ആദ്യമായി സ്കൂളിലേക്കോ ​േപ്ല സ്കൂളിലേക്കോ പോകാൻ വീട്ടിലെ കുട്ടി ഒരുങ്ങുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിയാം...

വീണ്ടുമൊരു അധ്യയന വർഷംകൂടി വരുന്നു. കാര്‍ട്ടൂണും മൊബൈല്‍ ഗെയിമുകളും ടി.വിയുമെല്ലാമായി മാറിയ പുതുലോകത്തെ കുട്ടികൾ സ്കൂളിലേക്ക്​ ആദ്യ ചുവടു​കൾ വെക്കാൻ ഒര​ുങ്ങുകയാണ്​. വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് സ്‌കൂളിന്‍റെ വിശാലമായ അങ്കണത്തിലേക്ക്​​.

സമപ്രായക്കാരായ ഒരുപാട് കുട്ടികള്‍, ഇതുവരെ കാണാത്ത അധ്യാപകര്‍, ക്ലാസ് മുറികളിലെ പഠനം, അങ്ങനെ അപരിചിതമായ ലോകമാണ് ഓരോ കുരുന്നിനെയും കാത്തിരിക്കുന്നത്. സ്വന്തം കണ്‍വെട്ടത്തുനിന്ന് മക്കളെ മറ്റൊരിടത്തേക്ക് പറഞ്ഞയക്കുന്നതിന്റെ ടെന്‍ഷന്‍ എല്ലാ മാതാപിതാക്കള്‍ക്കുമുണ്ടാകും.

അവരുടെ ശീലങ്ങള്‍, പെരുമാറ്റം, പഠനം ഇതെല്ലാം ആവലാതിയായി നിറയും. സ്‌കൂളിലേക്ക് പുതുതായി പോകാൻ തയാറെടുക്കുന്ന മക്കളെ എങ്ങനെ നമുക്ക് ഒരുക്കിയെടുക്കാം എന്നതിൽ ടെന്‍ഷനടിക്കേണ്ട. അവരെ മിടുക്കരായി പറഞ്ഞയക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.


എഴുതി പഠിപ്പിക്കേണ്ട, വായിച്ചുകൊടുക്കാം

സ്‌കൂളിലെത്തും മുമ്പ് അക്ഷരങ്ങളും അക്കങ്ങളും എഴുതി പഠിപ്പിക്കണോ എന്നതാണ് പല മാതാപിതാക്കളുടെയും സംശയം. എന്നാല്‍, പുതിയ പഠനരീതി അനുസരിച്ച് അവരെ വീട്ടില്‍നിന്ന് എഴുതി പഠിപ്പിക്കേണ്ട കാര്യമില്ല. ഒറ്റയടിക്ക് എഴുത്തിന്റെയോ വായനയുടെയോ ലോകത്തേക്ക് കൊണ്ടുവരുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കുട്ടികൾക്ക്​ സാധിച്ചെന്നു വരില്ല. അവര്‍ക്ക് ഇംഗ്ലീഷ്, മലയാളം അക്ഷരമാലകൾ വായിച്ചുകൊടുക്കാം.

ഒരക്ഷരം കണ്ടാല്‍ അവര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചാല്‍ മാത്രം മതി. അക്ഷരങ്ങൾ പഠിപ്പിക്കുന്ന നിരവധി പിക്ചര്‍ ബുക്കുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. അത് വാങ്ങി അവരുടെ കൂടെയിരുന്ന് ദിവസവും വായിച്ചുകൊടുക്കാം. സ്ഥിരമായി വായിച്ചുകൊടുക്കുമ്പോള്‍ അത് അവരുടെ ഓര്‍മയില്‍ നില്‍ക്കും. അതുപോലെ അക്കങ്ങളും. അക്ഷരമാലകളും അക്കങ്ങളും പരിചയപ്പെടുത്തുന്ന നിരവധി നഴ്സറി ഗാനങ്ങളുണ്ട്. ടി.വിയിലും ഫോണിലും അവ അവര്‍ക്ക് കാണിച്ചുകൊടുക്കാം. അതും അവരുടെ ഓര്‍മയില്‍ നില്‍ക്കും.

