സഈദ് മിര്‍സ

Hazir ho! സഈദ് മിർസ

ഇന്ത്യൻ സമാന്തര സിനിമകളെ ലോകത്തിനുമുന്നിൽ കൃത്യമായി അടയാളപ്പെടുത്തിയ സഈദ് മിർസ ഇപ്പോൾ പുതിയ നിയോഗം ഏ​റ്റെടു​ത്തിരിക്കുകയാണ്. വിവാദങ്ങളിൽ മുങ്ങിയ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ എന്ന പദവി


‘‘Not to speak out would be a crime. We are speaking out to reclaim the soul and spirit of this land’’ (നിശ്ശബ്ദത പാലിക്കുന്നത് ചിലപ്പോൾ കുറ്റകൃത്യമായേക്കാം. ഈ മണ്ണിന്റെ ആത്മാവും ഊർജവും വീണ്ടെടുക്കാനാണ് ഞങ്ങൾ സംസാരിക്കുന്നത്). 2015 നവംബര്‍ അഞ്ചിനാണ് ഈ വാക്കുകൾ ഇന്ത്യ കേട്ടത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം രാജ്യത്ത് വര്‍ധിച്ചുവന്ന അസഹിഷ്ണുതയിലും വിദ്വേഷ കൊലപാതകങ്ങളിലും പ്രതിഷേധിച്ച് രാജ്യത്തെ എണ്ണംപറഞ്ഞ 24 ചലച്ചിത്രകാരന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച ദേശീയ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയപ്പോഴായിരുന്നു അത്; ആ സംഘത്തെ നയിച്ച വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സഈദ് അഖ്തർ മിർസയുടെ വാക്കുകൾ... ഇന്ത്യൻ സമാന്തര സിനിമകളെ ലോകത്തിനുമുന്നിൽ കൃത്യമായി അടയാളപ്പെടുത്തിയ സഈദ് മിർസ ഇപ്പോൾ പുതിയ നിയോഗം ഏറ്റെടുത്തിരിക്കുകയാണ്. വിവാദങ്ങളിൽ മുങ്ങിയ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ പദവിയിലേക്ക് അദ്ദേഹമെത്തുമ്പോൾ കാത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തങ്ങളും. ‘‘ഇൻസ്റ്റിറ്റ്യൂട്ടിൽ സംഭവിച്ചത് എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. പക്ഷേ, ഇപ്പോൾ അതേക്കുറിച്ചൊന്നും പറയുന്നില്ല’’ -ചെയർമാനായി ചുമതലയേറ്റെടുത്ത സഈദ് മിർസയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. ഒന്നുറപ്പിക്കാം, ഈ സ്ഥാപനത്തിന്റെ ആത്മാവും ഊർജവും വീണ്ടെടുക്കേണ്ട ഘട്ടത്തിൽ നിശ്ശബ്ദനായിരിക്കുകയെന്ന ‘കുറ്റം’ അദ്ദേഹത്തിൽനിന്നുണ്ടാകില്ല. ഭരണകൂടത്തിന്റെ ഒത്താശയോടെ വര്‍ഗീയത രാജ്യത്തെ വിഴുങ്ങുന്ന കാലത്ത് നിശ്ശബ്ദത ഭേദിച്ച് മതനിരപേക്ഷതയുടെ ഉറച്ച ശബ്ദമായിമാറിയ ഒരാൾക്ക് അങ്ങനെയാകാതിരിക്കാൻ കഴിയില്ലല്ലോ.

‘ഇവിടെ ധൈര്യമായി സിനിമ സ്വപ്നം കാണാം’

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുമായും ജീവനക്കാരുമായും ചർച്ച നടത്തി അവരുടെ പ്രശ്നങ്ങൾ കേട്ടശേഷം പരിഹാരം കാണുമെന്ന് സഈദ് മിർസ പറയുന്നു. ‘‘ഞാൻ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിയായിരുന്നു. പിന്നീട് അതിന്റെ ചെയർമാനായി. ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വിദ്യാർഥി നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചും ചെയർമാൻ നിലകൊള്ളേണ്ടത് എന്തിനുവേണ്ടിയെന്നും എനിക്ക് നന്നായിട്ടറിയാം. ഇവിടെയും ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളുമൊക്കെ ആവശ്യമാണ്. അവ പൂർത്തിയാകുന്നതോടെ വിദ്യാർഥികൾ നേരിട്ട മുറിവുകൾ ഇല്ലാതാകും’’ -അദ്ദേഹം പറയുന്നു.

