ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്‍റെ വേദനാജനകമായ അവസ്ഥകളെ സാഹിത്യത്തിലൂടെ പുറംലോകത്തെത്തിച്ച പ്രമുഖ എഴുത്തുകാരനാണ് ഷോഭാശക്തി. പതിനഞ്ചാം വയസ്സിൽത്തന്നെ എൽ.ടി.ടി.ഇ.യുടെ ഭാഗമാകുകയും വിടുതലൈ പ്പോരാട്ടത്തിൽ പങ്കാളിയാകുകയും ചെയ്ത ഷോഭാശക്തി ഇന്നിപ്പോൾ പാരീസിൽ അഭയാർഥിയായി ജീവിക്കുന്നു. ഒപ്പം സാഹിത്യത്തെയും ചലച്ചിത്രത്തെയും തനിക്കൊപ്പം കൂട്ടി അവയെ തന്‍റെ പോരാട്ടത്തിന്‍റെ കരങ്ങളാക്കുന്നു.

ഷോഭാശക്തിയുടെ അന്താരാഷ്ട്ര പ്രശസ്തമായ നോവലാണ് മ്. കഥകളെല്ലാം കേട്ട് തലയാട്ടി മ് എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന തന്‍റെ ജനങ്ങൾക്കാണ് ഷോഭാശക്തി ഈ നോവൽ സമർപ്പിച്ചിരിക്കുന്നത്. ഒട്ടേറെ കഥാപാത്രങ്ങളുടെ അനുഭാവാഖ്യാനങ്ങളായി, ചെറിയ ചെറിയ കുറിപ്പുകളുടെ രൂപത്തിലാണ് നോവൽ ആഖ്യാനം ചെയ്തിരിക്കുന്നത്. സിംഹള വർഗീയ സർക്കാരിന്‍റെ അക്രമങ്ങൾക്കും വിടുതലൈപ്പുലികളുടെ ഭീകരതക്കും ഇടയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നഷ്ടമായൊരു ജനതയുടെ കഥയാണ് മ് പങ്കിടുന്നത്. ദേശകാലങ്ങൾക്കതീതമായി, എവിടെല്ലാം ഭരണവർഗവും അവരെ എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടങ്ങളുണ്ടോ അവിടങ്ങളിലെല്ലാം ഇത്തരത്തിൽ ചെകുത്താനും കടലിനും ഇടയിലകപ്പെട്ട സമൂഹങ്ങളുണ്ട്. അനുഭവത്തിന്‍റെ കാഠിന്യത്തിലുള്ള വ്യത്യാസങ്ങൾ മാത്രം കാണും. അതിനാൽ വളരെയേറെ പ്രസക്തമായൊരു ആഖ്യാനമാണ് മ്.

പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനാണ് മ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഒട്ടേറെ കഥാപാത്രങ്ങൾ തങ്ങളുടെ നേർക്കും കൺമുന്നിലും ഉണ്ടായ പീഡനാനുഭവങ്ങൾ പങ്കുവെക്കുന്നതായി ആഖ്യാനം ചെയ്യുന്ന ഈ നോവൽ ആൻ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകൾപോലെ അനേകം യുദ്ധാനന്തരക്കുറിപ്പുകൾക്കിടയിൽ വേറിട്ടുനിൽക്കുന്ന ഒന്നാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.