ഒപ്പംതന്നെ മൃഗങ്ങള്‍, പൂക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയൊക്കെയുള്ള ചിത്രങ്ങള്‍ കാണിച്ച് പറഞ്ഞുകൊടുക്കാം. ശരീരഭാഗങ്ങളും ചിത്രങ്ങളിലൂടെ പറഞ്ഞുകൊടുക്കാം. അവര്‍ക്ക് തിരിച്ചറിയാന്‍വേണ്ടി മാത്രം.

ഫോൺ ചങ്ങാത്തം കുറക്കാം

ബാലരമ, ബാലഭൂമി, കളിക്കുടുക്ക, മിന്നാമിന്നി, പൂമ്പാറ്റ... ഇന്നത്തെ കുട്ടികളോട് ഈ പേരുകൾ ചോദിച്ചാല്‍ അറിയണമെന്നില്ല. എന്നാല്‍, ഏതെങ്കിലും കാര്‍ട്ടൂണിന്റെ പേര് ചോദിച്ചുനോക്കൂ. അവര്‍ക്കറിയാത്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങൾ ഉണ്ടാകില്ല. കഥകള്‍ പുസ്തകത്തില്‍ നോക്കി വായിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഇഷ്ടവുമല്ല. കറുത്ത കുനുകുനെയുള്ള അക്ഷരങ്ങളും മങ്ങിയ ചിത്രങ്ങളും അവരുടെ കുഞ്ഞിക്കണ്ണുകള്‍ക്ക് പിടിക്കുന്നില്ല എന്നതാണ് പ്രധാന കാരണം.

മറ്റൊന്ന് മാതാപിതാക്കള്‍ക്ക് അവരോടൊപ്പമിരുന്ന് കഥ വായിച്ചുകേള്‍പ്പിക്കാന്‍ നേരമില്ല. കുട്ടികളുടെ വികൃതി കുറക്കാനും നമ്മുടെ ജോലികള്‍ വേഗം തീര്‍ക്കാനും മൊബൈല്‍ ഫോണ്‍ കൈയില്‍ കൊടുത്ത് നാം ശീലിച്ചു പോയി. എന്നാല്‍, ആ ശീലങ്ങള്‍ ഇനി കുറച്ചേ മതിയാവൂ. കഥ പറച്ചില്‍ ഫോണില്‍ വേണ്ട. കുട്ടികള്‍ക്കു വേണ്ടിയുള്ള കഥാപുസ്തകങ്ങള്‍ വാങ്ങി അവരോടൊപ്പം ഇരുന്ന് കഥകള്‍ പറഞ്ഞുകൊടുക്കാം.

അതുവഴി അവര്‍ക്ക് കേള്‍ക്കാനുള്ള കഴിവ് (listening power), കാണാനുള്ള ശേഷി ഇവയൊക്കെ കൂടും. അതേസമയം, അക്ഷരങ്ങളും അക്കങ്ങളും പരിചയപ്പെടുത്തുന്ന നഴ്സറി ഗാനങ്ങള്‍ ഇടക്ക് കാണിച്ചുകൊടുക്കാം.


മഞ്ചാടി പെറുക്കാം, പേപ്പറുകള്‍ കീറിയിടാം

കെ.ജി ക്ലാസിലെത്തുന്ന പല കുട്ടികള്‍ക്കും പെന്‍സിലൊന്നും പിടിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എഴുതാന്‍ കൈകളിലെ മസില്‍ ശരിയായ വളര്‍ച്ചയില്‍ എത്താത്തതുകൊണ്ടാണിത്. സ്‌കൂളിലേക്ക് എത്തുന്നതിന് മുമ്പുതന്നെ അവര്‍ക്ക് മഞ്ചാടി, കല്ലുകള്‍, ചെറുപയര്‍, കടല പോലുള്ളവ നിലത്തിട്ടുകൊടുത്ത് ഒരു പാത്രത്തിലേക്ക് പെറുക്കിയിടാന്‍ ശീലിപ്പിക്കണം.

