‘ബാങ്കില്‍ പോവണ്ട, കരമടച്ച രസീതും വേണ്ട, സാലറി സ്ലിപ്പ് വേണ്ട, ആരുടെയും ജാമ്യവും വേണ്ട’ -തട്ടിപ്പിന്‍റെ ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പുകള്‍

ഒരു വായ്പ എടുത്താലോ എന്ന് മനസ്സിൽ വിചാരിച്ചാൽ മതി. നമ്മുടെ പ്രയാസം മാനത്തുകണ്ട് ആയിരക്കണക്കിന് ആപ്പുകളാണ് ഇന്ന് കാത്തുനിൽക്കുന്നത്. എത്ര മുന്നറിയിപ്പ് നൽകിയാലും ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ എന്ന ഇത്തരം ചതിയന്‍ ആപ്പുകളിലൂടെ വായ്പയെടുത്ത് കുടുങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു.

കടുത്ത നിബന്ധനകള്‍, കൂടിയ പലിശനിരക്ക് എന്നിവയൊന്നും തിരക്കിട്ട് വായ്പ തേടുന്നവര്‍ ശ്രദ്ധിക്കാറില്ല. ഇത്തരക്കാരെ ലക്ഷ്യംവെച്ചാണ് ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന ആപ്പുകൾ മുളച്ചുപൊന്തുന്നത്. നമ്മൾ അങ്ങോട്ട് ആവശ്യപ്പെട്ടില്ലെങ്കിലും വായ്പ വേണോയെന്ന് ചോദിച്ച് ഉപയോക്താക്കളെ ഫോണിലൂടെ സമീപിക്കുന്ന ആപ്പുകളുമുണ്ട്.


ചതിയിൽ വീ​ഴുന്നത്​ സാധാരണക്കാർ

അടിയന്തര സന്ദര്‍ഭത്തിൽ പണത്തിന്​ നെട്ടോട്ടമോടുന്നവരാണ് മിക്കവരും. ബാങ്കിലാണെങ്കിൽ രേഖകളും നൂലാമാലകളുമായി കയറിയിറങ്ങണം. ഇത്തരം സന്ദർഭത്തിൽ ആരെയും ആശ്രയിക്കാതെ പണം കടം എടുക്കാന്‍ സാധിക്കുന്ന സാഹചര്യങ്ങള്‍ തേടുന്ന സാധാരണക്കാരായ ചെറിയ ബിസിനസുകാരും വീട്ടമ്മമാരുമാണ് ലോണ്‍ ആപ്പുകളെന്ന ചതിക്കുഴിയില്‍ കൂടുതലും വീഴുന്നത്.

ഏകദേശം ആറു മാസം മുമ്പ് ഇത്തരം ആപ്പുകളെ റിസര്‍വ് ബാങ്ക് ഇടപെട്ട് നിയന്ത്രിച്ചിരുന്നെങ്കിലും ഒരിടവേളക്കുശേഷം അവ വീണ്ടും വ്യത്യസ്ത പേരുകളിൽ വ്യാപകമാകുകയാണ്. അത്തരം ആപ്പുകളുടെ ചതിക്കുഴികളെ അറിയാം.


എന്താണ് ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍?

വായ്പ വാങ്ങിയ തുക പറഞ്ഞ തീയതിക്കകം തിരികെ നൽകാനാവാതെ വിഷമിക്കുന്ന നിങ്ങളുടെ മുന്നിലേക്ക് 10 മിനിറ്റിനകം പേഴ്സനല്‍ ലോണ്‍ എന്നും പറഞ്ഞ് ഫേസ്ബുക്കോ യൂട്യൂബോ വഴി ഒരു പരസ്യം വരും. അതില്‍ ക്ലിക്ക് ചെയ്ത് ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് ഒരു ഫോട്ടോയും പാന്‍ കാര്‍ഡിന്റെ കോപ്പിയും സബ്മിറ്റ് ചെയ്​താൽ ഉടൻ നിങ്ങള്‍ നല്‍കിയ യു.പി.ഐ ആപ്പിലേക്ക് പണം എത്തും.

