ആയിരം രാമായണങ്ങൾ

വൈവിധ്യ പൂർണമായ ഇന്ത്യൻ സമൂഹത്തിന്റെ ബഹു സംസ്കാര അടയാളങ്ങൾ സംവഹിക്കുന്ന മഹത്തായ ഇതിഹാസ കാവ്യമാണ് രാമായണം. അതുകൊണ്ടു തന്നെ രാമായണം ഒരൊറ്റയായ കൃതിയല്ല. ആദികവിയെന്ന് വിശേഷിപ്പിക്കപ്പെട്ട വാല്മീകിയുടെ രാമായണത്തിലേക്ക് കേന്ദ്രീകരിച്ച് രാമായണത്തിന്റെ ഭിന്ന കഥാഖ്യാനങ്ങളെ നിരസിക്കുവാൻ സാധ്യമല്ലെന്നാണ് ആയിരക്കണക്കായ രാമായണ പാഠങ്ങൾ തെളിയിക്കുന്നത്.

ബ്രാഹ്മണ്യ പൗരോഹിത്യത്തെയും പുരുഷാധിപത്യ മനോഭാവത്തെയും ആൺകോയ്മയെയും അതിന്റെ സ്ത്രീ വിരുദ്ധതയെയും ചോദ്യം ചെയ്യുന്ന നിരവധി പ്രതിരാമായണങ്ങൾ ഇന്ത്യയിൽ തന്നെ ഉദയം ചെയ്തിട്ടുണ്ട്. സീതയെ വനത്തിൽ ഉപേക്ഷിച്ച രാമനെ നിശിതമായി വിമർശിക്കുന്ന കാളിദാസന്റെ രഘുവംശം പ്രതി പാരമ്പര്യത്തിലാണ് അന്തർഭവിക്കുന്നത്. ഭരണകൂടത്തെയും അധികാര ശക്തിയെയും പിന്തുണക്കുന്ന രാമ കഥയുടെ കോയ്മാ പാഠത്തെ രചനാത്മകമായി മറികടക്കുന്ന സാഹിത്യ പാഠങ്ങൾ ഇന്ത്യയുടെ വൈവിധ്യത്തെയും അത് ആന്തരികമായി എതിരിട്ടു കൊണ്ടിരുന്ന പ്രതി സംസ്കാരത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയുമാണ് തുറന്നിടുന്നത്.

"രാമായണങ്ങൾ പലതും കവിവര -/ രാമോദമോടെ പറഞ്ഞു കേൾപ്പുണ്ടു ഞാൻ /ജാനകിയോടു കൂടാതെ രഘുവരൻ /

കാനനവാസത്തിനെന്നു പോയിട്ടുള്ളൂ " എന്ന എഴുത്തച്ഛന്റെ വരികൾ രാമായണ പാഠങ്ങളുടെ ബഹുസ്വരമായ പാരമ്പര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. കോയ്മാ പാഠം യുദ്ധത്തെ അനിവാര്യമാക്കുമ്പോൾ യുദ്ധത്തെ നിരസിക്കുന്ന രാമായണ പാഠങ്ങൾ ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്നു. ചൈനയിലെ ഹിഷിയുച്ചി, കംബോഡിയൻ രാമായണം, ഹനുമാനെ സംബന്ധിച്ച വിചിത്ര കഥകൾ ഉള്ളടങ്ങിയ ലാവോസ് രാമായണം, ജാവനീസ് രാമായണം, മലയൻ രാമായണം, മലേഷ്യൻ രാമായണം, ഖോത്താനി രാമായണം, ജപ്പാനിലെ രാമായണ കഥ, തായ്ലൻഡിലെ രാമായണം എന്നിവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രമല്ല ലോകമാകെ വ്യാപിച്ച രാമായണ കഥാ പാഠങ്ങളുടെ വൈവിധ്യത്തെയാണ് അനാവരണം ചെയ്യുന്നത്. ഇത്തരം ഭിന്ന പാഠങ്ങൾ പ്രബല രാമായണ സംസ്കാരത്തെ മൂല്യപരമായി തന്നെ വിച്ഛേദിക്കുന്നവയുമാണ്. ലോകം ഭിന്ന രുചിയിൽ അധിഷ്ഠിതമാണെന്ന് (" ഭിന്നരുചിർഹി ലോക: " ) കരുതിയ മഹാനായ സാഹിത്യ കാരനായിരുന്നു കാളിദാസൻ .

ഇന്ത്യ പോലെ വൈവിധ്യ പൂർണമായ ഭിന്ന സംസ്കാരങ്ങളും ഭിന്ന ഭാഷകളും ബഹുജന ഭിന്നമായ ജീവിത സംസ്കാരവുള്ള ഒരു രാജ്യത്തെ സംബന്ധിച്ച് ഏകശിലാത്മകമായ ഒരൊറ്റ പാഠത്തെ, ഇതാണ് ഇന്ത്യയുടെ ഇതിഹാസ പാഠമെന്ന് ഉയർത്തി കാട്ടാൻ സാധ്യമല്ല. വൈവിധ്യ പൂർണമായ ജനസംസ്കാരത്തിന്റെ ജനാധിപത്യ തുറവിക്ക് കാളിദാസൻ സൂചിപ്പിച്ച ഭിന്ന രുചികളെ സാഹോദര്യ പൂർണമായി ഉൾക്കൊള്ളുന്നതിനു വേണ്ടി രാമായണത്തിന്റെ ബഹുപാഠങ്ങളുടെ ചരിത്രത്തെ പിന്തുടരുകയാണ് വേണ്ടത്.

Tags:    
News Summary - ramayanamasam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.