വര: വി.ആർ. രാഗേഷ്

കുട്ടിക്കഥ: അനുസരണം

പതിവുപോലെ അന്നും ഉണ്ണി സ്കൂൾവിട്ട് വീട്ടിലെത്തി. കൂടെ അനിയത്തിയും ഉണ്ടായിരുന്നു. വീട്ടിലേക്കു കയറാൻ തുടങ്ങുമ്പോളാണ് അനിയത്തി അതു കണ്ടത്. മുറ്റത്തെ മാവിൽ രണ്ടു മാങ്ങകൾ പഴുത്തു കിടക്കുന്നു. അവൾ അത് ഉണ്ണിക്ക് കാണിച്ചുകൊടുത്തു. എങ്ങനെയെങ്കിലും ആ മാങ്ങകൾ കൈക്കലാക്കണമെന്ന് അപ്പോൾതന്നെ അവൻ മനസ്സിൽ ഉറപ്പിച്ചു. ഉണ്ണി വസ്ത്രം മാറിയ ശേഷം അമ്മ കൊടുത്ത ചായ കുടിച്ചു.

‘‘അമ്മെ, അമ്മെ, നമ്മുടെ മാവിൽ രണ്ടു മാങ്ങ പഴുത്തു കിടക്കുന്നു. ഒന്നു ഞാൻ പറിച്ചോട്ടെ?’’

‘‘വേണ്ട മോനെ, നിനക്കതിനു കഴിയില്ല. ചേട്ടൻ ഇപ്പോൾ വരും എന്നിട്ട് നമുക്ക് പറിക്കാം’’

ഉണ്ണിക്ക് അത്രയും സമയം കാത്തുനിൽക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല. അമ്മ മീൻ നന്നാക്കാൻ അപ്പുറത്തേക്ക് പോയ സമയം നോക്കി അവൻ മാവിൻചുവട്ടിലേക്ക് ഓടി. അവിടെ കിടന്നിരുന്ന കല്ലുകൾ എടുത്തു മാങ്ങയെ ലക്ഷ്യം വെച്ച് അവൻ കുറെ എറിഞ്ഞു നോക്കി. പക്ഷേ, ഒന്നും ലക്ഷ്യം കണ്ടില്ല. ഇനി എന്തു ചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് നീളമുള്ള ഒരു മുളവടി കുറച്ചകലെ അവൻ കണ്ടത്. അത് എടുത്തുകൊണ്ടുവന്ന് മാങ്ങ വീഴ്ത്താൻ ശ്രമിച്ചെങ്കിലും വടിക്ക് വേണ്ടത്ര നീളം ഉണ്ടായിരുന്നില്ല.

ഉണ്ണിക്ക് നിരാശ തോന്നിയെങ്കിലും അവൻ വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. അവൻ മാവിൽ കയറാൻതന്നെ തീരുമാനിച്ചു. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അവൻ മെല്ലെ മെല്ലെ ഓരോ കൊമ്പുകൾ പിടിച്ചു മുകളിലേക്ക് കയറിത്തുടങ്ങി. മുകളിൽ എത്താറായപ്പോൾ അവൻ പിടിച്ച കൊമ്പ് അടർന്നു താഴെ വീണു. ഒപ്പം ഉണ്ണിയും. ശബ്ദം കേട്ട് അമ്മയും അനിയത്തിയും ഓടിവന്നു. ഉണ്ണിക്ക് എഴുന്നേറ്റ് ഓടണമെന്നുണ്ടായിരുന്നു. കാരണം അമ്മയുടെ അടി ഉറപ്പായിരുന്നു. എന്നാൽ, കാലിലെ വേദന കാരണം അവന് എഴുന്നേൽക്കാൻപോലും കഴിഞ്ഞില്ല. അമ്മയും അനിയത്തിയും കൂടി അവനെ പിടിച്ച് എഴുന്നേൽപിച്ചു. പിന്നീട് അവർ അവന്‍റെ കൈയും കാലും നന്നായി തടവിക്കൊടുത്തു. അവന് നല്ല ആശ്വാസം തോന്നി. അവൻ അൽപം നടന്നുനോക്കി, നടക്കാൻ കഴിയുന്നുണ്ട്. ഭാഗ്യത്തിന് ഒന്നും പറ്റിയിട്ടില്ല. എല്ലാവർക്കും ആശ്വാസമായി.

‘‘അമ്മ പറയുന്നത് അനുസരിക്കണമെന്ന് ഇപ്പോൾ നിനക്ക് മനസ്സിലായോ?’’

‘‘ശരിയാണമ്മേ, ഇനി ഒരിക്കലും ഞാൻ അമ്മയെ ധിക്കരിക്കില്ല.’’

അമ്മ അവനെയും കൊണ്ട് അകത്തേക്കു പോയി.’’

എഴുത്ത്: ഹസ്സൻ പുള്ളിക്കോത്ത്



Tags:    
News Summary - kids bedtime story anusaranam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.