എഴുത്തച്ഛന്റെ രാമൻ

കേരളത്തിൽ അടിത്തട്ട് സമൂഹങ്ങൾക്കിടയിൽ കാളി, അയ്യപ്പൻ, സർപ്പദൈവങ്ങൾ തുടങ്ങിയ ദൈവ ഭാവനകൾ പ്രചാരത്തിലിരുന്ന കാലത്താണ് എഴുത്തച്ഛന്റെ വൈഷ്ണവപരമായ രാമഭക്തി കഥാഗാനമായ കിളിപ്പാട്ട് ഉരുവംകൊള്ളുന്നത്. വാല്മീകിയുടെ രാമൻ മനുഷ്യരിൽതന്നെ സവിശേഷ ശ്രേഷ്ഠപദവി കൈയാളുന്ന വ്യക്തിത്വമാണെങ്കിൽ എഴുത്തച്ഛനിൽ രാമൻ പരമാത്മ സ്വരൂപനായ അവതാരമായി രൂപം മാറുന്നു. രാമകഥയുടെ കേവലമായ ആഖ്യാനമല്ല എഴുത്തച്ഛനെ നയിക്കുന്നത്.

"കേൾക്കയിലാഗ്രഹം പാരം ക്രിയാമാർഗ / മാഖ്യാഹി മോക്ഷ പ്രദം ത്രിലോകീ പദേ / വർണാശ്രമികൾക്ക് മോക്ഷദം പോലതു / വർണിച്ചരുൾ ചെയ്ക വേണം ദയാനിധേ " (കിഷ് കിന്ധാകാണ്ഡം) എന്ന് വർണാശ്രമധർമത്തെ നിലനിർത്താനുതകും വിധം ധർമോപദേശം നൽകാൻ ലക്ഷ്മണൻ രാമനോട് ആവശ്യപ്പെടുന്നുണ്ട്. ജാതി വ്യവസ്ഥയുടെ രൂക്ഷത നിലനിന്നിരുന്ന കേരളീയ സമൂഹത്തിൽ വർണാശ്രമധർമോപദേശം സൃഷ്ടിക്കുന്ന അനുരണനങ്ങൾ തീർത്തും ഋണാത്മകമാണ്.

ഭൂമിയിൽ ബ്രാഹ്മണനായി ജനിച്ചാൽ മാത്രമേ തന്നെ (രാമനെ ) പൂജിക്കാൻ ഒരുവൻ അർഹത നേടു എന്ന് എഴുത്തച്ഛന്റെ രാമൻ ഉദ്ഘോഷിക്കുന്നു (മന്നിടത്തിങ്കൽ ദ്വിജത്വമുണ്ടായ് വന്നാൽ / ആചാര്യനോട് മാത്രം കേട്ടു സാദര / മാചാര്യപൂർവമാരാധിക്കമാമെടോ " ). ഇങ്ങനെ വർണധർമ യുക്തിയുടെ വെളിച്ചത്തിൽ രാമനെ അവതരിപ്പിച്ച എഴുത്തച്ഛൻ തന്റെ തന്നെ അദ്വൈതാത്മക വ്യാഖ്യാനത്തെ നിർവീര്യമാക്കി.

ഇന്ത്യയുടെ താന്ത്രിക സംസ്കാരം ഭൗതികാസ്പദങ്ങളെ അംഗീകരിക്കുമ്പോൾ " ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലമാണെന്ന് " പാടിയ എഴുത്തച്ഛൻ ഭൗതികാസ്പദങ്ങൾക്കായുള്ള അധ്വാനത്തെ വിഫല ശ്രമമായും ദർശിച്ചു. വിമോചനാത്മകമായ ഭക്തിയുടെ ഒരു കീഴാള ധാര ദക്ഷിണേന്ത്യയിൽ സജീവമായി നിലനിന്നിരുന്നുവെങ്കിലും അത്തരമൊരു സാമൂഹിക വീക്ഷണതലത്തെയല്ല എഴുത്തച്ഛന്റെ രാമകഥാ പാരമ്പര്യം പ്രതിനിധാനം ചെയ്തത്.

Tags:    
News Summary - ramayana masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.