വർഗീസ് ഇട്ടൻ ചെമ്മീൻ ഫാമിൽ


മരുഭൂമിയിൽ ചെമ്മീൻ ചാകര കൊണ്ടുവന്ന മലയാളി ഇവിടെയുണ്ട്

വ്യവസായിക അടിസ്ഥാനത്തിലുള്ള ചെമ്മീൻകൃഷി പരാജയമായതോടെ പരിഹാരംതേടിയുള്ള ബഹ്റൈനിലെ കർഷക കൂട്ടായ്മയുടെ അന്വേഷണം ചെന്നെത്തിയത് ഒരു മലയാളിയിലായിരുന്നു. അദ്ദേഹത്തിന്‍റെ പരിശ്രമഫലമായി ബഹ്റൈനിലെ ആദ്യ അക്വാകൾച്ചർ കമ്പനി ഉദ്ഘാടനം ചെയ്യപ്പെട്ടു...

ലോകമാസകലമുള്ള ഭക്ഷ്യപ്രേമികളുടെ ഇഷ്ടവിഭവമാണ് ചെമ്മീൻ. അതിന് ദേശ, ഭാഷാഭേദമില്ല. കടൽച്ചെമ്മീൻ ഗൾഫ് മേഖലയിൽ സുലഭമാണെങ്കിലും പ്രജനനകാലമടക്കം ചില സീസണുകളിൽ ചെമ്മീൻ പിടിക്കുന്നതിന് നിരോധനമുണ്ട്. എല്ലാകാലത്തും വിളവ് ലഭിക്കുന്ന അക്വാകൾച്ചർ ഫാമുകൾ തുടങ്ങുകയാണ് ഇതിന് പരിഹാരം. പക്ഷേ, ചൂടധികമുള്ള കാലാവസ്ഥയിൽ വ്യവസായ അടിസ്ഥാനത്തിലുള്ള ചെമ്മീൻകൃഷി പരാജയമായിരുന്നു.

ചെമ്മീനുകൾ വളർച്ചയെത്തുന്നതിനു മുമ്പുതന്നെ ചത്തുപോകുന്നു. അതിനു പരിഹാരംതേടിയ ബഹ്റൈനിലെ കർഷക കൂട്ടായ്മയുടെ അന്വേഷണം ചെന്നെത്തിയത് ഒരു മലയാളിയിലാണ്. പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശി പാച്ചാംപറമ്പിൽ വർഗീസ് ഇട്ടനാണ് ആ മലയാളി. അദ്ദേഹത്തിന്‍റെ പരിശ്രമഫലമായി ബഹ്റൈനിലെ ആദ്യത്തെ അക്വാകൾച്ചർ കമ്പനി ഉദ്ഘാടനം ചെയ്യപ്പെട്ടു.

ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന രാജ്യത്തിന്‍റെ ലക്ഷ്യത്തിലേക്ക് ഒരടികൂടി അടുത്തിരിക്കുന്നു എന്നാണ് അസ്കറിൽ ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെമ്മീൻ ഫാമിന്റെ ഉദ്ഘാടനം നിർവഹിക്കവെ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞത്.

ചെമ്മീൻ ഫാം ഉദ്ഘാടനത്തിനിടെ


ബഹ്റൈനിലെ ആദ്യത്തെ അക്വാകൾച്ചർ കമ്പനി

മരുഭൂമിയിലെ വിളവെടുപ്പ് ഒരു ചരിത്രസംഭവം തന്നെയായിരുന്നു. റാസ് ഹയ്യാനിലെ 6000 ചതുരശ്രമീറ്റർ സ്ഥലത്ത് സ്ഥാപിച്ച ഏഴ് പോണ്ടുകളിൽനിന്ന് ടൺകണക്കിന് ചെമ്മീനാണ് വിളവെടുത്തത്. ബഹ്റൈനിലെ ഫാമേഴ്സ് കൺസോർട്യത്തിന്‍റെ ക്ഷണം ലഭിച്ചപ്പോൾ വർഗീസ് ഇട്ടൻ ആദ്യം സ്ഥലപരിശോധന നടത്തണമെന്നാണ് പറഞ്ഞത്.

