ശ​ബ​രി എ​ന്ന ശ്ര​മ​ണി

രാമായണ പഠിതാക്കളും അധ്യാത്മിക വ്യാഖ്യാതാക്കളും ശബരിയെ പൊതുവെ രാമഭക്തയായാണ് ചിത്രീകരിക്കുന്നത്. സീതാന്വേഷണത്തിൽ വ്യഗ്രമാനസരായ രാമലക്ഷ്മണന്മാർ കബന്ധന്റെ നിർദേശാനുസരണം സുഗ്രീവനെ കാണാൻപോകുന്ന മാർഗത്തിലാണ് പമ്പാ സരസ്സിന്റെ (പമ്പാ നദിയല്ല, പുഷ്കരിണി എന്നാണ് വാല്മീകി രാമായണ പ്രയോഗം) പടിഞ്ഞാറെ കരയിൽ ശബരിയുടെ ആശ്രമം ദർശിക്കുന്നത്.

ആശ്രമത്തിലെത്തിയ രാമലക്ഷ്മണന്മാരെ ആദരവോടെ ശബരി സ്വീകരിച്ചു. ശബരിയെ ഒരു സാധാരണ തപസ്വി എന്ന നിലക്കല്ല വാല്മീകി അവതരിപ്പിക്കുന്നത്. മറിച്ച് ശബരി ഒരു ശ്രമണി ആണെന്ന് സ്പഷ്ടമായി പ്രസ്താവിക്കുന്നു (താമുവാച തതോ രാമ: ശ്രമണീം ധർമസംസ്ഥിതാം , വാ.രാ. ആരണ്യകാണ്ഡം, 74.7). വാല്മീകി രാമായണത്തിൽ തന്നെ വർണാശ്രമ ധർമത്തിന് വിരുദ്ധമായി തപസ്സും മറ്റും അനുഷ്ഠിച്ച് വനങ്ങളിൽ കഴിയുന്ന വാലഖില്യന്മാർ, ആജീവകന്മാർ, ശ്രമണർ മുതലായവരെ സംബന്ധിച്ച് പരാമർശമുണ്ട്.

ശബരി ശ്രമണ ധർമത്തിൽ സംസ്ഥിതയാണ് എന്ന് സ്പഷ്ടമായി പ്രസ്താവിച്ചതിലൂടെ ബ്രാഹ്മണ്യ വർണാശ്രമ ധർമ വ്യവസ്ഥക്ക് പുറത്തുള്ള ഒരു തപസ്വിനിയാണ് ശബരി എന്ന് തെളിയുന്നു. കൂടാതെ രാമനെ കാണുന്നതിനു മുമ്പുതന്നെ ശബരി ഒരു സിദ്ധയാണെന്നും രാമായണം പറയുന്നു (തൗ ദൃഷ്ട്വാ തദാ സിദ്ധാ സമുത്ഥായ കൃതാഞ്‌ജലി: , വാ. രാ. ആരണ്യ കാണ്ഡം, 74.6).

ശബരി സിദ്ധയും സിദ്ധന്മാരാൽ സമ്മതയുമാണെന്ന് രാമൻതന്നെ പ്രസ്താവിക്കുന്നുമുണ്ട് (രാമേണ താപസി പൃഷ്ഠാ സാ സിദ്ധാ സിദ്ധ സമ്മതാ, വാ.രാ. ആരണ്യം, 74.10). ശബരി താൻതന്നെ ഭക്ഷിച്ചു നോക്കി ഉത്തമമെന്ന് ബോധ്യപ്പെട്ട ഫലമൂലാദികൾ രാമന് നൽകുകയും രാമൻ അത് ഭക്ഷിക്കുകയും ചെയ്തു എന്ന കഥ പിൽക്കാലത്ത് ധാരാളമായി പ്രചരിച്ചു.

എന്നാൽ, ഇത്തരമൊരു ആഖ്യാനം വാല്മീകി രാമായണം പങ്കുവെക്കുന്നില്ല. സ്വന്തം തേജസ്സുകൊണ്ട് സ്വർഗം പ്രാപിച്ച ശബരിയെപ്പറ്റി വർണിക്കുന്ന വാല്മീകി രാമായണം (ദിവം തു തസ്യാം യാതായാം ശബര്യാം സ്വേന തേജസാ ) ശബരിയെ ശ്രമണ ധർമിണിയായാണ് അടയാളപ്പെടുത്തുന്നത്. ഈ ശ്രമണധാരയിലാണ് ബുദ്ധനും അന്തർഭവിക്കുന്നതെന്ന് ചരിത്രം വ്യക്തമാക്കുന്നത് ശബരി ബ്രാഹ്മണേതരമായ ഒരു പാരമ്പര്യത്തിന്റെ ശക്തമായ പ്രതിനിധാനമാണെന്നാണ്. 

Tags:    
News Summary - ramayana swarangal- sabari as Shramani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.