ആരുടെയും സഹായം തേടാതെ എത്ര എളുപ്പമായിട്ടാണ് പണം ലോണായി ലഭിച്ചത് അല്ലേ? അതാണ് ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍. ബാങ്കില്‍ പോവണ്ട, വരുമാനം തെളിയിക്കാന്‍ കരമടച്ച രസീതും വേണ്ട, സാലറി സ്ലിപ്പോ സാലറി സര്‍ട്ടിഫിക്കറ്റോ വേണ്ട, ആരുടെയും ജാമ്യവും വേണ്ട. നിമിഷങ്ങള്‍ക്കകം ലോണ്‍ ലഭിക്കും.

ക്രെഡിറ്റ് സ്കോർ പോലും ആവശ്യമില്ല

ഒരു ലോണെടുക്കാന്‍ ബാങ്കിനെയോ ഏതെങ്കിലും ധനകാര്യസ്ഥാപനത്തെയോ സമീപിച്ചാല്‍ നിങ്ങളുടെ എല്ലാ രേഖകളും ക്രെഡിറ്റ് സ്‌കോറും പരിശോധിക്കും. നമ്മെക്കുറിച്ചുള്ള സകല സാമ്പത്തികവിവരങ്ങളും പരിശോധിച്ചാണ് സിബിൽ സ്കോർ ലഭിക്കുന്നത്.

ഒരു മിനിമം സ്കോർ എങ്കിലും ഉണ്ടെങ്കിലേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോണും ക്രെഡിറ്റ് കാർഡും അനുവദിക്കു. എന്നാല്‍, ഇന്‍സ്റ്റന്റ് ലോണ്‍ ആപ്ലിക്കേഷനില്‍ നിന്നും ലോണ്‍ എടുക്കാന്‍ സിബില്‍ സ്കോറിന്‍റെ ആവശ്യമില്ല. ഇത്തരത്തില്‍ ആയിരക്കണക്കിന് ആപ്ലിക്കേഷനുകളാണ് ഇന്നു ഗൂഗ്ള്‍ പ്ലേ സ്റ്റോറിലുള്ളത്. തേർഡ് പാര്‍ട്ടി വെബ്സൈറ്റുകളിലും മറ്റുമുള്ളത് വേറെയും.


നിയമവിരുദ്ധം ഈ ആപ്പുകൾ

ഇത്തരം ആപ്ലിക്കേഷനുകള്‍ ഒന്നുംതന്നെ സര്‍ക്കാറിന്റെ അനുവാദത്തോടെയോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ചോ നിയമവിധേയമായി പ്രവര്‍ത്തിക്കുന്നവയല്ല. എന്നു കരുതി ഇതുപയോഗിച്ചാല്‍ നമുക്ക് നിയമപരമായി പ്രശ്നവും ഉണ്ടാകില്ല. എന്നാൽ, ഇന്‍സ്റ്റന്റായി ലോണ്‍ തരുന്നതിനൊപ്പം ഇത്തരം ആപ്പുകൾ ഇന്‍സ്റ്റന്‍റായിതന്നെ നമുക്ക് പണിതരാനും തുടങ്ങിയിട്ടുണ്ട്. അതെങ്ങനെയെന്ന് പരിശോധിക്കാം.

ഈയിടെ ഒരു സ്ത്രീസുഹൃത്ത് ഇത്തരത്തിൽ ലോൺ എടുത്ത അനുഭവം പങ്കുവെച്ചിരുന്നു. വടക്കേ ഇന്ത്യക്കാരനായ യൂട്യൂബറുടെ ഒരു വിഡിയോയുടെ താഴെയുള്ള ലിങ്കില്‍നിന്നാണ് ഫോണിൽ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. കുടുംബ യൂനിറ്റില്‍നിന്ന് വായ്പയായെടുത്ത 5000 രൂപ തിരിച്ചടക്കാൻ വേണ്ടിയാണ് ലോൺ.

