ശൂർപ്പണഖയുടെ ആഗമനം

ഭാരതീയ ഇതിഹാസങ്ങളുടെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത് സ്ത്രീകഥാപാത്രങ്ങളാണ്. ദശരഥൻ മുമ്പ് നൽകിയ വരങ്ങൾ ചോദിക്കാൻ കൈകേയിയെ നിർബന്ധിക്കുന്ന മന്ഥര മുതൽക്കത് തുടങ്ങുന്നു. വരം ആവശ്യപ്പെടേണ്ട സമയം, സന്ദർഭം, രീതി, പ്രകാരം, സഫലമാക്കുന്നതിനുള്ള വഴികൾ എന്നിവയെല്ലാം അവർ ഉപദേശിക്കുന്നുണ്ട്. അതനുസരിച്ച് പ്രവർത്തിച്ചതുകൊണ്ടാണ് പട്ടാഭിഷേകം മുടങ്ങിയതും ശ്രീരാമാദികൾക്ക് വനത്തിൽ പോകേണ്ടിവന്നതും.

വനവാസകാലത്ത് വഴിത്തിരിവുണ്ടാക്കിയ വ്യക്തിത്വമാണ് രാവണസഹോദരി ശൂർപ്പണഖ. കാലകേയന്മാരുമായുള്ള യുദ്ധത്തിൽ രാവണൻ അബദ്ധവശാൽ വധിച്ച വിദ്യുജ്ജിഹ്വനായിരുന്നു ശൂർപ്പണഖയുടെ ഭർത്താവ്. വിധവയായിത്തീർന്ന അവൾ തനിക്കിഷ്ടമുള്ളയാളെ ഭർത്താവായി ലഭിക്കുന്നതിന് ഈ ലോകം മുഴുവൻ അന്വേഷിച്ചിട്ടും എങ്ങും കണ്ടെത്താനായില്ല. രാമലക്ഷ്മണന്മാരും സീതയും ദണ്ഡകാരണ്യത്തിലെത്തിയ വിവരം അറിഞ്ഞതിനെ തുടർന്ന് ശൂർപ്പണഖ അവരെ നേരിട്ടുകാണാൻ തീരുമാനിച്ചു (സുന്ദരവേഷത്തോടെ മന്ദഹാസം പൊഴിച്ചാണ് അവരുടെ മുന്നിൽ എത്തിയതെന്ന് അധ്യാത്മരാമായണം കിളിപ്പാട്ടിൽ എഴുത്തച്ഛൻ).

ശ്രീരാമനെ കണ്ടമാത്രയിൽത്തന്നെ അവൾ കാമപരവശയായി സ്വയം പരിചയപ്പെടുത്തി തന്റെ ഇംഗിതം അറിയിച്ചു. താൻ വിവാഹിതനും ഭാര്യാസമേതനുമാണെന്നും ഭവതിയെപ്പോലുള്ളവർക്ക് സപത്നീദുഃഖം കടുപ്പമായിരിക്കുമെന്നും പറഞ്ഞ് രാമൻ ശൂർപ്പണഖയെ ലക്ഷ്മണന്റെ അടുത്തേക്കു വിട്ടു. ലക്ഷ്മണനോടും ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ ശ്രീരാമദാസനാണ് താനെന്നും സുന്ദരിയായ അവൾ ദാസിയാകേണ്ടവളല്ലെന്നും കുലാചാരശീലങ്ങളെല്ലാം തുറന്നുപറഞ്ഞാൽ രാമൻതന്നെ അവളെ സ്വീകരിക്കുമെന്നും പറഞ്ഞു.

തന്നെ ശുശ്രൂഷിക്കാൻ നിലവിൽ ഒരാളുണ്ടെന്നും തന്റെ സഹോദരന് അങ്ങനെയൊന്ന് ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തെ സമീപിക്കുന്നതാകും ഉചിതമെന്നും അറിയിച്ച് രാമൻ ശൂർപ്പണഖയെ വീണ്ടും ലക്ഷ്മണന്റെ അടുത്തേക്കയച്ചു. തനിക്ക് ശൂർപ്പണഖയിൽ ഒരാഗ്രഹവുമില്ലെന്നറിയിച്ച ലക്ഷ്മണൻ ഒരിക്കൽക്കൂടി ജ്യേഷ്ഠനെ കാണാൻ അവളോട് ആവശ്യപ്പെട്ടു.