അതല്ലെങ്കില്‍ പഴയ ന്യൂസ് പേപ്പറുകള്‍ നല്‍കി അവരോട് ചെറുതായി കീറാന്‍ പറയണം. അതുമല്ലെങ്കില്‍ ക്രയോണ്‍സ് വാങ്ങി നല്‍കണം. ഇതൊക്കെ ചെയ്യുക അവരുടെ മൂന്നു വിരലുകള്‍ ഉപയോഗിച്ചാണ്. ഇത് ചെയ്ത് ശീലമാകുമ്പോള്‍ പെന്‍സില്‍ ശരിയായി പിടിക്കാനും സാധിക്കും.

‘മൈ നെയിം ഈസ്...'

മക്കളെ നാം വീട്ടില്‍ എന്തെങ്കിലും ഓമനപ്പേരാണ്​ വിളിക്കുക. അവര്‍ അതുതന്നെയാണ് കേട്ടുവളരുന്നതും. എന്നാല്‍, സ്‌കൂളിലെത്തിയാല്‍ യഥാര്‍ഥ പേരാണ്​ കൂട്ടുകാരും അധ്യാപകരും വിളിക്കുക. ഈ സമയത്തു തന്നെയാണ് വിളിക്കുന്നതെന്ന് കുട്ടികള്‍ക്കു മനസ്സിലാകില്ല. അതുകൊണ്ട് സ്‌കൂളിലേക്ക് ആദ്യമായി പോകുന്ന കുട്ടികളെ നിര്‍ബന്ധമായും അവരുടെ യഥാര്‍ഥ പേര് പറഞ്ഞുപഠിപ്പിക്കണം. ഒപ്പം മാതാപിതാക്കളുടെ പേരും പറഞ്ഞു മനസ്സിലാക്കുക.


സ്‌കൂൾ സ്വപ്നം കാണട്ടെ

മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ അടങ്ങിയ ചെറിയ കുടുംബമാണ്​ കുഞ്ഞുങ്ങളുടെ ലോകം. അവിടെ നിന്നാണ് സ്‌കൂളെന്ന വിശാലമായ ലോകത്തേക്ക് അവര്‍ കടന്നുചെല്ലുന്നത്. സ്‌കൂളിനെ കുറിച്ച് അവരുടെ മനസ്സില്‍ ചെറിയ ആവലാതികള്‍ സ്വാഭാവികമാണ്​. അതൊക്കെ മാറ്റിയെടുക്കേണ്ടത് മാതാപിതാക്കളാണ്. സ്‌കൂളിനെക്കുറിച്ച് ഒരുപാട് പോസിറ്റിവായ കാര്യങ്ങള്‍ നിരന്തരം പറഞ്ഞുകൊടുക്കണം.

കൂട്ടുകാരെ കിട്ടും, പുസ്തകങ്ങളുണ്ട്, പാട്ടുപാടാം, കളിക്കാം, ഡാന്‍സ് ചെയ്യാം... അങ്ങനെ അവര്‍ സ്‌കൂളിനെ കുറിച്ച് ഒരുപാട് സ്വപ്നം കാണട്ടെ. ഒപ്പം സ്‌കൂള്‍ തുറക്കാൻ കാത്തിരിക്കുകയും ചെയ്യട്ടെ. ചെറിയ കുരുത്തക്കേട് കാട്ടുമ്പോള്‍ ‘നീ ഇനി സ്‌കൂളിലേക്കാണ് പോകുന്നത്. അവിടെ ഇതുപോലെ കാണിച്ചാല്‍ ടീച്ചറുടെ കൈയില്‍നിന്ന് നല്ല അടികിട്ടും’, ‘നിന്റെ ഈ കളിയൊന്നും സ്‌കൂളില്‍ നടക്കില്ല’ എന്നൊക്കെ പറയുന്നത് സ്‌കൂളിനോട് ഇഷ്ടക്കേടും പേടിയുമാണ് മനസ്സില്‍ നിറക്കുക.