8000 രൂപ ആവശ്യപ്പെട്ടപ്പോൾ 5200 രൂപയാണ് അക്കൗണ്ടിൽ ലഭിച്ചത്. ബാക്കി പ്രൊസസിങ് ചാർജ്, വെരിഫിക്കേഷന്‍ ചാർജ് എന്ന പേരില്‍ ആപ്പുകാര്‍ എടുത്തു. ഏഴു ദിവസത്തിനുശേഷം തിരിച്ചടക്കണമെന്നായിരുന്നു നിബന്ധന. അത് സാധിക്കാതെ വന്നതോടെ ഫോണ്‍വിളികളും വന്നുതുടങ്ങി. കേസ് കൊടുക്കും എന്നൊക്കെ ഭയപ്പെടുത്തി.

പിന്നാലെ അവര്‍തന്നെ മറ്റൊരു ആപ്പിൽനിന്ന് ലോണ്‍ എടുത്ത് ഇതില്‍ അടക്കാന്‍ നിർദേശിച്ചു. ഭര്‍ത്താവറിയാതെ ലോണ്‍ എടുത്ത അവര്‍ക്ക് അതായിരുന്നു മുന്നിലുള്ള എളുപ്പമാർഗവും. അങ്ങനെയാണ് 12,000 രൂപ മറ്റൊരു ആപ്ലിക്കേഷനില്‍നിന്നും ലോണ്‍ എടുത്തത്. 8500 രൂപയോളം അക്കൗണ്ടില്‍ ലഭിച്ചു. അതവര്‍ ആദ്യ ആപ്ലിക്കേഷനിലെ ലോണ്‍ അക്കൗണ്ടിലേക്ക് അടച്ചു.

തൽക്കാലം സമാധാനമായി എന്നു കരുതിയിടത്താണു പിന്നെ പ്രശ്നങ്ങള്‍ തുടങ്ങിയത്. ആദ്യ ആപ്ലിക്കേഷനിലെ 8000 രൂപ തിരിച്ചടക്കാന്‍ നാലു ദിവസം വൈകിയതിനു 2000 രൂപ ലേറ്റ് ഫീ വേണമെന്നും പറഞ്ഞ് അവർ ശല്യംചെയ്യാൻ തുടങ്ങി. ആ സ്ത്രീ പല രീതിയില്‍ അവരുടെ സങ്കടാവസ്ഥ പറഞ്ഞുനോക്കിയെങ്കിലും വിളിക്കുന്ന ആളുടെ സംസാരത്തില്‍ ഒരു മയവും ഉണ്ടായിരുന്നില്ല. രണ്ടു ദിവസത്തിനുശേഷം ബന്ധുവാണ് ഇന്റര്‍നെറ്റില്‍ കണ്ട ഫോട്ടോ എന്നും പറഞ്ഞ് ആ സ്ത്രീയുടെ മോര്‍ഫ് ചെയ്ത ഒന്നുരണ്ട് നഗ്നഫോട്ടോകള്‍ അവരുടെ ശ്രദ്ധയിൽപെടുത്തിയത്​.

അവരുടെ ഫോൺ ഗാലറിയില്‍ ആപ്ലിക്കേഷൻ നിയന്ത്രിക്കുന്നവർ ചോര്‍ത്തിയ പടമാണത്. അത് മോര്‍ഫ് ചെയ്ത് അടുത്ത ബന്ധുക്കളായ ചിലരുടെ വാട്സ്ആപ്പിലേക്ക് അയക്കുകയുമായിരുന്നു. ലേറ്റ് ഫീ അടച്ചില്ലെങ്കില്‍ ഈ ഫോട്ടോ മറ്റുള്ളവർക്കും അയച്ചുകൊടുക്കുമെന്ന ഭീഷണി വീണ്ടും വന്നു. ഇത്തരം അനവധി സംഭവങ്ങളിൽ ഒന്നു മാത്രമാണിത്. ഇത്തരം സാധാരണക്കാരായ പലരുടെയും ആത്മഹത്യക്കു പിന്നില്‍ ലോണ്‍ ആപ്പുകളും അവരുടെ ഏജന്റുമാരുടെ ഭീഷണി സന്ദേശങ്ങളുമുണ്ട്.