ചെമ്മീനുകൾ ചത്തുപോകുന്നതിന്‍റെ കാരണം മനസ്സിലാക്കണമായിരുന്നു. അതിനായി പ്രാരംഭവിവരങ്ങൾ ശേഖരിച്ചു. ഗൾഫിലെ താപനിലക്കനുയോജ്യമായ ഇനങ്ങൾ ആവശ്യമാണെന്ന് കണ്ടെത്തി. മാത്രമല്ല, കടൽജലം അക്വാകൾച്ചർ ഫാമുകളിൽ ഉപയോഗിക്കുമ്പോൾ പലകാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അവയിലടങ്ങിയിരിക്കുന്ന ലവണങ്ങളുടെ സാന്ദ്രതയടക്കം നിരവധി കാര്യങ്ങൾ.

വനാമി ഇനത്തിൽപെട്ട ചെമ്മീൻകുഞ്ഞുങ്ങൾ ഉയർന്ന ചൂടിനെ അതിജീവിക്കുമെന്ന് അറിയാമായിരുന്നു. അതനുസരിച്ച് അവയെ പരീക്ഷിക്കാൻ തീരുമാനിച്ചു. ഏഴ് ടാങ്കുകളിലാണ് ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെമ്മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. സമ്പൂർണമായും ആധുനിക സാ​ങ്കേതികവിദ്യ ഉപയോഗിക്കുന്ന ആധുനികഫാമായാണ് രൂപകൽപന ചെയ്തത്.

വെള്ളത്തിന്‍റെ താപനില, ചെമ്മീൻ കുഞ്ഞുങ്ങളുടെ വളർച്ച, ആവശ്യമായ തീറ്റ എന്നിവയെല്ലാം കമ്പ്യൂട്ടർ സഹായത്തോടെ ഉടമകൾക്ക് വീട്ടിലിരുന്ന് പരിശോധിക്കാം. ചെമ്മീനിന്‍റെ വളർച്ചക്കനുസരിച്ചാണ് തീറ്റയുടെ അളവ് നിർണയിക്കുക. തീറ്റ കുറഞ്ഞാൽ ചെമ്മീനുകൾ പരസ്പരം ഭക്ഷിക്കുമെന്ന അപകടമുണ്ട്. ഇതെല്ലാം കൃത്യമായി നിർണയിക്കാമെന്നതിനാൽ ഫാമിൽ അധികം ജീവനക്കാരുടെ ആവശ്യമില്ല.

ജീവനക്കാർക്കൊപ്പം


ചെമ്മീൻ ഇന്ത്യയിൽനിന്ന്

പുതുച്ചേരിയിൽനിന്നാണ് ചെമ്മീൻകുഞ്ഞുങ്ങളെ ബഹ്റൈനിലെത്തിച്ചത്. ഇവയെ കയറ്റുമതിചെയ്യാൻ ആവശ്യമായ അനുമതി ഇന്ത്യ ഗവൺ​മെന്‍റ് നൽകിയിരുന്നു. ഈ ​വിത്തുകൾ വൈപ്പിനിലെ മുനമ്പത്ത് പരീക്ഷിച്ച് വിജയിച്ചതുകൊണ്ടാണ് ഇന്ത്യയിൽനിന്ന് കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് വർഗീസ് ഇട്ടൻ പറഞ്ഞു.

കാർഷിക കുടുംബത്തിലാണ് പിറന്നത് എന്നതിനാൽ ചെറുപ്പംമുതലേ കൃഷിയിൽ താൽപര്യമുണ്ടായിരുന്നു. നെൽകൃഷിയുണ്ടായിരുന്നതിനാൽ റൈസ് മിൽ നടത്തിയിരുന്നു. 1990കളിൽ യു.എ.ഇയിലെത്തിയ വർഗീസ് കിച്ചൻ ഉപകരണങ്ങളുമായി ബന്ധ​പ്പെട്ട ബിസിനസിലാണ് ​ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഇതിനിടയിലാണ് അക്വാകൾച്ചറിൽ കമ്പംകയറിയത്. മുനമ്പത്ത് ചെമ്മീൻകൃഷി തുടങ്ങിയെങ്കിലും ഓഖി കൊടുങ്കാറ്റ് വിനയായി.

