രാമായണത്തിലെ യാഗം

വൈദിക കർമ കാണ്ഡത്തിൽ യാഗ യജ്ഞാദി കർമങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. ക്ഷേത്രാരാധനാ സമ്പ്രദായം വ്യാപകമാവുന്നതിന് മുമ്പുള്ള ചരിത്രഘട്ടത്തിൽ ദേവതാപ്രീതിക്കും ഉദ്ദിഷ്ട കാര്യപ്രാപ്തിക്കുമായി മുഖ്യമായും ആര്യ ബ്രാഹ്മണർ പിന്തുടർന്നിരുന്നത് യാഗാദ്യനുഷ്ഠാനങ്ങളായിരുന്നു. സന്താന പ്രാപ്തിക്കായി ദശരഥനും യാഗം നടത്തിയതായി വാല്മീകി രാമായണം പറയുന്നു. വൈദിക വിധിയനുസരിച്ച് ബലി ചെയ്യുന്നതിനായി കുതിര, ജലചരങ്ങൾ എന്നിവകളെ ഋഷി ജനങ്ങൾ യൂപത്തിൽ ബന്ധിക്കുന്നതായി വാല്മീകി വിവരിക്കുന്നു: ‘‘ശാമിത്രേ തു ഹയസ്തത്ര യഥാ ജലചരാശ്ച യേ/ഋഷിഭിഃ സർവമേവൈത നിയുക്തം ശാസ്ത്രതസ്തഥാ’’ (വാ.രാ. ബാലകാണ്ഡം, 14.31).

അശ്വത്തിന്റെ വപ (മാംസം ) അറുത്തെടുത്തിട്ട് യജ്ഞ കർമങ്ങളിൽ പണ്ഡിതനായ ഋത്വിക് അതു കഴിച്ചതായും വാല്മീകി പ്രസ്താവിക്കുന്നു: ‘‘പതത്രിണ സ്തസ്യ വപാമുദ്ധൃത്യ നിയതേന്ദ്രിയഃ / ഋത്വിക് പരമ സമ്പന്നഃ ശ്രപയാമാസ ശാസ്ത്രത: " (ബാലകാണ്ഡം, 14.36). വപയുടെ ആവിഗന്ധം മണത്തിട്ട് ദശരഥൻ പാപയുക്തനായി ഭവിച്ചതായും വാല്മീകി വർണിക്കുന്നു (ധൂമഗന്ധം വപായാസ്തു ജിഘ്രതിസ്മ നരാധിപഃ / യഥാകാലം യഥാന്യായം നിർണുദൻ പാപമാത്മനഃ’’, (ബാലകാണ്ഡം, 14.37).

വൈദികമായ യാഗപാരമ്പര്യത്തിന്റെ തുടർച്ചയാണ് വാല്മീകി ഇവിടെ വരച്ചിടുന്നത്. ബുദ്ധന്റെ അഹിംസ സംസ്കാരമാണ് കാല ക്രമത്തിൽ ഇത്തരം യാഗ പാരമ്പര്യങ്ങളെ പുനർരചനക്ക് പ്രേരിപ്പിച്ചത്. പിൽക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ടതുപോലെ ശുദ്ധ വെജിറ്റേറിയൻ സംസ്കാരത്തിലധിഷ്ഠിതമായ ഒന്നായിരുന്നില്ല അശ്വമേധം ഉൾപ്പെടെയുള്ള യാഗങ്ങളെന്ന് വാല്മീകി രാമായണം തന്നെ തെളിയിക്കുന്നു.

അതുകൊണ്ടുതന്നെ, മാംസം കഴിക്കുന്നവരെ പാപികളെന്ന് മുദ്രകുത്തുന്ന സംസ്കാരം പിൽക്കാലത്ത് വികസിച്ചുവന്നതാണെന്നും കാണാം. അതിഥിയെ ഗോഘ്നൻ എന്നു വിളിച്ചതിലൂടെ അതിഥിക്കായി സമർപ്പിക്കപ്പെടുന്ന ഗോവിനെയാണ് സൂചിപ്പിക്കുന്നത്. ബഹുസ്വര ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം എന്ന് അംഗീകരിക്കുമ്പോഴാണ് സാംസ്കാരിക ജനായത്തം പുഷ്ടിപ്രാപിക്കുക.

Tags:    
News Summary - ramayana masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.