കുടുങ്ങിയവരിൽ ബിസിനസുകാരും

വീട്ടമ്മമാരെപ്പോലെതന്നെ ഇവരുടെ ചതിക്കുഴിയില്‍ വീഴുന്നവരാണ് ചെറുകിട ബിസിനസുകാരും. അത്യാവശ്യത്തിനു റോള്‍ ചെയ്യാനായി അയ്യായിരവും പതിനായിരവും ലോണ്‍ എടുത്ത് സ്വന്തമായി ഒരു വീട് വെക്കാനുള്ള തുക വരെ കുറഞ്ഞ മാസങ്ങള്‍കൊണ്ട് പലിശയായി നല്‍കിയവരുണ്ട്.

മറ്റൊരു സുഹൃത്ത് പണത്തിന് ആവശ്യം വന്നപ്പോൾ ഒന്നുരണ്ട് ആപ്പുകളിൽനിന്ന് ലോണ്‍ എടുത്തിരുന്നു. അവനിപ്പോൾ ആ കടങ്ങൾ വീട്ടാനായി പതിനഞ്ചോളം ലോണ്‍ ആപ്ലിക്കേഷനുകളില്‍നിന്നാണ് കടമെടുത്തത്. അത്തരത്തില്‍ ഒരു ലോണ്‍ എടുത്ത് രണ്ടു ദിവസമായപ്പോഴേക്കും ഒരു ആപ്ലിക്കേഷൻ ഏജന്റ് അവന് വാട്സ്ആപ്പില്‍ അയച്ച സന്ദേശവും അവന്‍ പങ്കുവെച്ചു. അവന്റെയും ഭാര്യയുടെയും മോര്‍ഫ് ചെയ്ത ചിത്രമായിരുന്നു.

പണത്തിനായി ഭാര്യയെ വിൽക്കുന്നു എന്നും താൽപര്യമുള്ളവർ ബന്ധപ്പെടുക എന്നും പറഞ്ഞ് ഭാര്യയുടെ നമ്പർകൂടി ചേർത്ത ചിത്രമായിരുന്നു അത്. ഇതുപോലെ നമ്മൾ സങ്കൽപിക്കാത്ത രീതിയിലായിരിക്കും ലോണ്‍ ആപ്പുകളുടെ ഏജന്റുമാര്‍ ലോണ്‍ മുടങ്ങിയവരെ മാനസികമായി പീഡിപ്പിക്കുക.

അവന്റെ ഭാര്യയുടെ നമ്പർ എങ്ങനെ അവര്‍ക്ക് കിട്ടി ? അത് ഭാര്യയാണ് എന്ന് എങ്ങനെ മനസ്സിലായി എന്നൊക്കെയാകും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്.

ആദ്യമേ സൂചിപ്പിച്ചതുപോലെ ഒരു ഡോക്യുമെന്റും ആവശ്യമില്ലാതെയാണ് ഈ ആപ്ലിക്കേഷനുകള്‍ നമുക്ക് ലോണ്‍ തരുന്നത്. അതിനായി നമ്മള്‍ അവരുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും അവരുമായി ഷെയറും ചെയ്യും.

നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനാണ് ഇവിടെ ശരിക്കും വില്ലൻ. ഏത് ആപ്ലിക്കേഷനും നമ്മൾ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ അവിടെ എഴുതിക്കാണിക്കുന്ന പെര്‍മിഷനുകള്‍ എല്ലാം എന്തിനാണെന്നു ചിന്തിക്കാതെ അലൗ ചെയ്യുന്ന ശീലമാണല്ലോ നമുക്കുള്ളത്. അതാണ് ഭാവിയിൽ നമുക്ക് പണിതരുന്നതും. മിക്കവാറും ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നത്.

ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അത് തുറന്നു ലോണിന് അപേക്ഷിക്കണമെങ്കിൽ അവര്‍ ചോദിക്കുന്ന പെര്‍മിഷനുകള്‍ 100 ശതമാനവും നല്‍കേണ്ടിവരും. ഈ സമയത്ത് എസ്.എം.എസ്, കോൺടാക്ട്, ഗാലറി, കാമറ, കാള്‍ ലോഗ്, മൈക്രോഫോണ്‍ തുടങ്ങി സകല പെര്‍മിഷനും ഈ ആപ്ലിക്കേഷനുകള്‍ ചോദിക്കും. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ മൊബൈലിലെ സകല ആക്ടിവിറ്റികളും ട്രാക്ക് ചെയ്ത് വിലയിരുത്തിയശേഷമാണ് അവര്‍ ലോണ്‍ തരുന്നത്.


നിങ്ങള്‍ നല്‍കുന്ന പെര്‍മിഷനുകള്‍

ആപ്ലിക്കേഷന്‍ പ്രവർത്തിക്കാൻ ആവശ്യമായ ഒരു പെര്‍മിഷനാണ് കാള്‍ ലോഗിന്റേത്. നിങ്ങളുടെ ഫോണിലേക്കു വരുന്നതും പോകുന്നതുമായ കാളുകള്‍, സമയം, കാളുകളുടെ എണ്ണം, സംസാരദൈർഘ്യം എന്നിവയെല്ലാം പരിശോധിച്ച് അതില്‍ നിങ്ങള്‍ ഏറ്റവുമധികം സംസാരിക്കുന്ന കോൺടാക്ടുകള്‍ ഏതൊക്കെ എന്ന് അവര്‍ മനസ്സിലാക്കും. ആ കോൺടാക്ടുകളിലേക്കാണ്​ ലോണ്‍ മുടക്കിയാല്‍ നിങ്ങൾ കള്ളനാണെന്നും മറ്റും പറഞ്ഞ് അധിക്ഷേപ സന്ദേശങ്ങള്‍ ആദ്യമെത്തുക. ഒപ്പം അവരെയാണ് നിങ്ങള്‍ ജാമ്യക്കാരനായി നല്‍കിയത് എന്നുംവരെ പ്രചരിപ്പിക്കും.

അതുപോലെ ഫോണില്‍ സേവ് ചെയ്ത എല്ലാ കോൺടാക്ടുകളും അവര്‍ കോൺടാക്ട് പെര്‍മിഷനിലൂടെ സിങ്ക് ചെയ്തെടുക്കും. ഫോണില്‍ കുറച്ചെങ്കിലും വ്യക്തികളുടെ നമ്പറുകൾ ഉണ്ടെന്നു വിലയിരുത്തിയശേഷം മാത്രമേ അവർ ലോൺ അനുവദിക്കു. ലോണ്‍ മുടങ്ങിയാല്‍ ആ നമ്പറുകളിലേക്ക് കാള്‍ ചെയ്ത്/വാട്സ്ആപ് സന്ദേശങ്ങള്‍ അയച്ച് നിങ്ങള്‍ പണവുമായി മുങ്ങിയെന്നും മറ്റുമുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കും.

ഫോൺ ഗാലറിയിലുള്ള ഫോട്ടോസ്, വിഡിയോസ് എന്നിവ പെര്‍മിഷനിലൂടെ അവരുടെ സെര്‍വറിലേക്ക് കോപ്പി ചെയ്യുന്നു. ആ ഫോട്ടോകളും നിങ്ങളെ സമ്മർദത്തിലാക്കാന്‍ അവര്‍ ഉപയോഗിക്കുന്നു. ഫോണില്‍ വരുന്ന ഓരോ എസ്.എം.എസും ട്രാക്ക് ചെയ്യുന്നതുവഴി നമുക്ക് വരുന്ന ഒ.ടി.പികൾ വരെ അവർക്ക് ലഭിക്കുന്നു. മാത്രമല്ല, ഫോണില്‍ ക്രെഡിറ്റ് കാര്‍ഡ് ഫോട്ടോ എടുത്ത് സൂക്ഷിച്ച പലര്‍ക്കും പണം നഷ്ടമാകാനും ഇത്തരത്തില്‍ മെസേജുകള്‍ക്കു നല്‍കിയ പെര്‍മിഷന്‍ കാരണമായിട്ടുണ്ട്.