തുറന്നുപറയാന്‍ പഠിപ്പിക്കാം

വീട്ടിൽ ടോയ്ലെറ്റില്‍ പോകാനുണ്ടെങ്കില്‍ മാതാപിതാക്കളോട്​ പറയും. സ്കൂളിൽ ചെന്നാൽ മൂത്രമൊഴിക്കാനുണ്ടെങ്കില്‍ അവര്‍ പറയുന്നത് ടീച്ചര്‍മാര്‍ക്ക് പെട്ടെന്ന് മനസ്സിലാകണമെന്നില്ല. ആവശ്യം വ്യക്തമായി പറയാനായി കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. സ്വന്തമായി ബാത്റൂമില്‍ പോകാനും ഒറ്റക്ക് ബെല്‍റ്റിടാനും സിബ്ബിടാനുമൊക്കെ പഠിപ്പിക്കാം. ഒട്ടുമിക്ക സ്‌കൂളിലും കെ.ജി ക്ലാസിലൊക്കെ അവരെ സഹായിക്കാന്‍ ആയമാരും ടീച്ചര്‍മാരും ഉണ്ടാകും. പതിയെ പതിയെ അവര്‍ അതൊക്കെ പഠിക്കും. എന്നിരുന്നാലും ഒറ്റക്ക് ചെയ്ത് ശീലമാകുന്നത് എപ്പോഴും നല്ലതാണ്.


നേരത്തേ ഉറങ്ങാം, ഉണരാം

ഇന്ന് മിക്ക കുട്ടികളും ഒരുപാട് വൈകിയാണ് ഉറങ്ങുന്നത്. കാര്‍ട്ടൂൺ കണ്ട് ഉറങ്ങുമ്പോഴേക്കും 11 അല്ലെങ്കിൽ 12 മണിയാകും. സ്വാഭാവികമായും നേരത്തേ എഴുന്നേല്‍ക്കുമ്പോള്‍ ഉറക്കം ശരിയാകണമെന്നില്ല. പിന്നെ എഴുന്നേറ്റ് കുളിക്കാനും ഭക്ഷണം കഴിക്കാനും മടിയാകും.

അപ്പോഴേക്കും സ്‌കൂള്‍ ബസ് വീടിനു മുന്നിലെത്തും. ആകെ ജഗപൊകയാകും. ഇത്​ ഒഴിവാക്കാൻ നേരത്തേ ഉറക്കി ശീലിപ്പിക്കാം. സ്‌കൂളിലേക്ക് പോകാനായി ഒരുങ്ങേണ്ട നേരം കണക്കാക്കി ഉണര്‍ത്തുകയും വേണം. സ്‌കൂള്‍ തുറക്കും മുമ്പുതന്നെ അത് ശീലമായാല്‍ പിന്നെ രാവിലത്തെ ഓട്ടം ഒഴിവാക്കാം.

ഷെയറിങ് ഈസ് കെയറിങ്

ഭക്ഷണം കഴിക്കും മുമ്പ് കൈകഴുകണം, എങ്ങനെ ഭക്ഷണം ഷെയര്‍ ചെയ്യണം, അനുവാദം കൂടാതെ മറ്റൊരാളുടെ സാധനം എടുക്കരുത്​ തുടങ്ങിയ കാര്യങ്ങളൊക്കെ അവരുടെ രീതിയില്‍ പറഞ്ഞു മനസ്സിലാക്കാം. പുറമെ നല്ല സ്പര്‍ശനം എന്താണ്, ചീത്ത സ്പര്‍ശനം എന്താണ് ഇതും അവര്‍ക്ക് പറഞ്ഞുകൊടുക്കാം.

അവരെ കേള്‍ക്കാം, ക്ഷമയോടെ

സ്‌കൂളിലെ അന്തരീക്ഷം കുട്ടിയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അവര്‍ സ്‌കൂള്‍ വിട്ടുവന്നാല്‍ വിശേഷങ്ങള്‍ ചോദിക്കാം. അവര്‍ പറയുന്നത് ക്ഷമയോടെ കേട്ടിരിക്കണം.സ്‌കൂളില്‍ നന്നായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അഭിനന്ദിക്കുക. സ്‌കൂളിലെ എല്ലാ പരിപാടികളിലും പങ്കെടുപ്പിക്കാം. കുഞ്ഞുകുഞ്ഞ് പ്രോമിസുകള്‍ നല്‍കാം.