രാമന്റെ മുന്നിൽച്ചെന്ന് പലതരത്തിൽ അപേക്ഷിച്ചിട്ടും തന്റെ കാമിതം നടക്കാത്തതിൽ ശൂർപ്പണഖക്ക് കടുത്ത ഇച്ഛാഭംഗവും കോപതാപങ്ങളുമുണ്ടായി. ഒടുവിൽ എല്ലാത്തിനും കാരണമെന്നുറപ്പിച്ച സീതക്കുനേരെ അവൾ അലറിയടുത്തു. ഇതുകണ്ട ലക്ഷ്മണൻ രാമന്റെ നിർദേശമനുസരിച്ച് ശൂർപ്പണഖയുടെ മൂക്കും മുലകളും വാളാൽ മുറിച്ചുകളഞ്ഞു. ഇതാണ് സീതാപഹരണം ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾക്കെല്ലാം വഴിമരുന്നിട്ടത്.

തന്റെ ഏകപത്നീവ്രതത്തിന് അടിവരയിടുന്നതിനു പകരം ശൂർപ്പണഖക്ക് ഉണ്ടായേക്കാവുന്ന സപത്നീദുഃഖത്തെക്കുറിച്ചാണ് രാമൻ ആദ്യം സൂചിപ്പിക്കുന്നത്. മാത്രമല്ല, ഏകപത്നീവ്രതത്തിൽ ഉറച്ചുനിൽക്കുന്നുവെന്നറിഞ്ഞിട്ടും ശൂർപ്പണഖയെ വീണ്ടും വീണ്ടും രാമനരികിലേക്ക് അയച്ചുകൊണ്ടിരുന്നു സഹോദരൻ ലക്ഷ്മണൻ! കൊട്ടാരത്തിൽനിന്നിറങ്ങുമ്പോൾ നവവധുവും ലക്ഷ്മണപത്നിയുമായ ഊർമിളയോട് ഭർത്തൃസാമീപ്യത്തെക്കുറിച്ച് ഒരു വാക്കുപോലും ആരായാത്ത രാമൻ ശൂർപ്പണഖയെ സഹോദരശുശ്രൂഷക്ക് േപ്രരിപ്പിക്കുന്നു!

ഒഴിവുകഴിവുകൾക്കും നേരംപോക്കുകൾക്കും പരിഹാസവചനങ്ങൾക്കുമപ്പുറം ശൂർപ്പണഖയുടെ അടങ്ങാത്ത കാമനകളെ ഇങ്ങനെ പ്രതീക്ഷാനിർഭരമാക്കിയാണ് രാമലക്ഷ്മണന്മാർ അവളെ ഇട്ട് പന്താടിയത്. സ്ത്രീത്വത്തിനേറ്റ മുറിവാണ് ഒടുവിൽ അവളെ പ്രകോപിതയാക്കിയത്. നിജഃസ്ഥിതി ധരിപ്പിച്ച് ശൂർപ്പണഖയെ അവർക്ക് നേരത്തേ പിന്തിരിപ്പിക്കാമായിരുന്നു. മാതൃകാപുരുഷോത്തമനെന്നും ധർമവിഗ്രഹമെന്നും പുകൾപെറ്റ രാമനെപ്പോലൊരാൾ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.

എന്നാൽ, രൂപഭാവങ്ങൾക്കതീതമായി കാമചേഷ്ടകൾ പ്രകടിപ്പിക്കുന്ന ഒരുവളെ പെട്ടെന്ന് കൈയൊഴിയുന്നതിനുള്ള മനുഷ്യസഹജമായ വൈമനസ്യമാണ് അവിടെ പ്രവർത്തിച്ചതെന്ന് വ്യക്തം. എന്നാൽ, ശൂർപ്പണഖയിലെ തടയപ്പെട്ട കാമം േക്രാധമായും അത് പടിപടിയായി ഉയർന്ന് ബുദ്ധിനാശമായും പരിണമിച്ചതുകൊണ്ടാണ് അവൾ തനിനിറമെടുത്ത് കൈയേറ്റത്തിന് മുതിർന്നത്.

അംഗച്ഛേദംകൊണ്ടാണവർ അതിനെ പ്രതിരോധിച്ചത്. പുരുഷവിധേയത്വത്തിനും സാമ്പ്രദായിക അച്ചടക്ക നിർവചനങ്ങൾക്കും മെരുക്കാനാകാത്ത സ്ത്രീത്വത്തിനു നേരെ നടത്തിയ രണ്ടാമത്തെ കടന്നാക്രമണമായിരുന്നു അത്. ഇങ്ങനെ വിവിധ നിലകളിൽ സഞ്ചരിച്ച് നിർബാധം പ്രവർത്തിച്ച അടങ്ങാത്ത കാമനകളാണ് ഒരു വംശത്തെ യുദ്ധത്തിലേക്കും സർവനാശത്തിലേക്കും നയിച്ചത്.  

Tags:    
News Summary - Arrival of Surpanakha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.