എസ്.ഐ യൂനിഫോമില്‍ രേഷ്മ, ചിത്രം: ടി.എച്ച്. ജദീർ

അച്ഛന്റെ ആഗ്രഹം സഫലമായി; എസ്.ഐ യൂനിഫോമില്‍ രേഷ്മ

തൃശൂര്‍: എസ്.ഐ യൂനിഫോമിടണമെന്ന അച്ഛന്റെ ആഗ്രഹം സഫലമായെങ്കിലും അത് കാണാൻ അദ്ദേഹം ഇല്ലാത്ത വേദനയിലാണ് എം.ആര്‍. രേഷ്മ തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ നടന്ന എസ്.ഐ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. തിരുവനന്തപുരം നെയ്യാറ്റിൻകര രാധാമണി ഭവനില്‍ പരേതനായ എ.എസ്.ഐ മണിയുടെയും രാധാമണിയുടെയും രണ്ടാമത്തെ മകളാണ് രേഷ്മ.

പ്ലസ് ടു വിന് ശേഷം തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജില്‍നിന്നാണ് രേഷ്മ ബി.എ.എം.എസ് പഠനം പൂര്‍ത്തിയാക്കിയത്. ഹൗസ് സര്‍ജന്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതിനിടയിലാണ് മകള്‍ എസ്.ഐ ആവണമെന്ന അച്ഛന്റെ ആഗ്രഹത്തില്‍ ടെസ്റ്റ് എഴുതി സെലക്ഷന്‍ ലഭിച്ചത്. പരിശീലനം തുടങ്ങി രണ്ട് മാസമായപ്പോഴാണ് അച്ഛന്റെ വേർപാട് ഉണ്ടായത്.

അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ മനസ്സിലുറപ്പിച്ച രേഷ്മക്ക് പിന്തുണയുമായി ഭര്‍ത്താവും കാസർകോട് ക്യാമ്പിലെ പൊലീസുകാരനുമായ വി.പി. അശ്വിനും ഒപ്പമുണ്ടായിരുന്നു. പരിശീലനത്തിന് തടസ്സം വരാത്ത രീതിയില്‍ മകൻ നിഹാറിന്റെ സംരക്ഷണം അശ്വിന്‍ എറ്റെടുത്തു. മാതാവ് രാധാമണിയും സഹായത്തിനെത്തിയതോടെ പിതാവിന്റെ സ്വപ്‌നം യാഥാർഥ്യമാകുകയായിരുന്നു. ഇത് കാണാന്‍ മണി ഉണ്ടായില്ലങ്കിലും രാധാമണി ഭര്‍ത്താവിന്റെ ഫോട്ടോയെടുത്ത് ബാഗില്‍ വെക്കാന്‍ മറന്നില്ല. പരേഡ് പൂര്‍ത്തിയാക്കി എത്തിയപ്പോള്‍ അച്ഛന്റെ ചിത്രവുമായി നില്‍ക്കുന്ന അമ്മയുടെ മുന്നില്‍ രേഷ്മയുടെ കണ്ണ് നിറഞ്ഞു.

ഒരു നിമിഷം രേഷ്മ അച്ഛന്റെ ഓർമകളിലേക്ക് മടങ്ങി. ചിത്രത്തിൽ നോക്കി അമ്മയെ കെട്ടിപ്പിടിച്ച്, അച്ഛന്റെ തലയില്‍ വെക്കാന്‍ കൊതിച്ച തൊപ്പി അമ്മയുടെ തലയില്‍ വെച്ചപ്പോള്‍ വേദസക്കിടയിലും മനസ്സിന് ആശ്വാസമായി. ‘അച്ഛനെപ്പോലെ സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയണം. ഒരാളെയെങ്കിലും സഹായിക്കാന്‍ കഴിയുന്നതില്‍ സന്തോഷം കണ്ടെത്തുന്നതാണ് അച്ഛന്റെ സ്വഭാവം. അത് തന്നെയാണ് താനും ആഗ്രഹിക്കുന്നത്’ എന്ന് പറഞ്ഞപ്പോഴും അറിയാതെ രേഷ്മയുടെ കണ്ണുകൾ നിറഞ്ഞു.

Tags:    
News Summary - Sub Inspector Reshma Parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.