വിവിധ കലാരംഗങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തി ‘മാസ്റ്റേഴ്സ് ഇൻ റെസിഡന്റ്സ്’ പരിപാടിയടക്കം ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി മാറ്റങ്ങൾ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. വിഖ്യാത ചലച്ചിത്ര പ്രവർത്തകർ മാത്രമല്ല, നർത്തകരും എഴുത്തുകാരും സാങ്കേതിക വിദഗ്ധരുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുമായി സംവദിക്കാനെത്തും. ‘‘ഇവിടെ നിങ്ങൾക്ക് ധൈര്യമായി സിനിമ സ്വപ്നം കാണാം. സിനിമ ജാതിക്കും മതത്തിനും ഭാഷക്കും അപ്പുറത്തുള്ള മനുഷ്യത്വത്തിന്റെ ഇടമാണ്’’ -ജാതി വിവേചന ആരോപണം ഉയർന്ന കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്ക് സഈദ് മിർസ നൽകുന്ന ഉറപ്പ് ഇതാണ്. അതിന് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് സ്വന്തം ജീവിതവും. ‘‘എന്റെ ഭാര്യ ജെന്നിഫർ ക്രിസ്ത്യാനിയാണ്. എന്റെ സഹോദരന്റെ ഭാര്യ ഹിന്ദുവും. എന്റെ മകൻ സഫ്ദർ വിവാഹം കഴിച്ചിരിക്കുന്നത് ചൈനക്കാരിയെയും മറ്റൊരു മകൻ സഹീർ വിവാഹം കഴിച്ചിരിക്കുന്നത് ലബനീസുകാരിയെയുമാണ്. അതുകൊണ്ടുതന്നെ എനിക്ക് എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളാനാകും’’ -മിർസ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ സിനിമയെ ഹോളിവുഡ്, ബോളിവുഡ്, കോളിവുഡ് എന്നൊക്കെ വേർതിരിച്ച് പറയുന്നതിനെ അദ്ദേഹം അംഗീകരിക്കുന്നുമില്ല. മലയാള സിനിമയെ അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നുണ്ട്. 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമിതിയിലെ ജൂറി അധ്യക്ഷനായിരുന്ന സമയത്ത് നൂറിലധികം മലയാള സിനിമകളാണ് കണ്ടതെന്ന് സഈദ് മിർസ പറയുന്നു. ‘‘മലയാള സിനിമ വളരെ റിയലിസ്റ്റിക് ആണെന്നാണ് എല്ലാവരും പറയുന്നത്. അതിലുപരിയായി മലയാളത്തിൽ നവീന ചിന്തകളും രീതികളും ഉണ്ടാകുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഫാന്റസിയും റിയാലിറ്റിയും ഇടകലർന്ന ഒരു സിനിമ സംസ്കാരമാണ് മലയാളത്തിലെന്ന് തോന്നിയിട്ടുണ്ട്’’ -അദ്ദേഹം പറയുന്നു.

‘ദ ലെഫ്റ്റിസ്റ്റ് സൂഫി’

സഈദ് മിര്‍സയുടെ ചലച്ചിത്ര ജീവിതത്തെ അടയാളപ്പെടുത്താൻ കിരീത് ഖുറാനയും പത്മകുമാര്‍ നരസിംഹമൂര്‍ത്തിയും ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ‘സഈദ് മിര്‍സ: ദ ലെഫ്റ്റിസ്റ്റ് സൂഫി (2016)’. ഈ തലക്കെട്ടിൽനിന്നുതന്നെ അദ്ദേഹത്തിന്റെ ജീവിതവും നിലപാടുകളും വായിച്ചെടുക്കാം. ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിലേക്ക് തിരിച്ചുവെച്ച കാമറയായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികളെല്ലാം. അവയിലെല്ലാം കൃത്യമായ രാഷ്ട്രീയവും അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. 80ന്റെ ശാരീരിക അവശതകളിലും ആ പോരാട്ടവീര്യത്തിന് കുറവൊന്നും വന്നിട്ടുമില്ല. പല കാര്യങ്ങളും വിസ്മരിക്കപ്പെടുന്ന കാലത്ത്, പലരും നിശ്ശബ്ദത പാലിക്കുന്ന കാലത്ത്, പലതും ഓർമിപ്പിക്കാൻ 2018ല്‍ “Memory in the Age of Amnesia: A Personal History of our Times’ എന്ന പുസ്തകം അദ്ദേഹം എഴുതിയത് ഇതിന് തെളിവാണ്. 1943 ജൂണ്‍ 30 ന് ബോംബെയിൽ സിനിമ കുടുംബത്തിലാണ് സഈദ് മിര്‍സയുടെ ജനനം. പ്രശസ്ത തിരക്കഥാകൃത്ത് അഖ്തര്‍ മിര്‍സയാണ് പിതാവ്. പരസ്യമേഖലയിൽ ജോലി ചെയ്തുകൊണ്ടാണ് ദൃശ്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. 1976ല്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്ന് ബിരുദം നേടി. പിൽക്കാലത്ത് ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനുമായി.

