ക്രിക്കറ്റ്‌ ഭ്രാന്ത് തലക്കു പിടിച്ചു നടക്കുന്ന കാലം.

ഫാറൂഖ് കോളജ് കാമ്പസിന്‍റെ മുക്കുമൂലകളിലും മരത്തണലിലും എന്നുവേണ്ട നാലാൾ കൂടുന്നിടത്തൊക്കെ സചിനും സെവാഗും റൺസും വിക്കറ്റും മാത്രമായിരുന്നു ചർച്ച. എന്നാലോ, കളി കാണാൻ സൗകര്യവുമില്ല. ഹോസ്റ്റലിലെ ടി.വി ‘സേവനം’ അവസാനിപ്പിച്ചിട്ട്​ ദിവസം കുറെയായി. എല്ലാ ആഴ്ചയും വീട്ടിൽ പോകാനും അനുവാദമില്ലായിരുന്നു. രാത്രി ഏഴു മണിമുതൽ പത്തു വരെ സ്റ്റഡി ടൈം. അതു പാലിക്കുന്നുണ്ടോ എന്ന് വാർഡൻ കൃത്യമായി പരിശോധിക്കും. ക്രിക്കറ്റ്‌ കളി തലയിൽ കയറിയതിൽ പിന്നെ കമന്ററി എങ്കിലും കേൾക്കാതെ വയ്യ എന്നായി റൂമിലെ നാലു പേർക്കും. അങ്ങനെയിരിക്കെയാണ് നാലിൽ ഒരാളായ കോട്ടയംകാരി നെയ്‌ല ഹമീദിന്റെ സഹപാഠി സിമി ഒരു പോക്കറ്റ് റേഡിയോ സംഘടിപ്പിച്ചുതന്നത്.

അതിന് ഞങ്ങൾ സിമിക്ക് ബിരിയാണി വാങ്ങിച്ചുകൊടുക്കേണ്ടിവന്നു.

അന്ന് രാത്രിഭക്ഷണ സമയത്ത് ബെല്ലടി കേട്ടതും വാർഡനെ ബോധിപ്പിക്കാൻ മാത്രം ഹോസ്റ്റൽ മെസിലേക്ക് ഓടിച്ചെന്ന് പൊറോട്ട കൈയിലെടുത്തു ഷാളിൽ പൊതിഞ്ഞ് ആരും കാണാതെ തിരിച്ചു റൂമിലേക്ക് ഓടി.

ചുവരിൽ വെണ്ടക്ക അക്ഷരത്തിൽ മെസ് ഹാളിലിരുന്നു മാത്രം ഉണ്ണുക എന്നെഴുതിവെച്ചതിന്റെ മുന്നിലൂടെയാണ് ഞങ്ങൾ പാഞ്ഞത്.

ഭാഗ്യം വാർഡന്‍റെ കണ്ണിൽപെട്ടില്ല. നാൽവർ സംഘത്തിലെ സചിൻ ഫാനും ഫുഡി ഗേളുമായ സുജിത വാഷ്‌റൂമിലേക്ക് പോയിരുന്നതിനാൽ റൂമിന്റെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവൾ തിരിച്ചെത്തിയാൽ അതു തുറക്കാൻ ഒരാൾ എഴുന്നേൽക്കേണ്ടിവരില്ലേ? അതുപിന്നെ ആരെന്നുള്ള അടിപിടിയിൽ കലാശിക്കുമെന്നറിയാവുന്നതുകൊണ്ട് വാതിൽ കൊട്ടിയടക്കാൻ നിന്നില്ല.

ഞങ്ങൾ മൂന്നും വാതിലിനു പുറംതിരിഞ്ഞുള്ള കട്ടിലിൽ കിടന്നുകൊണ്ട് ക്രിക്കറ്റ്‌ കമന്ററി ആസ്വദിച്ചുവരുകയായിരുന്നു. സിക്സർ അടിക്കുന്നതറിയുമ്പോൾ മാത്രം ഞങ്ങൾ ഹൂ എന്ന് പതുക്കെ സന്തോഷിച്ചു. ഇടക്കു വാതിലിൽ ആരോ മുട്ടിയതുപോലെ. സുജു ആണെന്ന് ഉറപ്പിച്ചതിനാൽ ആരും അങ്ങോട്ടേക്ക് കണ്ണയച്ചില്ല. ‘‘വേഗം വാന്റെ സുജു... നിന്റെ സചിൻ ഇന്ന് നല്ല ഫോമിലാണ്. സെഞ്ച്വറി അടിക്കും. ആ വാർഡൻ മാമി കണ്ടുപിടിച്ചാൽ പിന്നെ നാളെ അസംബ്ലിയിൽ ഇക്കാര്യത്തെപ്പറ്റിയാകും ഖുതുബ..." പറഞ്ഞു മുഴുമിക്കുംമുമ്പ് ഒരാൾ ഞങ്ങളുടെ മുന്നിൽ വന്നു നിന്നു. സാക്ഷാൽ ഹോസ്റ്റൽ വാർഡന്‍റെ ‘കള്ളനെ പിടിച്ചേ’ ഭാവം കണ്ടു ഞങ്ങൾ നാലുപേരും ഭൂമിക്കടിയിലേക്ക് താഴ്ന്നങ്ങ് പോയിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചുപോയി..

