ശാ​സ്താം​കോ​ട്ട ക്ഷേ​ത്ര​ത്തി​ലെ വാ​ന​ര​ന്മാ​ർ ഓ​ണ​സ​ദ്യ ഉ​ണ്ണു​ന്നു

കലമ്പിയും കൈയിട്ടുവാരിയും അവർ ഓണസദ്യ ഉണ്ടു

ശാസ്താംകോട്ട: തമ്മിൽ കലമ്പിയും കൈയിട്ടുവാരിയും ഓണസദ്യ ഉണ്ടു. ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരന്മാരാണ് ബുധനാഴ്ച ആവോളം ഉത്രാടസദ്യ ഉണ്ടത്. ക്ഷേത്രത്തിലെ പൂജാദികർമങ്ങൾ കഴിഞ്ഞ് പതിനൊന്നരയോടെയാണ് വാനരഭോജനശാലയിൽ സദ്യക്ക് തുടക്കം കുറിച്ചത്. തൂശനിലയിൽ ആദ്യം ഉപ്പേരിയും ശർക്കര പുരട്ടിയതും പഴവും വെച്ചു.

പിന്നീട് പച്ചടി, കിച്ചടി, തോരൻ, അവിയൽ, അച്ചാറുകൾ, പർപ്പടകം തുടങ്ങിയവ വിളമ്പിയപ്പോഴേക്കും സമീപത്തെ മതിലിലും മരച്ചില്ലയിലും ഇരുപ്പുറപ്പിച്ച വാനരന്മാർക്ക് ക്ഷമ നശിച്ചു. അവർ ഇലയുടെ അടുത്തേക്ക് പാഞ്ഞെത്താൻ തയാറെടുത്തു. എന്നാൽ, ക്ഷേത്ര ജീവനക്കാർ ഇത് തടഞ്ഞു.

പിന്നീട് ചോറിട്ട് പരിപ്പും സാമ്പാറും പുളിശ്ശേരിയും രണ്ടുതരം പായസവും ഒഴിച്ച് ക്ഷേത്ര ജീവനക്കാരും മറ്റുള്ളവരും പിൻവാങ്ങിയതോടെ വാനരപ്പട സദ്യക്കടുത്തേക്ക് ഓടിയെത്തുകയായിരുന്നു. സ്വന്തം ഇലയിൽനിന്ന് കൈയിൽ കിട്ടിയതൊക്കെ വാരിവലിച്ച് അകത്താക്കിയവർ മറ്റുള്ളവരുടെ ഇലയിലും കൈവെച്ചത് ചെറിയ കൈയാങ്കളിക്കും കാരണമായി. ഏറെ വൈകാതെതന്നെ വാനരഭോജനശാല യുദ്ധഭൂമിക്ക് സമാനമായി.

പ്രായമായവരും ചെറിയ കുഞ്ഞുങ്ങളെ ഒക്കത്തെടുത്ത് വന്നവരുമെല്ലാം സദ്യയിൽ അണിനിരന്നു. മുമ്പ് ക്ഷേത്രത്തിലെ വാനര പ്രമാണിമാരായ വാലുമുറിയൻ, സായിപ്പ്, അടുരാൻ തുടങ്ങിയവരായിരുന്നു മറ്റുള്ളവരെ നിയന്ത്രിച്ച് സദ്യവട്ടത്തിന് നേതൃത്വം നൽകിയിരുന്നത്. ഇപ്പോൾ അവരുടെ അഭാവത്തിൽ ഇപ്പോഴത്തെ വാനര പ്രമാണിമാരായ രാജു, തുളസി, പുഷ്കരൻ, ആൻഡ്രൂസ് തുടങ്ങിയവരാണ് മുന്നിൽനിന്ന് നയിച്ചത്.

ഉത്രാടദിന ഓണസദ്യ ക്ഷേത്ര ഉപദേശകസമിതി മുൻ പ്രസിഡന്‍റ് എം.വി. അരവിന്ദാക്ഷൻ നായരുടെ വകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഓണനാളുകളിലും ക്ഷേത്രത്തിലെ വാനരന്മാർ പട്ടിണി കിടന്നിരുന്നതിനെ തുടർന്നാണ് ഉത്രാടസദ്യ ആരംഭിച്ചത്. വ്യാഴാഴ്ച ശാസ്താംകോട്ട കന്നി മേലഴികത്ത് ബാലചന്ദ്രൻപിള്ളയുടെ വകയായി തിരുവോണസദ്യയും നടക്കും.

Tags:    
News Summary - Utratasadya for the monkeys at Shastamkota temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-08-29 07:50 GMT
access_time 2023-08-28 05:20 GMT