ് ഈ കഥ.

ഇഖാമ പോക്കറ്റടിച്ച് കാശുണ്ടാക്കുന്ന കള്ളന്മാരില്‍നിന്ന് രക്ഷപ്പെടാന്‍ മല്‍ബുകള്‍ കാണിക്കാറുള്ള സൂത്രപ്പണികളും കഥക്ക് വിഷയമായിട്ടുണ്ട്.  ഇഖാമക്കുവേണ്ടി കള്ളന്‍ എവിടെയൊക്കെ തപ്പുമെന്ന് ബോധ്യമുള്ള മല്‍ബു ഷര്‍ട്ടിനും പാന്‍റ്സിനുമകത്ത് ഇഖാമ സൂക്ഷിക്കാനായി പ്രത്യേക പോക്കറ്റ് തയ്പ്പിക്കുന്നു. അവധിക്ക് നാട്ടില്‍പോയി തിരിച്ചു പോരാന്‍ സാധിക്കാത്ത ഒരാളുടെ വര്‍ക്ക്ഷോപ്പും വാഹനങ്ങളും വിറ്റു കിട്ടിയ തുക ജയില്‍ശിക്ഷ കഴിഞ്ഞ് അയാള്‍ തിരിച്ചുവരുന്നതുവരെ സൂക്ഷിച്ചുവെക്കുന്ന അറബിയെയാണ് ‘പണത്തിനു കാവലിരുന്ന കഫീല്‍’ എന്ന കഥയില്‍  പരിചയപ്പെടുത്തുന്നത്.  സ്വദേശിവത്കരണം ശക്തമാക്കിക്കൊണ്ടിരിക്കുന്ന വേളയില്‍ പ്രശ്നത്തിന്‍െറ മര്‍മമറിയാതെ രാഷ്ട്രീയക്കാരും നേതാക്കളും കാണിക്കുന്ന നാട്യങ്ങള്‍ തുറന്നുകാണിക്കുന്നതാണ് ‘നോര്‍ക്ക സൂപ്പര്‍മാര്‍ക്കറ്റ്’ എന്ന കഥ. പെണ്‍വേഷത്തിലത്തെി കടയിലെ ജോലിക്കാരനെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ പ്രവാസികള്‍ക്ക് സുപരിചിതമാണ്. അത്തരമൊരു സംഭവമാണ് ‘അമ്മായി വേഷ’മെന്ന കഥയിലെ വിഷയം.

പ്രവാസികളുടെ സുഖദു:ഖ സമ്മിശ്രമായ ജീവിതം വരച്ചിടുന്ന ഈ കഥകള്‍ അന്യനാട്ടിലെ കഠിനമായ അധ്വാനത്തിനൊടുവിലും കടവും കണ്ണീരും മാത്രം അവശേഷിക്കുന്ന സാധാരണ പ്രവാസിയുടെ ജീവിതമാണ് ചെറുചിത്രങ്ങളായി അഷ്റഫ് വരച്ചിടുന്നത്. ഇതിനിടയിലും കുടഞ്ഞുകളയാനാവാത്ത  മലയാളിയുടെ അല്‍പത്തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കറുത്ത ഹാസ്യമാണ് മല്‍ബുകഥകളുടെ പ്രധാന സവിശേഷത. മരുഭൂമിയിലെ ജീവിത വേദനകളുടെ കണ്ണുനീരുപ്പു രുചിച്ചുകൊണ്ട് ചിരിയില്‍ പൊതിഞ്ഞ കൗതുകത്തോടെ അവയെ നോക്കിക്കാണുന്ന ഇത്തരം ഒരു രചന പ്രവാസ ലോകത്തുനിന്ന് ആദ്യമാണെന്ന് നിസ്സംശയം പറയാം. കണ്ണൂര്‍ കേന്ദ്രമായ ബുക്ബെറി ഇന്ത്യയാണ് 99 രൂപ വിലയുള്ള ഈ പുസ്തകത്തിന്‍െറ പ്രസാധകര്‍.

Tags:    
News Summary - malbu stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.