ആ സംഭവത്തോടെ ഞങ്ങൾ നോട്ടപ്പുള്ളികളായി മാറി.

ഗവേഷകയും പ്രിൻസിപ്പലിന്റെ സുഹൃത്തുമായ റഷ്യക്കാരി സിയുസ് ആയിടക്ക് ഹോസ്റ്റലിൽ ഒരാഴ്ച തങ്ങാൻ വന്നിരുന്നു. വൈകുന്നേരങ്ങളിൽ ഞങ്ങളുടെ റൂമിന്റെ എതിർവശത്തെ സിയുസിന്റെ മുറിയിൽനിന്ന് വയലിൻ സംഗീതം നേർത്ത അലകളായി ഞങ്ങളിലേക്ക് ഒഴുകിപ്പരന്നിരുന്നു.

ഒരു വൈകുന്നേരം സിയുസ് ഞങ്ങളെ പാട്ടുപഠിക്കാൻ വിളിച്ചുകൊണ്ടുപോയി. റഷ്യൻ പാട്ട് അവർ ചൊല്ലിത്തരുന്നതുപോലെ പാടാൻ പറഞ്ഞു..

"ആ... ഡ്... ആ... ഡ്...

ആട്... പെറ്റു...

ആട് പെറ്റു... കൊറ്റനാട് പെറ്റു..."

ഞങ്ങൾ ആ റഷ്യൻ പാട്ടിന്റെ വരികൾ കേട്ടത് ഇത്തരത്തിലായിരുന്നു.

പാവം റഷ്യക്കാരി അവർ പാടിത്തന്ന പാട്ടിന്റെ ഉച്ചാരണംവെച്ച് ഞങ്ങൾ ഒറിജിനൽ റഷ്യൻ പാട്ടിനെ കൊല്ലാതെ കൊന്നു.

എന്തായിരുന്നിരിക്കാം ശരിക്കുള്ള ആ റഷ്യൻ പാട്ട് എന്ന് ഇന്നും ആലോചിക്കാറുണ്ട്!

സിയുസിന്റെ കൈയിലെ ടേപ് റെക്കോഡറിൽ ഞങ്ങൾ നോട്ടമിട്ടിരുന്നു.

അതിലിട്ടിരുന്ന ബാറ്ററി തീർന്നെന്ന് അവർ പറഞ്ഞ ദിവസം അതു സംഭവിച്ചു.

റൂമിന്റെ നടുക്ക് ഒരു സാദാ ബൾബ് ഞാന്നു​കിടപ്പുണ്ട്.. ഞാൻ മേശ വലിച്ചിട്ടു ബൾബ് ഹോൾഡറിൽനിന്ന് ഊരിയെടുത്തു. ശേഷം ടേപ് റെക്കോഡറിന്റെ വയറിനോട് കണക്ട് ചെയ്തു അതു പാടിപ്പിച്ചത് നാൽവർ കൂട്ടത്തിലെ സിനു ആയിരുന്നു...

ഞങ്ങൾ കിട്ടിയ ചാൻസ് പാട്ടിട്ടു തിമിർത്തു രസിച്ചു. റഷ്യക്കാരിയും കൂട്ടത്തിൽ കൂടി തകർത്തു. അന്ന് അസിസ്റ്റന്റ് വാർഡൻ ഞങ്ങളെ കൈയോടെ പിടികൂടി. റഷ്യൻ ചേച്ചി ഞങ്ങൾക്കുവേണ്ടി റെക്കമൻഡ് ചെയ്തതുകൊണ്ട് അന്നത് സീൻ ആകാതെ രക്ഷപ്പെട്ടു.

കാലമെത്ര കടന്നുപോയി! കഴിഞ്ഞ മാസം കോളജിൽ ഗെറ്റ് ടുഗെതർ സംഘടിപ്പിച്ചിരുന്നു. ഒളി മങ്ങാതെയിരുന്ന വെണ്മുത്തുകൾ ഓർമ വരമ്പിലൂടെ ചിതറി വീഴുന്നേരം ഒരിക്കൽക്കൂടി, ഒരിക്കൽക്കൂടി മാത്രം ആ വർണവസന്തലോകത്തിലെത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വ്യഥാ മോഹിച്ചു പോയി!

എഴുതിയത്: ശബ്നം ഷെറിൻ തിരൂർ, (ഫാറൂഖ് കോളജ് പൂർവ്വ വിദ്യാർഥി)


(കോളജിലെ എന്തെങ്കിലും സംഭവം, അനുഭവം നിങ്ങളെ സ്പർശിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത്​ ‘കുടുംബ’ത്തിലേക്ക്​ എഴുതി അയക്കൂ.

അടുത്ത ലക്കത്തിൽ വായിക്കാം...

whatsapp:

9645005018

kudumbam@madhyamam.com

എഡിറ്റർ, കുടുംബം മാഗസിൻ, മാധ്യമം, കോഴിക്കോട്-12 )

Tags:    
News Summary - madhyamam kudumbam campulse september 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.