എങ്ങനെ മുൻകരുതലെടുക്കാം

കൈവിട്ട ആയുധംപോലെയാണ് ആപ്പിനു കൊടുത്ത പെര്‍മിഷന്‍. പെര്‍മിഷന്‍ തിരിച്ചെടുത്തതുകൊണ്ട് നിങ്ങളില്‍നിന്ന് അവര്‍ ചോര്‍ത്തിയതൊന്നും തിരികെ കിട്ടാന്‍ പോകുന്നില്ല. എങ്കിലും ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ ഇനിയും നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഡേറ്റകള്‍കൂടി അവര്‍ ചോര്‍ത്താതിരിക്കാന്‍ സെറ്റിങ്സില്‍ ആപ്സ് (ആപ്സ് മാനേജര്‍) എന്നതില്‍ പോയി അത്തരം ആപ്ലിക്കേഷനുകള്‍ ഓരോന്നും സെലക്ട് ചെയ്ത് പെര്‍മിഷന്‍സ് എന്നതില്‍ നല്‍കിയ ഓരോ പെര്‍മിഷനും കാന്‍സല്‍ (റിമൂവ്/ഡിനൈ) ചെയ്യുക.

ഒപ്പം ഫോണില്‍ സെറ്റിങ്സില്‍ ഡിവൈസ് അഡ്മിനിസ്ട്രേറ്റര്‍ ആപ്സ് എന്നു സേര്‍ച്ച് ചെയ്ത് അത്തരം ലോണ്‍ ആപ്പുകള്‍ ഏതെങ്കിലും ആ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ അവക്കു നല്‍കിയ ആ പ്രത്യേക പെര്‍മിഷനും റിമൂവ് ചെയ്യണം. പെര്‍മിഷനുകള്‍ റിമൂവ് ആക്കുന്നതോടെ ആ ആപ്ലിക്കേഷനുകള്‍ ഒന്നും പ്രവർത്തിക്കില്ല. അത് മനസ്സിലാകുന്നതോടെ ബാക്ക്എൻഡില്‍നിന്നും അവർ നിങ്ങളെ ഭീഷണിപ്പെടുത്താൻ വീണ്ടും കാളുകളും സന്ദേശങ്ങളും അയച്ചെന്നിരിക്കും.

നിങ്ങള്‍ മാന്യമായി എടുത്ത പൈസയും ന്യായമായ പലിശയും തിരിച്ചടച്ചിട്ടുണ്ട് എന്നു പറയുക. (കടമെടുത്താല്‍ തിരിച്ചടക്കാതിരിക്കുന്നത് മാന്യതയല്ലല്ലോ?) ഇനിയും അനാവശ്യ പിഴപ്പലിശയോ മറ്റു ഫീസുകളോ തരാനാവില്ല എന്നു പറയുക. ഭീഷണിസന്ദേശങ്ങള്‍ അയച്ചാല്‍ അതിന്റെ സ്ക്രീന്‍ഷോട്ട്/സ്ക്രീന്‍ വിഡിയോകള്‍/കാള്‍ റെക്കോഡുകള്‍ എന്നിവ ശേഖരിച്ച് അവയെല്ലാം ചേർത്ത് പൊലീസില്‍ പരാതി നൽകുക. ഒരിക്കലും അവരുടെ ഭീഷണിക്ക് വഴങ്ങി അനാവശ്യ ഫീസ് അടക്കുകയോ ഭീഷണി ഭയന്ന് ടെന്‍ഷനടിക്കുകയോ ചെയ്യരുത്.