ഉദ്ദേശിച്ചപോലെ വിജയമായില്ല. നിരാശനാകാതെ അക്വാകൾച്ചർ സാ​ങ്കേതികത സ്വായത്തമാക്കാൻ ശ്രമിച്ചു. ചെമ്മീൻകൃഷി വ്യാപകമായി നടക്കാറുള്ള വിയറ്റ്നാമിലും തായ്‍ലൻഡിലും സന്ദർശനം നടത്തി. അവിടെനിന്ന് കിട്ടിയ അനുഭവസമ്പത്തുമായി വീണ്ടും മുനമ്പത്ത് കൃഷിചെയ്യുകയും വിജയിപ്പിക്കുകയും ചെയ്തു. നിലവിൽ കാസർകോട് പുതിയ പ്രോജക്ടുണ്ട്. 27 മീറ്റർ ചുറ്റളവുള്ള വലിയ പോണ്ടാണ് അവിടെ നിർമിച്ചത്. ഇതിനി​ടയിലാണ് ബഹ്റൈനിൽനിന്ന് ക്ഷണം ലഭിച്ചത്.

കുടുംബത്തോടൊപ്പം

പവിഴദ്വീപിന്‍റെ പ്രത്യേകതയനുസരിച്ചുള്ള കൃഷിരീതി

ഗൾഫ് മേഖലയുടെ പ്രത്യേകതകളനുസരിച്ചുള്ള കൃഷിരീതിയാണ് വർഗീസ് നടപ്പാക്കിയത്. ചെമ്മീൻകുഞ്ഞുങ്ങൾക്കുള്ള തീറ്റ ഫെർമന്റേഷൻ നടത്താൻ സാധാരണ ശർക്കരയാണ് ഉപയോഗിക്കുന്നത്. അതിനുപകരം ഈത്തപ്പഴമാണ് വർഗീസ് പരീക്ഷിച്ചത്. അത് വിജയമായി. തീറ്റയുടെ മെച്ചമനുസരിച്ച് ചെമ്മീനുകളുടെ മണവും ഗുണവും രുചിയും മെച്ചപ്പെട്ടു. തദ്ദേശീയർക്ക് അത് ഏറെ ഇഷ്ടമാകുകയും ചെയ്തു. പോണ്ടിന്റെ അടിഭാഗത്തിന് കൊടുക്കുന്ന നിറത്തിനനുസരിച്ച് ചെമ്മീനുകളുടെ നിറംമാറുമെന്ന് ഇതിനിടെ മനസ്സിലായി. ഓരോ പ്രദേശത്തെയും ആളുകളുടെ അഭിരുചിക്കനുസരിച്ചുള്ള നിറത്തിൽ ചെമ്മീനുകളെ ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

ബഹ്റൈനിൽ കണ്ടൽകാടുകളുടെ സംരക്ഷണത്തിന് സർക്കാർ ഏറെ പ്രാധാന്യം കൊടുക്കുന്നതിനാൽ പോണ്ടിൽനിന്ന് പുറത്തുകളയുന്ന വെള്ളം സമീപത്തെ കണ്ടലുകൾക്ക് ദോഷമുണ്ടാക്കുമോ എന്ന് സർക്കാർ ഏജൻസികൾ പരിശോധന നടത്തിയിരുന്നു. എന്നാൽ, ദോഷമില്ലെന്നു മാത്രമല്ല, കണ്ടലുകളുടെ വളർച്ചയെ അത് സഹായിക്കുന്നു എന്നും കണ്ടെത്തിയിരുന്നു.

120 ദിവസംകൊണ്ട് ചെമ്മീനുകൾ വളർച്ച​യെത്തുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു. രുചികരമായ ​ഫ്രഷ് ചെമ്മീൻ കർഷകരുടെയും ഉപഭോക്താക്കളുടെയും മനംകവരുകയും ചെയ്തു. പദ്ധതി വിജയകരമായതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫാർമേഴ്സ് കൺസോർട്യം. വർഗീസ് ഇട്ടന്റെ ബ്ലൂ ബെൽ അക്വാ ഇൻഡസ്ട്രീസ് ഇതിനുള്ള പ്രവർത്തനങ്ങളാരംഭിച്ചുകഴിഞ്ഞു. ഒരു കൃഷി കഴിഞ്ഞാൽ മൂന്നുനാല് ദിവസങ്ങൾക്കുള്ളിൽ അടുത്ത കൃഷി ആരംഭിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ വർഷത്തിൽ മൂന്ന് കൃഷി നടത്താൻ സാധിക്കും.