ഭക്ഷണം ഒരുമിച്ച് കഴിക്കാം...ഒറ്റക്ക് കഴിക്കാം...

കുട്ടി സ്‌കൂളിലെത്തുമ്പോള്‍ എല്ലാ മാതാപിതാക്കളുടെയും പരാതിയാണ് ഭക്ഷണം ശരിക്ക് കഴിക്കുന്നില്ല എന്നത്. വീട്ടിലാകുമ്പോള്‍ ആരെങ്കിലും വാരിക്കൊടുത്താകും ശീലം. ഇന്ന്​ മൊബൈല്‍ ഫോണ്‍ കണ്ടാണ് പല കുട്ടികളും ഭക്ഷണം കഴിക്കുന്നത്. സ്‌കൂളില്‍ കൂട്ടുകാർക്ക്​ ഒപ്പമിരുന്നാണ് ഭക്ഷണം കഴിക്കുക.

അതുവരെ ഒറ്റക്ക് കഴിക്കാത്ത കുട്ടികള്‍ അതോടെ ടെന്‍ഷനാകും. ഇത്​ ഒഴിവാക്കാന്‍ സ്‌കൂള്‍ തുറക്കും മുമ്പ് അവരെ വീട്ടില്‍ തന്നെ ഒറ്റക്ക് കഴിച്ചുശീലിപ്പിക്കാം. അതിന് വീട്ടിലെ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഈ സമയത്ത് കുട്ടികളെയും ഒരുമിച്ച് ഇരുത്താം. തനിയെ കഴിക്കുക എന്ന ശീലം അവരില്‍ ഉണ്ടാക്കിയെടുക്കുന്നത് എപ്പോഴും നല്ലതാണ്.

ഇഷ്ടഭക്ഷണം കുറഞ്ഞ അളവില്‍

സ്‌കൂളിലേക്ക് ഭക്ഷണം കൊടുത്തുവിടുമ്പോള്‍ എപ്പോഴും കുറഞ്ഞ അളവില്‍ മാത്രം കൊടുക്കുക. അതും ഇഷ്ടമുള്ള ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കുക. കൊണ്ടുവന്ന ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ ടീച്ചര്‍മാര്‍ പറയും. ഒരുപാട് അളവില്‍ ഭക്ഷണം കുട്ടികള്‍ക്ക്​ കഴിക്കാൻ കഴിഞ്ഞെന്നു വരില്ല. അത്​ കുട്ടിക്ക്​ ടെൻഷന്​ കാരണമാകും. അവരുടെ ഇഷ്ടഭക്ഷണം അവര്‍ക്കിഷ്ടമാകുന്ന രീതിയില്‍മാത്രം കൊടുത്തയക്കുക.

ദോശയും ചപ്പാത്തിയുമൊക്കെ പല ആകൃതിയിൽ ചുട്ടെടുത്ത് നല്‍കാം. നൂഡ്ല്‍സ്, പാസ്ത പോലുള്ളവയാണ് സ്ഥിരമായി കൊടുക്കുന്നതെങ്കില്‍ പതുക്കെ ആ ശീലം മാറ്റുക. പരമാവധി പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ശീലിപ്പിക്കുക. കുട്ടികള്‍ക്ക് എളുപ്പം തുറക്കാന്‍ സാധിക്കുന്ന ടിഫിന്‍ ബോക്സുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഒരുപാട് തട്ടുകളൊക്കെയുള്ള ടിഫിന്‍ബോക്സ് ബുദ്ധിമുട്ടായിരിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഷെറിന്‍ (അധ്യാപിക, നോബ്ള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ദോഹ)

ജിഷിത (അധ്യാപിക ജെ.ടി.ഡി ഇസ്‍ലാം, ന്യൂ ഹോപ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വെള്ളിമാട്കുന്ന്, കോഴിക്കോട്)

Tags:    
News Summary - Tips For Preparing For Back To School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.