വ്യത്യസ്തനായ ഹനുമാൻ

ഇന്ത്യയിൽ ഇന്ന് ഹനുമാൻ അറിയപ്പെടുന്നത് ബ്രഹ്മചാരിയായും ഉഗ്രഭക്തനായ രാമദാസനായുമാണ്. രാമഭക്തിയുടെ കറകളഞ്ഞ പ്രതീകമായി ഹനുമാൻ ഇന്ത്യൻ മനസ്സുകളിൽ പ്രതിഷ്ഠ നേടിയിട്ടുണ്ട്.

ഹനുമാൻ ആദ്യകാലത്ത് കർഷകഗോത്രങ്ങളുടെ ദേവതയായിരുന്നുവെന്നും വൈദികാര്യ ഗോത്രങ്ങളുമായുള്ള സങ്കീർണമായ സംസ്കാര സംലയനത്തിന്റെ ഘട്ടത്തിലാണ് ഹനുമാൻ രാമദാസനായി രൂപമാറ്റം വന്നതെന്നും ചരിത്രപണ്ഡിതൻ ഡി.ഡി. കൊസാംബി ‘ഇന്ത്യാ ചരിത്രത്തിനൊരു ആമുഖം’ എന്ന ചരിത്രഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ സംസ്കാരപരിണാമത്തെയാണ് സൂചിപ്പിക്കുന്നത്.

തായ്‍ലൻഡിൽ പ്രചരിച്ചിട്ടുള്ള ‘രാം കീൻ’ (രാമകീർത്തി) എന്ന രാമായണപാഠത്തിൽ നൈഷ്ഠിക ബ്രഹ്മചാരിയായ ഒരു ഹനുമാനെയല്ല അവതരിപ്പിച്ചിട്ടുള്ളത്. രാവണപുത്രിയായ സുവർണമത്സ്യത്തെ സ്നേഹിക്കുന്ന ഹനുമാന്റെ വാങ്മയ ചിത്രം രാംകീനിൽ കാണാം.

സംസ്കൃത പണ്ഡിതനും ജ്ഞാനപീഠ പുരസ്കൃതനുമായ ഇന്ത്യയിലെ അറിയപ്പെടുന്ന സംസ്കൃതപണ്ഡിതനായ സത്യവ്രത ശാസ്ത്രികൾ രാംകീൻ, രാമകീർത്തി മഹാകാവ്യം എന്ന പേരിൽ സംസ്കൃതത്തിലേക്ക് മനോഹരമായ കാവ്യരൂപത്തിൽ സർഗാത്മകമായി ഭാഷാന്തരം ചെയ്തിട്ടുണ്ട്.

‘സ്നേഹം ജീവജാലങ്ങളിൽ സാധാരണമാണെന്ന്’ (ഏവം തദാ ലോക യമാനയോസ്തു/മിഥോനുരാഗോങ്കുരിതോ ബഭൂവ/ബഭൂവതു സ്തദ് വശാഗാവുഭൗ ച/സാധാരണ പ്രാണിഷു ഭാവ ഏഷഃ) ഹനുമാനെ മുൻനിർത്തി പ്രസ്താവിക്കുന്ന രാമകീർത്തി മഹാകാവ്യം സ്നേഹപൂർണനായ ഹനുമാന്റെ മറ്റൊരു ചിത്രമാണ് വരച്ചിടുന്നത്.

Tags:    
News Summary - ramayana masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.