ഇന്ത്യയിൽനിന്ന് കൊണ്ടുവന്ന ചെമ്മീൻ കുഞ്ഞുങ്ങളെയാണ് അഞ്ചു പോണ്ടുകളിലും നിക്ഷേപിച്ചിരിക്കുന്നത്. രണ്ടുപോണ്ടുകളിൽ തായ്‍ലൻഡിൽനിന്നുള്ള കുഞ്ഞുങ്ങളെയും. ബഹ്റൈനിന്റെ കാലാവസ്ഥക്ക് അനുയോജ്യമാണ് ചെമ്മീൻകൃഷി എന്ന് സ്ഥാപിക്കപ്പെട്ടതോടെ തൊഴിലാളികൾക്കും സംരംഭകർക്കും വലിയ സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

ശുദ്ധജലത്തിലെ ചെമ്മീൻകൃഷി

കേരളത്തിൽ സമുദ്രജലത്തിൽ ചെമ്മീൻകൃഷി നടത്തുന്നത് കുടിവെള്ളസ്രോതസ്സുകളെ മലിനമാക്കാനിടയാക്കും എന്നാണ് വർഗീസിന്റെ അഭിപ്രായം. തായ്‍ലൻഡിൽ പോയപ്പോൾ അത് കണ്ടതാണ്. അവിടങ്ങളിലെ കുടിവെള്ളസ്രോതസ്സുകൾ ഉപ്പുവെള്ളം കലർന്ന് മലിനമാണ്.

അതുകൊണ്ട് ശുദ്ധജലത്തിൽ ചെമ്മീൻകൃഷി നടത്താനുള്ള പരീക്ഷണത്തിലാണിപ്പോൾ. അത് വിജയംകണ്ടുവരുന്നു. നിലവിൽ വിയറ്റ്നാമിലാണ് ശുദ്ധജലത്തിൽ ചെമ്മീൻകൃഷി നടത്തുന്നത്. പെരുമ്പാവൂരിൽ ആ മാതൃകയുടെ പരീക്ഷണഘട്ടത്തിലാണ്. കേരളത്തിൽ അത് വിജയമായാൽ, ഭൂപ്രകൃതി വ്യത്യാസമില്ലാതെ എവിടെ വേണമെങ്കിലും കൃഷിനടത്താൻ സാധിക്കും.

കുടുംബം

ഭാര്യ സിബി വർഗീസും രണ്ട് മക്കളുമടങ്ങിയതാണ് കുടുംബം. മകൾ ലിന വർഗീസ് എം.ബി.ബി.എസിനുശേഷം എം.ഡി ചെയ്യുന്നു. മകൻ ലിജോ വർഗീസ് എൻജിനീയറിങ് ബിരുദധാരിയാണ്. സിനിമാരംഗത്താണ് താൽപര്യം. ഇളയമകൻ അലൻ പ്ലസ് ടുവിനുശേഷം നീറ്റ് പരിശീലനത്തിലാണ്. കേരളത്തിലുള്ള കിച്ചൻ എക്വിപ്​​മെന്‍റ് ഫാക്ടറിയുടെയും അഗ്രോ ഇൻഡസ്ട്രീസിന്‍റെയും ചുമതല ഭാര്യക്കാണ്.

വിവിധ രാജ്യങ്ങളിലേക്ക് കിച്ചൻ എക്വിപ്​മെന്‍റ്  ഇപ്പോൾ കയറ്റുമതി ചെയ്യുന്നുണ്ട്. ചെമ്മീൻ കൃഷിയിൽ തൽപരരായ സംരംഭകർക്ക് ആവശ്യമായ സാ​ങ്കേതികസഹായം നൽകാൻ വർഗീസ് ഇട്ടന്‍റെ ബ്ലൂ ബെൽ അക്വാ ഇൻഡസ്ട്രീസ് സന്നദ്ധമാണ്. ഇ-മെയിൽ വിലാസം: varghese@bbaindustries.com




Tags:    
News Summary - Prawns harvest in desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.