സമാന്തര സിനിമകളുടെ പൂക്കാലമായിരുന്ന ’70കളുടെ രണ്ടാംപകുതിയിലും ’80കളിലും മികച്ച സൃഷ്ടികളിലൂടെ സഈദ് മിർസ ആ പ്രസ്ഥാനത്തിന്റെ മുഖ്യ പങ്കാളിയായി. 1978ൽ ‘അരവിന്ദ് ദേശായി കി അജീബ് ദസ്താൻ’ എന്ന ആദ്യ സിനിമയിലൂടെതന്നെ അദ്ദേഹം തന്റെ വരവറിയിച്ചു. 1980ലെ ‘ആൽബർട്ട് പിന്റോ കോ ഗുസ്സാ ക്യൂം ആതാ ഹെ’ ഇന്ത്യയുടെ ക്ഷുഭിത യൗവനത്തിന്റെ ‘സമാന്തരമുഖം’ കാട്ടി. സാധാരണക്കാർക്ക് സിനിമ അപ്രാപ്യമായിരുന്ന കാലത്ത് വഴിയോരത്ത് കണ്ടുമുട്ടുന്നവരെപ്പോലും അഭിനേതാക്കളാക്കിയ ‘മിർസ മാജിക്’ അന്ന് അത്ഭുതമായിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയുടെ യാന്ത്രികതയും ജനപക്ഷരാഹിത്യവുമെല്ലാം പരിഹാസ രൂപേണ ചോദ്യംചെയ്ത 1984ലെ ‘മോഹൻ ജോഷി ഹസീർ ഹോ’ ഏറെ ചർച്ച ചെയ്യപ്പെട്ടു. തെരുവിലെ സാധാരണക്കാരുടെ കഥ പറയുന്ന നുക്കഡ് (1986), ഇന്‍തസാര്‍ (1988) ടെലിവിഷൻ പരമ്പരകൾ ജനപ്രിയമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 1989ല്‍ ഷാരൂഖ് ഖാനെ പോപ്പുലറാക്കിയ ‘സര്‍ക്കസ്’ ടെലിവിഷന്‍ സീരിയല്‍ സംവിധാനം ചെയ്ത അസീസ് മിര്‍സ സഹോദരനാണ്. 1995ൽ ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തിലെടുത്ത ‘നസീം’ എന്ന ചിത്രം സഈദ് മിർസയുടെ മറ്റൊരു ധീരശ്രമമായിരുന്നു. ബാബരി മസ്ജിദ് തകർക്കൽ സമൂഹത്തിൽ വരുത്തിയ വലിയ മാറ്റത്തെ ബോംബെ നഗരത്തിലെ ഒരു സ്കൂൾ കുട്ടിയുടെ കാഴ്ചപ്പാടിൽ വിവരിക്കുന്ന സിനിമ രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടി. 2009ലെ ‘ഏക് തോ ചാൻസ്’ ആണ് മിർസ അവസാനമായി സംവിധാനം ചെയ്തത്. 2020ലെ ഐ.സി.എ ഇന്റര്‍നാഷനല്‍ കൾചറല്‍ ആര്‍ട്ടിഫാക്ട് ഫിലിം ഫെസ്റ്റിവല്‍ അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 2008ൽ പുറത്തിറങ്ങിയ ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന ആദ്യ നോവല്‍ ‘അമ്മി: ലെറ്റര്‍ ടു എ ഡെമോക്രാറ്റിക് മദര്‍‘ 1990ല്‍ മരിച്ച അമ്മയുടെ ഓർമകളും സൂഫി കെട്ടുകഥകളും ബാല്യകാല സ്മരണകളും ഉള്‍ക്കൊള്ളുന്ന കുറിപ്പുകളുടെ പരമ്പരയാണ്. ഇന്റര്‍നാഷനല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ക്ലബ് ഓഫ് ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്റെ ആജീവനാന്ത അംഗം കൂടിയാണ് സഈദ് മിര്‍സ. മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയര്‍ ക്രിട്ടിക്സ് അവാര്‍ഡ് രണ്ടുതവണയും മികച്ച സിനിമക്കും മികച്ച സംവിധാനത്തിനും മികച്ച തിരക്കഥക്കുമായി മൂന്നുതവണ ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സാമുദായിക സൗഹാര്‍ദത്തിനായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി ആസ്ഥാനമായ അന്‍ഹാദിന്റെ ട്രസ്റ്റി കൂടിയാണദ്ദേഹം.

Tags:    
News Summary - Hazir ho! Saeed Mirza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.