ജ​ടാ​യു എ​ന്ന ആ​ദി​മ നി​വാ​സി

രാവണൻ സീതയെ അപഹരിച്ചു കൊണ്ടുപോകുന്ന സന്ദർഭത്തിൽ സീതയെ വീണ്ടെടുക്കാൻ ശ്രമിച്ചപ്പോഴാണ് രാവണൻ ജടായുവിന്റെ ചിറകരിഞ്ഞു വീഴ്ത്തിയത്. ‘ഗൃധ്ര രാജൻ’ എന്നാണ് ജടായുവിനെ രാമൻ വിശേഷിപ്പിക്കുന്നത്. തന്റെ പിതാവായ ദശരഥന്റെ സുഹൃത്ത് കൂടിയാണ് ജടായു എന്നും രാമൻ ദുഃഖിതനായി പ്രസ്താവിക്കുന്നു (അയം പിതുർ വയസ്യോ മേ ഗൃധ്ര രാജോ ..., ആരണ്യ കാണ്ഡം, 67. 27) . മരണപ്പെട്ട ജടായുവിനായി രാമൻ ബലിയർപ്പിക്കുകയും ചെയ്യുന്നു.

ലക്ഷ്മണനോടൊപ്പം കാട്ടിൽനിന്ന് വലിയ മാനുകളെ കൊന്ന് മാംസം ശേഖരിച്ചു കൊണ്ടുവന്ന്, ആ മാനിന്റെ മാംസം അരിഞ്ഞെടുത്ത് ഉരുട്ടി പിണ്ഡമാക്കി പച്ചപ്പുൽ വിരിപ്പിൽ വേദമന്ത്രങ്ങൾ ജപിച്ച് രാമൻ ജടായുവിനായി ബലിയിട്ടു (രോഹി മാംസാനി ചോദ്ധൃത്യ പേശീ കൃത്വാ മഹായശാ:/ശകുനായ ദദൗ രാമോ രമ്യേ ഹരിത ശാദ്വലേ, വാ. രാ. ആരണ്യ കാണ്ഡം, 68.33). തുടർന്ന് രാമ ലക്ഷ്മണന്മാർ ജടായുവിനായി ഗോദാവരി നദിയിൽ സ്നാനം നിർവഹിച്ച് ഉദക തർപ്പണവും ചെയ്തു (ആരണ്യ കാണ്ഡം, 68.36).

രാമകഥയിലെ ഋക്ഷന്മാരും വാനരന്മാരും രാക്ഷസന്മാരും ഇന്ത്യയിലെ ആദിവാസികളായ അനാര്യ ഉപജാതികളായിരുന്നുവെന്നും, അവരുടെ കുലചിഹ്നത്തിൽത്തന്നെ അടയാളപ്പെടുത്തുക നിമിത്തമാണ് മനുഷ്യജാതികളായവരെ വാനരരെന്നും ഋക്ഷരെന്നും സ്ഥാനപ്പെടുത്തുന്നതിന് ഇടയാക്കിയതെന്നും ഫാദർ കാമിൽ ബുൽക്കെ നിരീക്ഷിക്കുന്നുണ്ട്.

ഇതനുസരിച്ച് ജടായുവും ഇന്ത്യയിലെ ഒരാദിമ ഗോത്രത്തിലെ അംഗമാണെന്ന് കാണാം. പിതൃപൈതാമഹന്മാരിൽനിന്ന് ലഭിച്ച ഗൃധ്ര രാജ്യത്തിലെ പക്ഷിശ്രേഷ്ഠനാണ് ജടായു എന്ന രാമവചനം (ആരണ്യ കാണ്ഡം, 68. 23) തെളിയിക്കുന്നത് കഴുകൻ കുലചിഹ്നമായ ഗോത്രത്തിന്റെ അധിപതിയാണ് ജടായു എന്നാണ്. ഇത്തരത്തിൽ ഇന്ത്യയിലെ ആദിമ നിവാസികളായ ആദിവാസി-അനാര്യ ഗോത്രങ്ങളുടെ ദമിതമായ ചരിത്രം വാല്മീകി രാമായണത്തിൽ നിന്ന് കണ്ടെടുക്കാൻ കഴിയും.

Tags:    
News Summary - Ramayana Swarangal- jadayu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.