ആപ്ലിക്കേഷനുകള്‍ ഒന്നും നിയമപ്രകാരമല്ല

നിങ്ങള്‍ക്കു കിട്ടിയ പണം മാന്യമായ പലിശയോടെ തിരിച്ചടച്ചിട്ടുണ്ടെങ്കില്‍ (മാന്യമായ പലിശ എന്നു പറഞ്ഞാല്‍ പരമാവധി ക്രെഡിറ്റ് കാര്‍ഡിലൂടെ ഒക്കെ കാഷ് എടുത്താല്‍ വരുന്ന പലിശ എത്രയോ അതാണു പരമാവധി) നിങ്ങള്‍ ഭയക്കേണ്ടതില്ല. നിയമപരമായി നിങ്ങളെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ല.

ഫേക്ക് വക്കീല്‍ നോട്ടീസൊക്കെ അവര്‍ നിങ്ങളുടെ പേരില്‍ തയാറാക്കി വാട്സ്ആപ്പില്‍ അയച്ചെന്നിരിക്കും. അത് അവഗണിച്ചേക്കുക. കാരണം ഈ ആപ്ലിക്കേഷനുകള്‍ ഒന്നും ഇന്ത്യയില്‍ നിയമപ്രകാരമുള്ളവയല്ല. റിസര്‍വ് ബാങ്കിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ ഒഫീഷ്യല്‍ വെബ്സൈറ്റിലും റിസര്‍വ് ബാങ്കിന്റെ ഡേറ്റ ബേസിലും ലഭ്യമാകും.

മാത്രവുമല്ല, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു ലോണ്‍ ആപ്ലിക്കേഷന്‍ ആണെങ്കില്‍ അവരുടെ ആപ്ലിക്കേഷനിലും വെബ് സൈറ്റിലും കോൺടാക്ട് അസ് എന്ന സെക്ഷനില്‍ അവരെ ബന്ധപ്പെടാനുള്ള മേല്‍വിലാസവും കസ്റ്റമര്‍ കെയര്‍ നമ്പറും ലൈസന്‍സ് നമ്പറും എല്ലാം ലഭ്യമാകും. ഫേക്ക് ലോണ്‍ ആപ്പുകള്‍ക്ക് ഇതൊന്നും ഉണ്ടാകില്ല.


അംഗീകൃത സ്ഥാപനങ്ങളെ തിരിച്ചറിയുക

ഒരു ലൈസന്‍സ്ഡ് സ്ഥാപനമാണ് ലോണ്‍ തരുന്നതെങ്കില്‍ ആരാണു ലോണ്‍ തരുന്നതെന്നു വ്യക്തമാക്കുന്ന ഒരു ലോണ്‍ എഗ്രിമെന്റ് നിങ്ങള്‍ക്ക് ഷെയര്‍ ചെയ്തിരിക്കും. നിങ്ങളില്‍നിന്ന് എന്തിനൊക്കെ ഫീസ് എടുത്തു അല്ലെങ്കില്‍ എത്രയൊക്കെയാണു മറ്റു ചാർജ് ഇനത്തില്‍ വരുക തുടങ്ങി വ്യക്തമായ വിവരങ്ങളും ലഭിക്കും. ഫോണിലെ ഡേറ്റ ചോര്‍ത്തിയെടുത്ത് അവരാരും നിങ്ങളെ ഭീഷണിപ്പെടുത്തില്ല. മാത്രവുമല്ല, ലോണ്‍ തരാന്‍ ക്രെഡിറ്റ് സ്കോര്‍ ആവശ്യമില്ല എന്ന് അവര്‍ വാഗ്ദാനം നല്‍കുകയുമില്ല. ക്രെഡിറ്റ് സ്കോര്‍ നോക്കിയേ അവര്‍ ലോണ്‍ അനുവദിക്കുകയുള്ളൂ.

Tags:    
News Summary - Beware of These Loan App Fraud Risks While Applying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.